Womens T20 World Cup 2026: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ; കളി ജൂൺ 14ന്
Indian vs Pakistan Womens T20 World Cup: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം 2026 ജൂൺ 14ന്. എഡ്ജ്ബാസ്റ്റൺ ആണ് വേദി.

2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ. അടുത്ത വർഷം ജൂൺ 14ന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ വച്ചാണ് മത്സരം. ലോകകപ്പിൻ്റെ മത്സരക്രമം ഐസിസിയും ഇംഗ്ലണ്ട് ആൻഡ് വെയിസ് ക്രിക്കറ്റ് ബോർഡും പുറത്തുവിട്ടു. 12 ടീമുകൾ പരസ്പരം മത്സരിക്കുന്ന ലോകകപ്പ് ജൂൺ 12ന് ആരംഭിക്കും.
24 ദിവസമാണ് ലോകകപ്പ് നീണ്ടുനിൽക്കുക. ജൂൺ 12ന് ആരംഭിക്കുന്ന ലോകകപ്പ് ജൂലായ് അഞ്ചിന് അവസാനിക്കും. ഇംഗ്ലണ്ടിലെ ഏഴ് വേദികളിലായി ആകെ 33 മത്സരങ്ങളാണ് നടക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ മത്സരവും എഡ്ജ്ബാസ്റ്റണിൽ വച്ചാണ്. ഹാംപ്ഷയർ ബോൾ, ഹെഡിങ്ലി, ഓൾഡ് ട്രാഫോർഡ്, ദി ഓവൽ, ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ട്, ലോർഡ്സ് എന്നീ വേദികളിൽ മറ്റ് മത്സരങ്ങൾ നടക്കും.




ജൂൺ 30നും ജൂലായ് രണ്ടിനുമാണ് സെമിഫൈനലുകൾ. രണ്ട് സെമിഫൈനലുകളും ദി ഓവലിൽ വച്ചാണ് നടക്കുക. ജൂലായ് അഞ്ചിന് ലോർഡ്സിൽ വച്ച് ഫൈനൽ മത്സരം നടക്കും. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകൾ കളിക്കുക. ആകെ 12 ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ ആറ് തവണ ജേതാക്കളായ ഓസ്ട്രേലിയ, കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്ക എന്നിവർക്കൊപ്പം ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകളും ഒപ്പം രണ്ട് ക്വാളിഫയിങ് ടീമുകളും കളിക്കും. ഗ്രൂപ്പ് രണ്ടിൽ നിലവിലെ ജേതാക്കളായ ന്യൂസീലൻഡും ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും രണ്ട് ക്വാളിഫയിങ് ടീമുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമി കളിക്കും. സെമിയിൽ വിജയിക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും.