Asia Cup 2025: ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവിന് ഇടം; വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ
Sanju Samson In Asia Cup: ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടം നേടിയപ്പോൾ ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ.
ഇക്കൊല്ലത്തെ ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ശ്രേയാസ് അയ്യർക്ക് ഇടം ലഭിച്ചില്ല.
ആദ്യ റിപ്പോർട്ടുകളിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലേക്കെത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് താരത്തെ പരിഗണിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശ്രേയാസ് അയ്യർ ടീമിൽ തിരികെ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായി. എന്നാൽ, അതൊക്കെ ടീം പ്രഖ്യാപനത്തിൽ അസ്ഥാനത്തായി.
മുംബൈയിലെ മോശം കാലാവസ്ഥ മൂലം വൈകിയാണ് ടീം സെലക്ഷൻ ചർച്ച ആരംഭിച്ചത്. എന്നാൽ, ഏറെ വൈകാതെ തന്നെ ടീം പ്രഖ്യാപനം നടന്നു. സൂര്യകുമാർ യാദവ് ക്യാപ്റ്റനായി തുടർന്നപ്പോൾ കഴിഞ്ഞ പരമ്പരയിലെ വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ മാറ്റി ശുഭ്മൻ ഗില്ലിന് ആ സ്ഥാനം നൽകി. ഗൗതം ഗംഭീറിൻ്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ സങ്കല്പത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ് ഇത് കണക്കാക്കുന്നത്. ശ്രേയാസ് അയ്യരെ തഴഞ്ഞപ്പോൾ ജസ്പ്രീത് ബുംറ തിരികെയെത്തി. ഹർഷിത് റാണ, ശിവം ദുബെ തുടങ്ങിയവർ ടീമിൽ ഇടം നിലനിർത്തി. ഏഷ്യാ കപ്പിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണെന്നാണ് അഭ്യൂഹങ്ങൾ. ഇതിൽ സ്ഥിരീകരണമില്ല.
സെപ്തംബർ 9നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. സെപ്തംബർ 28ന് ഫൈനൽ മത്സരം നടക്കും. പാകിസ്താൻ, യുഎഇ, ഒമാൻ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മൻ, ഗിൽ, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേശ് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ്