IPL 2025: കിരീട വിജയാഘോഷങ്ങളിൽ സ്വീകരിക്കേണ്ട പത്ത് മുന്നൊരുക്കങ്ങൾ; ബെംഗളൂരു ദുരന്തത്തിന് പിന്നാലെ ബിസിസിഐ നിർദ്ദേശം
BCCI To Impose 10 Point Guidelines For IPL Celebrations: ഐപിഎൽ കിരീടാഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പത്ത് മുന്നൊരുക്കങ്ങൾ നിർദ്ദേശിച്ച് ബിസിസിഐ. ആർസിബിയുടെ ഐപിഎൽ കിരീടനേട്ടവുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തത്തിന് പിന്നാലെയണ് നടപടി.
ഐപിഎൽ കിരീട വിജയാഘോഷ പരിപാടികൾ സ്വീകരിക്കേണ്ട പത്ത് മുന്നൊരുക്കങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് ബിസിസിഐയുടെ നിർദ്ദേശം. ഇത്തരം വിജയാഘോഷ പരിപാടികളിൽ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെപ്പറ്റി കൃത്യമായ നിർദ്ദേശം നൽകുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയാണ് നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.
ബിസിസിഐ പുറത്തുവിട്ട നിർദ്ദേശങ്ങൾ
1. കിരീടം നേടിയതിന് 3-4 ദിവസങ്ങൾക്കുള്ളിൽ വിജയാഘോഷം നടത്താൻ അനുവാദമുണ്ടായിരിക്കില്ല.
2. വേഗത്തിലുള്ള ടേൺ എറൗണ്ടുകൾ അനുവദിക്കില്ല.
3. ഏത് തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപും ബിസിസിഐയിൽ നിന്ന് ടീമുകൾ അനുവാദം വാങ്ങണം.
4. ബോർഡിൽ നിന്ന് രേഖാമൂലമുള്ള ക്ലിയറൻസ് ലഭിക്കാതെ ഒരു പരിപാടിയും സംഘടിപ്പിക്കരുത്.
5. 4-5 ടയർ സുരക്ഷ നിർബന്ധമായും ഒരുക്കണം.
6. ടീമുകൾ യാത്ര ചെയ്യുന്ന അവസരങ്ങളിൽ എല്ലാ വേദികളിലും വിവിധ തലത്തിലുള്ള സുരക്ഷയൊരുക്കണം.
7. വിമാനത്താവണത്തിൽ നിന്ന് പരിപാടി നടത്തുന്ന ഇടത്തേയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
8. പരിപാടിയിലുടനീളം താരങ്ങൾക്കും മറ്റ് സ്റ്റാഫുകൾക്കും മുഴുവൻ സമയ സുരക്ഷ ഉണ്ടാവണം.
9. ജില്ലാ പോലീസ്, സംസ്ഥാന സർക്കാർ, മറ്റ് പ്രാദേശിക അധികൃതർ എന്നിവരിൽ നിന്നും അനുവാദം വാങ്ങണം.
10. ഭരണകൂടവും നിയമസംവിധാനവും അനുവാദം നൽകുന്ന ആഘോഷങ്ങൾ മാത്രമേ നടത്താവൂ.




ജൂൺ നാലിന് നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷ ചടങ്ങിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കും പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഭാരവാഹികൾക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.