T20 World Cup 2026: ടി20 ലോകകപ്പിന് യോഗ്യത നേടി കാനഡ; ലോകകപ്പ് കളിക്കുന്ന 13ആമത്തെ രാജ്യം
Canda Qualifies For T20 WC 2026: 2026 ടി20 ലോകകപ്പിൽ കാനഡയും കളിക്കും. ലോകകപ്പിൽ കളിക്കുന്ന 13ആമത്തെ രാജ്യമാണ് കാനഡ. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയർ.
അടുത്ത വർഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടി കാനഡ. അമേരിക്ക പ്രാദേശിക മത്സരത്തിൽ ബഹാമസിനെതിരെ നേടിയ ഏഴ് വിക്കറ്റ് ജയത്തോടെയാണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ ടി20 ലോകകപ്പിന് യോഗ്യത നേടുന്ന 13മാത്തെ രാജ്യമായി കാനഡ മാറി. ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
നാല് ടീമുകളാണ് അമേരിക്ക ക്വാളിഫയറിൽ കളിച്ചത്. യോഗ്യതാഘട്ടത്തിലെ ആറ് മത്സരങ്ങളും വിജയിക്കാൻ കാനഡയ്ക്ക് സാധിച്ചു. അവസാന മത്സരത്തിലെ ഫലം എന്തുതന്നെയായാലും കാനഡ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും. ഇത് രണ്ടാം തവണയാണ് കാനഡ ടി20 ലോകകപ്പ് യോഗ്യത നേടുന്നത്.
20 രാജ്യങ്ങളാണ് 2026 ടി20 ലോകകപ്പിൽ കളിക്കുക. ആകെ 55 മത്സരങ്ങളുണ്ടാവും. ഗ്രൂപ്പ് ഘട്ടവും പിന്നെ ഒരു സൂപ്പർ എട്ട് ഘട്ടവും ഒരു നോക്കൗട്ട് ഘട്ടവുമാണ് ലോകകപ്പിൽ ഉണ്ടാവുക. ആദ്യം ശ്രീലങ്കയ്ക്ക് മാത്രമായിരുന്നു ആതിഥേയവകാശമെങ്കിലും ടൂർണമെൻ്റ് വിശാലമാക്കിയതും ശ്രീലങ്കയിൽ മതിയായ സ്റ്റേഡിയങ്ങൾ ഇല്ലാത്തതും കണക്കിലെടുത്ത് ഇന്ത്യയെക്കൂടി ആതിഥേയരാക്കുകയായിരുന്നു. ഇന്ത്യ- പാകിസ്താൻ മത്സരങ്ങൾ ശ്രീലങ്കയിലാവും നടക്കുക.




2026 ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാവും ടി20 ലോകകപ്പ് നടക്കുക. അഞ്ച് ടീമുകൾ അടങ്ങുന്ന നാല് ഗ്രൂപ്പുകളാവും ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 10 മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകൾ വീതം സൂപ്പർ എട്ടിലെത്തും. ഈ ടീമുകൾ നാലെണ്ണം വീതം രണ്ട് ഗ്രൂപ്പുകളായി തിരിയും. ഓരോ ഗ്രൂപ്പിലും ആറ് മത്സരങ്ങൾ വീതമുണ്ടാവും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലെത്തും. രണ്ട് സെമി ഫൈനൽ മത്സരങ്ങളും ഫൈനലുമാണ് നോക്കൗട്ട് ഘട്ടത്തിലുള്ളത്. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.