India W vs Australia W: പെറിയും, ഗാര്‍ഡ്‌നറും തകര്‍ത്തടിച്ചു, ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണുടഞ്ഞു
India Women Eliminated from T20 World Cup: വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ കീഴടക്കിയതോടെ, ഓസീസിനെ തോല്‍പിച്ചാല്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് സെമി സാധ്യതകള്‍ ഉണ്ടായിരുന്നത്.

India W vs Australia W
വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ കീഴടക്കിയതോടെ, ഓസീസിനെ തോല്‍പിച്ചാല്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് സെമി സാധ്യതകള്‍ ഉണ്ടായിരുന്നത്. കരുത്തരായ ഓസീസിനെതിരെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഒടുവില്‍ തോല്‍വി വഴങ്ങി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 170 റണ്‍സെടുത്തു. നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഓസീസ് വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ എല്ലിസ് പെറിയുടെയും, ആഷ്‌ലീ ഗാര്‍ഡ്‌നറുടെയും പ്രകടനമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും, ഷഫാലി വര്‍മ്മയും ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി 66 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 26 പന്തില്‍ 34 റണ്‍സെടുത്ത ഷഫാലിയാണ് ആദ്യം പുറത്തായത്. ഓസീസ് ക്യാപ്റ്റന്‍ സോഫി മോളിനക്സ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
വണ്‍ ഡൗണായി ജെമിമ റോഡ്രിഗസാണ് ക്രീസിലെത്തിയത്. ജെമിമയും, സ്മൃതിയും വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ സ്മൃതി പുറത്തായത് തിരിച്ചടിയായി. 37 പന്തില്‍ 38 റണ്‍സാണ് സ്മൃതി മന്ദാന നേടിയത്.
മൂന്നാം വിക്കറ്റില്‍ ജെമിമയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കരുതലോടെ ബാറ്റ് ചെയ്തു. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതിരിക്കുന്നതില്‍ ഇരുവരും വിജയിച്ചെങ്കിലും സ്‌കോറിങിന് വേഗത കുറവായിരുന്നു.
അവസാന ഓവറുകളില്‍ ‘വെടിക്കെട്ട്’
മത്സരം അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ വമ്പനടികള്‍ക്ക് പേരുകേട്ട റിച്ച ഘോഷിനെ ക്രീസിലെത്തിക്കാന്‍ ജെമിമ റിട്ടയേര്‍ഡ് ഔട്ടായി. 28 പന്തില്‍ 34 റണ്‍സാണ് ജെമിമ നേടിയത്. എന്നാല്‍ ഇതിനിടെ ബാറ്റിങിന്റെ ‘ഗിയര്‍’ മാറ്റിയ ഹര്‍മന്‍പ്രീത് തകര്‍പ്പനടികളുമായി കളം നിറഞ്ഞു.
കിടിലന്‍ മൂന്ന് സിക്‌സറുകളാണ് ഹര്‍മന്‍പ്രീത് പായിച്ചത്. 27 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. ഒരു പന്ത് മാത്രം നേരിട്ട റിച്ച ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി നേടി ദീപ്തി ശര്‍മ ഇന്ത്യയുടെ സ്‌കോര്‍ 170-ലെത്തിച്ചു. ഓസീസ് ബൗളര്‍മാരില്‍ സോഫി മോളിനക്‌സിന് (രണ്ട് വിക്കറ്റ്) മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്.
മൈറ്റി ഓസീസ്
ചേസിങിന് ഇറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ രേണുക സിങ് ആദ്യ പ്രഹരം സമ്മാനിച്ചു. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജിയ വോളിനെ രേണുക സിങ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബേത്ത് മൂണിയും, ഫീബ് ലിച്ച്ഫീല്‍ഡും ചേര്‍ന്ന് തുടക്കത്തില്‍ നേരിട്ട ആഘാതത്തില്‍ നിന്ന് ഓസീസിനെ കരകയറ്റി. 50 റണ്‍സാണ് ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്ക് ലഭിച്ചത്. 25 പന്തില്‍ 24 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡിനെ ശ്രീ ചരണിയും, 20 പന്തില്‍ 22 റണ്‍സെടുത്ത ബേത്ത് മൂണിയെ ദീപ്തി ശര്‍മയും പുറത്താക്കി.
എന്നാല്‍ എല്ലിസ് പെറിയും, ആഷ്‌ലീ ഗാര്‍ഡ്‌നറും എത്തിയതോടെ ഓസീസിന്റെ സ്‌കോറിങ് കുതിച്ചുയര്‍ന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. 38 പന്തില്‍ 56 റണ്‍സെടുത്ത പെറിയെ ശ്രീ ചരണി പുറത്താക്കി. 29 പന്തില്‍ 53 റണ്‍സെടുത്ത് ആഷ്‌ലീ ഗാര്‍ഡ്‌നറും, രണ്ടു പന്തില്‍ നാലു റണ്‍സെടുത്ത ജോര്‍ജിയ വെയര്‍ഹാമും പുറത്താകാതെ നിന്നു.
English Summary
India Women were knocked out of the T20 World Cup after a 6-wicket loss to Australia. Batting first, India scored 170/4 in 20 overs, powered by captain Harmanpreet Kaur’s quick 56. Openers Smriti Mandhana (38) and Shafali Verma (34) also gave India a solid start. However, Australia chased down the target in 19 overs with fifties from Ellyse Perry and Ashleigh Gardner.