Sanju Samson: ബേസില്‍ പറഞ്ഞതില്‍ കാര്യമുണ്ട്; ഒരു ബയോപിക്കിന് വേണ്ടതെല്ലാം സഞ്ജുവിന്റെ കരിയറിലുണ്ട്‌

Know how Sanju Samson's career lends itself to a biopic: സഞ്ജു സാംസണെക്കുറിച്ച് ഒരു ബയോപിക്ക് എടുത്താല്‍ വിജയിക്കുമോ? വിജയിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. കാരണം അതിനുള്ള സംഭവങ്ങളെല്ലാം സഞ്ജുവിന്റെ കരിയറില്‍ സംഭവിച്ചുകഴിഞ്ഞു.

Sanju Samson: ബേസില്‍ പറഞ്ഞതില്‍ കാര്യമുണ്ട്; ഒരു ബയോപിക്കിന് വേണ്ടതെല്ലാം സഞ്ജുവിന്റെ കരിയറിലുണ്ട്‌

സഞ്ജു സാംസൺ

Published: 

09 Mar 2026 | 02:31 PM

ക്രിക്കറ്റ് കരിയറില്‍ ഇനിയും സഞ്ജു സാംസണ് ഏറെ മുന്നേറാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റമാണ് സഞ്ജുവിന്റെ സ്വപ്നം. ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇനി ടി20 ടീമില്‍ സഞ്ജു ഏറെ നാള്‍ ഉണ്ടാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറ്റം കുറിച്ചിട്ട് 11 വര്‍ഷമായി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളാണ് സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായത്. സഞ്ജുവിന്റെ സുഹൃത്തും, സംവിധായകനുമായ ബേസില്‍ ജോസഫ് പറഞ്ഞതുപോലെ ഒരു ബയോപിക്കിനുള്ളതെല്ലാം സഞ്ജുവിന്റെ കരിയറിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ മാത്രം മതി സഞ്ജുവിനെക്കുറിച്ച് മനോഹരമായ ഒരു സിനിമയെടുക്കാന്‍.

2024-ലെ ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാനാകാതെ ബെഞ്ചില്‍ അവസരം കാത്തിരുന്ന സഞ്ജുവിന്റെ മുഖം ആരാധകര്‍ക്ക് മറക്കാനാകില്ല. എങ്കിലും കിരീടം നേടിയ ടീമില്‍ സഞ്ജുവുമുണ്ടായിരുന്നല്ലോ എന്നോര്‍ത്ത് ആരാധകര്‍ സന്തോഷിച്ചു. പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു കളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്നെണ്ണത്തില്‍ മാത്രമാണ് സഞ്ജു കളിച്ചത്. അവസാന മത്സരത്തില്‍ നാലാമനായി ബാറ്റിങിന് എത്തിയ സഞ്ജു അര്‍ധ സെഞ്ചുറി നേടി ടീമിന്റെ ടോപ് സ്‌കോററായി. പരമ്പര ഇന്ത്യ സ്വന്തമാക്കി.

കന്നി ടി20 സെഞ്ചുറി

തുടര്‍ന്ന് നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ കന്നി ടി20 സെഞ്ചുറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നേടിയത് രണ്ട് സെഞ്ചുറികള്‍. അങ്ങനെ 2024 സഞ്ജു സ്വന്തം പേരില്‍ അടയാളപ്പെടുത്തി. ടി20യില്‍ സഞ്ജു സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചെന്ന് ആരാധകരും കരുതി.

എന്നാല്‍ 2025-ല്‍ കഥ മാറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയായിരുന്നു ആ വര്‍ഷത്തെ ആദ്യ അസൈന്‍മെന്റ്. ഒരു മത്സരത്തിലും പോലും സഞ്ജുവിന് തിളങ്ങാനായില്ല. ഐപിഎല്ലിലും മികച്ച പ്രകടനം തുടരാനായില്ല. പരിക്കുകള്‍ സഞ്ജുവിനെ വലച്ച സീസണായിരുന്നു അത്.

