AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

Scotland Replaces Bangladesh: ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് തന്നെ ടി20 ലോകകപ്പിൽ കളിക്കും. ഇക്കാര്യം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

T20 World Cup 2026: ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി
സ്കോട്ട്ലൻഡ് ക്രിക്കറ്റ്Image Credit source: Scotland Cricket X
Abdul Basith
Abdul Basith | Published: 24 Jan 2026 | 08:54 PM

ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ടി20 ലോകകപ്പ് കളിക്കും. ഇക്കാര്യം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗ്ലാദേശിന് സ്കോട്ട്ലൻഡ് പകരക്കാരാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ഐസിസി തന്നെ വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.

തീരുമാനിച്ചതിനനുസരിച്ച് കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിനാലാണ് സ്കോട്ട്ലൻഡിനെ പകരക്കാരാക്കുന്നതെന്ന് ഐസിസി പറഞ്ഞു. ബംഗ്ലാദേശ് ഉൾപ്പെട്ടിരുന്ന ഗ്രൂപ്പ് സിയിൽ തന്നെ സ്കോട്ട്ലൻഡ് കളിക്കും. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. ടീമിന് ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ബോധ്യമായതിന് പിന്നാലെ ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ഐസിസി നിലപാടെടുത്തിരുന്നു എന്നും ഐസിസി വ്യക്തമാക്കി.

Also Read: Sanju Samson: ടിക്കറ്റ് വില്പനയിൽ റെക്കോർഡ്; പക്ഷേ, കാര്യവട്ടത്ത് സഞ്ജു പുറത്തിരിക്കുമോ?

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉയർത്തിയ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസിയുടെ തീരുമാനം. മൂന്ന് ആഴ്ചയിലധികം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ഐസിസി പലതവണ ചർച്ചനടത്തി. ബിസിബി ഉയർത്തിയ ആരോപണങ്ങൾ പരിശോധിച്ചു. ടൂർണമെൻ്റിൽ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ബോർഡിനെ പലതവണ ബോധ്യപ്പെടുത്തി. അതുകൊണ്ട് പ്രസിദ്ധപ്പെടുത്തിയ വേദികൾ മാറ്റുന്നത് അനുചിതമാണെന്ന് ഐസിസി കരുതുന്നു.

ടി20 ലോകകപ്പ് യോഗ്യത നഷ്ടമായവരിൽ അടുത്ത ഉയർന്ന റാങ്കുകാരാണ് സ്കോട്ട്ലൻഡ്. നിലവിൽ 14ആം റാങ്കിലാണ് അവർ. ടൂർണമെൻ്റിന് യോഗ്യത നേടിയ നമീബിയ, യുഎഇ, നേപ്പാൾ, യുഎസ്എ, കാനഡ, ഒമാൻ, ഇറ്റലി എന്നീ ടീമുകളെക്കാൾ മികച്ച റാങ്കാണ് സ്കോട്ട്ലൻഡിൻ്റേത്.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ടൂർണമെൻ്റ് അവസാനിക്കും. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ. ആകെ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ലോകകപ്പ് കളിക്കുക. സഹ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ശ്രീലങ്കയാണ് ഇന്ത്യക്കൊപ്പം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.