India vs Ireland: ഇന്ന് ആരെയാണോ കണി കണ്ടത്? ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരി അയര്‍ലന്‍ഡ്
India Vs Ireland 2nd T20I: ഇതാദ്യമായാണ് ഇന്ത്യയ്‌ക്കെതിരായ ടി29 പരമ്പര അയര്‍ലന്‍ഡ് സ്വന്തമാക്കുന്നത്. രണ്ടാം ടി20യില്‍ വെറും ഒരു റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ന് ദുഃഖരാത്രി! വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ, അയര്‍ലന്‍ഡിനെതിരായ പരമ്പര പുരുഷ ടീം അടിയറവ് വെച്ചു. ഇതാദ്യമായാണ് ഇന്ത്യയ്‌ക്കെതിരായ ടി29 പരമ്പര അയര്‍ലന്‍ഡ് സ്വന്തമാക്കുന്നത്. രണ്ടാം ടി20യില്‍ വെറും ഒരു റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 46 പന്തില്‍ 55 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. എന്നാല്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശാന്‍ തിലകിനും സാധിച്ചില്ല.
തകര്‍ച്ചയോടെയായിരുന്നു അയര്‍ലന്‍ഡിന്റെ തുടക്കം. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ടിം ടെക്ടറിനെ രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ പുറത്താക്കി. തൊട്ടുപിന്നാലെ ഏഴു പന്തില്‍ 16 റണ്‍സെടുത്ത റോസ് അഡയറും മടങ്ങി. 18 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറിനെ അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവ് പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഹാരി ടെക്ടറും, ബെന്‍ കാലിറ്റ്‌സും ചേര്‍ന്ന് അയര്‍ലന്‍ഡിനെ കര കയറ്റി.
മൂന്നിന് 48 എന്ന നിലയില്‍ ഒത്തുച്ചേര്‍ന്ന ഇരുവരും അയര്‍ലന്‍ഡിന്റെ സ്‌കോര്‍ 113-ല്‍ എത്തിച്ചതിന് ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ 37 റണ്‍സെടുത്ത കാലിറ്റ്‌സിനെ പുറത്താക്കി ശിവം ദുബെയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തൊട്ടടുത്ത പന്തില്‍ ഗാരെത്ത് ഡെലാനിയെ ഗോള്‍ഡന്‍ ഡക്കാക്കി ദുബെ അയര്‍ലന്‍ഡിന് ഇരട്ടപ്രഹരം സമ്മാനിച്ചു. 14 പന്തില്‍ 19 റണ്‍സെടുത്ത ജോര്‍ഡ് ഡോക്രലിനെ അര്‍ഷ്ദീപ് മടക്കി. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ ഹാരി ടെക്ടര്‍ ഹാരി ടെക്ടര്‍ അവസാന ഓവറിലെ നാലാം പന്തിലാണ് മടങ്ങിയത്.
അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോററായ 47 പന്തില്‍ 53 റണ്‍സെടുത്തു. പ്രിന്‍സ് യാദവാണ് താരത്തെ പുറത്താക്കിയത്. നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത ലിയം മക്കാര്‍ത്തിയെയും പ്രിന്‍സ് യാദവ് വീഴ്ത്തി. ഒരു പന്തില്‍ ഒരു റണ്‍സുമായി ജയ് മൂദ്ര പുറത്താകാതെ നിന്നു.
ഓപ്പണര്‍മാര്‍ ഗോള്‍ഡന്‍ ഡക്ക്
ഇന്ത്യയുടെ തുടക്കവും നിരാശജനകമായിരുന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഗോള്‍ഡന്‍ ഡക്കായി. ജയ് മൂന്ദ്രയ്ക്കായിരുന്നു വിക്കറ്റ്. രണ്ടക്കം കടന്നെങ്കിലും ഇഷാന്‍ കിഷനും, ശ്രേയസ് അയ്യര്‍ക്കും തിളങ്ങാനായില്ല. 11 പന്തില്‍ 12 റണ്‍സെടുത്ത ഇഷാന്‍ റണ്ണൗട്ടായി. ഏഴു പന്തില്‍ 10 റണ്‍സെടുത്ത ശ്രേയസിനെ മൂന്ദ്ര പുറത്താക്കി.
പിന്നീട് തിലക്-അക്‌സര്‍ പട്ടേല്‍ സഖ്യം ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും സ്‌കോറിങ് വേഗത കുറവായിരുന്നു. 10 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍ഷിത് റാണ മാത്രമാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഏക താരം. ശിവം ദുബെ-16 പന്തില്‍ 20. സൂര്യാന്‍ഷ് ഷെഡ്‌ഗെ-അഞ്ച് പന്തില്‍ ഒന്ന്, അര്‍ഷ്ദീപ് സിങ്-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, പ്രിന്‍സ് യാദവ്-ഒരു പന്തില്‍ 6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ആദ്യ ടി20യില്‍ ആതിഥേയര്‍ ഇന്ത്യ 34 റണ്‍സിന് തോല്‍പിച്ചിരുന്നു. ജൂണ്‍ 26-ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ 9 വിക്കറ്റിന് 182 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 18.5 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ഒന്നിന് നടക്കും. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
English Summary
India suffered a heartbreaking 1-run defeat against Ireland in the second T20I, handing the hosts a historic series sweep. Batting first, Ireland posted 154/8 on the board, highlighted by Harry Tector’s steady knock of 53 runs. India’s chase got off to a disastrous start as both openers, Sanju Samson and Abhishek Sharma, fell for golden ducks. Despite Tilak Varma’s fighting 55, India fell agonizingly short, finishing at 153/9 in their 20 overs.