Suryakumar Yadav: ‘ബൗണ്ടറി ലൈനിലെ റോപ്പ് കുറച്ച് നീക്കിയിട്ടിരുന്നു’; സൂര്യകുമാർ യാദവിൻ്റെ ക്യാച്ചിൽ വെളിപ്പെടുത്തലുമായി റായുഡു
Ambati Rayudu About Suryakumar Yadav Catch: ടി20 ഫൈനലിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് നീങ്ങിക്കിടക്കുകയായിരുന്നു എന്ന് അമ്പാട്ടി റായുഡു. അൺഫിൽറ്റേർഡ് പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തൽ.
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ കിരീടം നേടിയതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് സൂര്യകുമാർ യാദവിൻ്റെ ക്യാച്ചായിരുന്നു. ബൗണ്ടറിയിലേക്ക് ചാടി തിരികെവന്ന് എടുത്ത തകർപ്പൻ ക്യാച്ച് അന്ന് തന്നെ ചർച്ചകൾക്ക് തുടക്കമിട്ടു. സൂര്യ ബൗണ്ടറി റോപ്പിൽ തൊട്ടെന്നും റോപ്പ് നീങ്ങിക്കിടക്കുകയായിരുന്നു എന്നും വാദങ്ങളുയർന്നു. ഈ വിഷയത്തിൽ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.
അൺഫിൽറ്റേർഡ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരത്തിൻ്റെ പ്രതികരണം. ബൗണ്ടറി ലൈനിലെ റോപ്പ് കുറച്ച് നീക്കിയിട്ടിരുന്നു എന്നാണ് റായുഡു പറഞ്ഞത്. “വേൾഡ് ഫീഡിനായുള്ള കമൻ്റേറ്റർമാരുണ്ട്. ഇടവേളയിൽ എന്താണ് സംഭവിക്കുന്നതെന്നാൽ, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ബ്രോഡ്കാസ്റ്റർമാരെ അറിയിക്കാൻ ഒരു കസേരയും സ്ക്രീനും വച്ച് സ്ഥാപിക്കാറുണ്ട്. ആ സമയത്ത് അവർ അവിടത്തെ റോപ്പ് കുറച്ച് പിന്നിലേക്ക് നീക്കിയിരുന്നു. അത് അങ്ങനെ തന്നെ സൂക്ഷിച്ചു. അങ്ങനെയാണ് ബൗണ്ടറി നമുക്ക് കുറച്ച് വലുതായത്.”- റായുഡു പറഞ്ഞു.
Also Read: Asia Cup 2025: പണി കിട്ടി, ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകും; തിരിച്ചടിയായത് ഈ പ്രശ്‌നം
“ഞങ്ങൾ കമൻ്റേറ്റർമാർക്ക് അത് മുകളിൽ നിന്ന് കാണാമായിരുന്നു. അത് ദൈവത്തിൻ്റെ പദ്ധതിയായിരുന്നു. ബൗണ്ടറി റോപ്പ് കൃത്യമായിരുന്നെങ്കിൽ അത് സിക്സ് ആകുമായിരുന്നോ എന്നറിയില്ല. റോപ്പ് ശരിയായ ഇടത്താണ് കിടന്നതെങ്കിൽ സൂര്യക്ക് അകത്തുനിന്ന് ഓടേണ്ടിവന്നേനെ. പക്ഷേ, അതൊരു ക്ലീൻ ക്യാച്ചായിരുന്നു. ദൈവം നമുക്കൊപ്പമുണ്ടായിരുന്നു.”- റായുഡു പ്രതികരിച്ചു.
ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയാണ് സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയത്. 17 പന്തിൽ 21 റൺസെന്ന നിലയിൽ നിൽക്കെ മില്ലർ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റായിരുന്നു അത്. 161ന് മില്ലർ വീണതോടെ ദക്ഷിണാഫ്രിക്ക 169 റൺസിന് ഓൾഔട്ടായി. ഏഴ് റൺസ് വിജയത്തോടെ ഇന്ത്യ ലോകകപ്പ് നേടികയും ചെയ്തു. ഇന്ത്യക്കായി വിരാട് കോലിയും (76) ദക്ഷിണാഫ്രിക്കക്കായി ഹെയ്ൻറിച് ക്ലാസനും (52) തിളങ്ങി.