തുടര്‍ന്ന് ഏഷ്യാ കപ്പ്. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി സ്‌ക്വാഡില്‍ ഇടം നേടിയതോടെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചു. കൃത്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാതെ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് അമ്മാനമാടി. എന്നിട്ടും ഏഷ്യാ കപ്പില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചു.

Also Read: Sanju Samson: സഞ്ജു ഫോണ്‍ വിളിക്കില്ല, കാലം കടന്നുപോയി എന്നാലും സംസാരിക്കില്ല: ചാരുലത

പിന്നീട് നടന്ന ഓസീസിനെതിരായ പരമ്പരയില്‍ പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായില്ല. കിട്ടിയ അവസരം മുതലാക്കാനുമായില്ല. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ വീണ്ടും പ്ലേയിങ് ഇലവനിലേക്ക്. ഓപ്പണറായുള്ള തിരിച്ചുവരവില്‍ അടിച്ചുകൂട്ടിയത് 22 പന്തില്‍ 37 റണ്‍സ്.

ഇതോടെ മോശം ഫോമിലായിരുന്ന ഗില്ലിനെ തഴഞ്ഞ്, സഞ്ജു ടി20 സ്‌ക്വാഡിലേക്ക്. പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവും, ബാക്കപ്പായി ഇഷാന്‍ കിഷനും അങ്ങനെ സ്‌ക്വാഡിലെത്തുന്നു. പക്ഷേ, തൊട്ടുപിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

പതനം

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ കളികളിലും അവസരം ലഭിച്ചിട്ടും സഞ്ജു നിരാശപ്പെടുത്തി. അവസാന മത്സരം നടന്ന കാര്യവട്ടത്ത് സഞ്ജുവിന് കീപ്പര്‍ സ്ഥാനവും നഷ്ടമായി. വിക്കറ്റ് കീപ്പിങിന് എത്തിയ സഞ്ജു ഗ്ലൗസ് അഴിച്ചുവെച്ച് ദുഃഖഭാവത്തോടെ ബൗണ്ടറി ലൈനിന് അരികിലേക്ക് ഫീല്‍ഡ് ചെയ്യാനെത്തുന്ന ദൃശ്യങ്ങള്‍ നൊമ്പരത്തോടെയാണ് ആരാധകരും കണ്ടത്.

സഞ്ജു ലോകകപ്പില്‍ കളിക്കില്ലെന്ന് അന്നേ പലരും ഉറപ്പിച്ചു. ബാക്കപ്പായെത്തിയ ഇഷാന്‍ കിഷന്‍ കീവിസിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ ലോകകപ്പിലെ പ്രധാന വിക്കറ്റ് കീപ്പറാവുമെന്നും കരുതി. ആ ധാരണകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ലോകകപ്പ് ആരംഭിച്ചത്.

ഇഷാന്‍ പ്രധാന കീപ്പറായി ഗ്രൗണ്ടില്‍, സഞ്ജു ബെഞ്ചില്‍; ഇതായിരുന്നു ആദ്യ മത്സരങ്ങളിലെ അവസ്ഥ. അഭിഷേക് ശര്‍മയുടെ ആരോഗ്യപ്രശ്‌നം മൂലം നമീബിയക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചതു മാത്രമായിരുന്നു അപവാദം. എട്ട് പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു മോശമാക്കിയില്ല. എങ്കിലും തൊട്ടടുത്ത മത്സരം മുതല്‍ അഭിഷേക് തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ബെഞ്ചിലായി.

സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയാണ് സഞ്ജുവിന് വഴിത്തിരിവാകുന്നത്. അന്ന് ഏറെ നിരാശയോടെയാണ് ആരാധകര്‍ ആ തോല്‍വിയെ വീക്ഷിച്ചിരുന്നതെങ്കില്‍, ഇന്ന് ആ പരാജയത്തിന് സഞ്ജുവിനെ സ്‌നേഹിക്കുന്നവര്‍ നന്ദി പറഞ്ഞുപോകും.

ടോപ് ഓര്‍ഡറിലെ ഇടതു ബാറ്റര്‍മാരുടെ ആധിക്യത്തെക്കുറിച്ച് ടീം മാനേജ്‌മെന്റ് തിരിച്ചറിയാനും, വലംകൈയ്യന്‍ ബാറ്ററായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനും പിന്നിലെ ഏക കാരണം ആ പരാജയം മാത്രമായിരുന്നു. അന്ന് ഒരുപക്ഷേ, ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ സഞ്ജുവിനെ പിന്നീട് ഒരു അവസരം ലഭിക്കുമായിരുന്നോയെന്ന് സംശയമാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടുമായിരുന്നോയെന്നതാണ് മറ്റൊരു ചോദ്യം.

തിരിച്ചുവരവ്‌

എന്തായാലും, പ്രോട്ടീസിനെതിരായ തോല്‍വിയോടെ ഇന്ത്യ പ്ലേയിങ് ഇലവന്‍ പൊളിച്ചഴുതി. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരായി. ഇഷാന്‍ കിഷന്‍ വണ്‍ ഡൗണുമായി. റിങ്കു സിങ് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായത് മാത്രമായിരുന്നു ദുഃഖം. കാര്യവട്ടത്ത് അഴിച്ചുവച്ച വിക്കറ്റ് കീപ്പിങ് ഗ്ലൗസ് വീണ്ടും സഞ്ജുവിന്റെ കൈയ്യിലെത്തി, കാലം സഞ്ജുവിനായി കാത്തുവച്ച മനോഹരമായ നീതി പോലെ.

വലിയ സ്‌കോറുകള്‍ നേടുന്നതില്‍ വീണ്ടും പരാജയപ്പെട്ടെങ്കിലും 15 പന്തില്‍ 24 റണ്‍സ് നേടിയ സഞ്ജു, ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ വിജയിച്ചു. പോരായ്മകളെല്ലാം പരിഹരിച്ച് ഇന്ത്യ അവതരിപ്പിച്ച ആ പ്ലേയിങ് ഇലവന്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം മുതലാണ് സഞ്ജുവിന്റെ കഥ ആരംഭിക്കുന്നത്. പുറത്താകാതെ 50 പന്തില്‍ 97 റണ്‍സുമായി സഞ്ജു ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു ആദ്യമായി പുറത്തെടുക്കുന്ന മാച്ച് വിന്നിങ് പെര്‍ഫോമന്‍സ്.

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ നേടിയത് 42 പന്തില്‍ 89 റണ്‍സ്. ആ രണ്ട് കളികളിലും സഞ്ജുവായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഇതോടെ ടൂര്‍ണമെന്റിലെ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജുവും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ഫൈനലിലും സഞ്ജു അര്‍ധ ശതകം കടന്നതോടെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്‘ ആരായിരിക്കുമെന്നതിലെ സസ്‌പെന്‍സുകള്‍ പൊളിഞ്ഞു. 46 പന്തില്‍ 89 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവായിരുന്നു ഫൈനലിലെയും ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റിലെ 50 ശതമാനം മത്സരങ്ങളില്‍ മാത്രം കളിച്ചുകൊണ്ടാണ് സഞ്ജു ലോകകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഓര്‍ക്കണം.

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന് പോലും അവ്യക്തമായ സാഹചര്യത്തില്‍ നിന്നാണ് സഞ്ജു ശക്തമായ തിരിച്ചുവരവ്. പതനം, നിരാശ, പരിശ്രമം, ശക്തമായ തിരിച്ചുവരവ് തുടങ്ങിയവയാണ് ഒരു ബയോപിക്കിന്റെ മനോഹരമായ ചേരുവകള്‍. ഇതെല്ലാം ഒത്തിണങ്ങിയതാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ സഞ്ജുവിന്റെ കരിയര്‍.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്