Year Ender 2025: ചാമ്പ്യൻസ് ട്രോഫി, വനിതാ ലോകകപ്പ്, അന്ധ ലോകകപ്പ്: ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഔന്നത്യം കണ്ട 2025
Indian Crickets Best Year 2025: ചാമ്പ്യൻസ് ട്രോഫി മുതൽ അന്ധ വനിതാ ടി20 ലോകകപ്പ് വരെ ഇന്ത്യ സ്വന്തമാക്കിയ വർഷമാണ് 2025. ഒരുപക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഏറ്റവും നല്ല വർഷം.
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഔന്നത്യം കണ്ട വർഷമാണ് 2025. ചാമ്പ്യൻസ് ട്രോഫി മുതൽ വനിതാ ലോകകപ്പ് വരെ ഇക്കൊല്ലം ഇന്ത്യ തന്നെ ലോക ക്രിക്കറ്റ് ഭരിച്ചു. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നടന്ന ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി യാത്ര തുടങ്ങിയ ഇന്ത്യ പിന്നീട് ഏഷ്യാ കപ്പും വനിതാ ലോകകപ്പും അന്ധ വനിതാ ടി20 ലോകകപ്പും നേടി 2025 പൂർത്തിയാക്കി.
കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലേക്ക് പാഡ് കെട്ടിയത്. രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് വീഴ്ത്തി ടൂർണമെൻ്റ് ആരംഭിച്ചു. പാകിസ്താനെയും ഇന്ത്യ വീഴ്ത്തിയത് ആറ് വിക്കറ്റിന്. ന്യൂസീലൻഡിനെ 44 റൺസിന് തോല്പിച്ച് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിൽ. സെമിയിൽ ഓസ്ട്രേലിയ നാല് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യ ഫൈനലിൽ ന്യൂസീലൻഡിനെ നാല് വിക്കറ്റിന് തോല്പിച്ച് അപരാജിതരായി ജേതാക്കളായി.
ഏഷ്യാ കപ്പിലും ഇന്ത്യൻ തേരോട്ടം ആധികാരികമായിരുന്നു. 9 വിക്കറ്റിന് യുഎഇയെ തോല്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിന് തുരത്തി. ഒമാനെ 26 റൺസിന് തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ ഫോറിൽ. ആദ്യ കളി പാകിസ്താനെ ആറ് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യ ബംഗ്ലാദേശ് (41 റൺസ്), ശ്രീലങ്ക (സൂപ്പർ ഓവർ) എന്നിവരെക്കൂടി മറികടന്ന് ഫൈനലിൽ. പാകിസ്താനെ അഞ്ച് വിക്കറ്റിന് മറികടന്ന് പരാജയമറിയാതെ ഇന്ത്യ ജേതാക്കൾ.
തീരെ പ്രതീക്ഷിക്കാതെയാണ് വനിതാ ലോകകപ്പിൽ ഇന്ത്യ കപ്പടിച്ചത്. ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനും എതിരെ തോറ്റ് പുറത്താവലിൻ്റെ വക്കിൽ നിന്നാണ് ഇന്ത്യ നോക്കൗട്ടിലെത്തിയത്. സെമിയിൽ ഓസീസിൻ്റെ 338 എന്ന വമ്പൻ സ്കോർ പിന്തുടർന്ന് അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തറപറ്റിച്ച് കിരീടം നേടി.
ഇതിന് പിന്നാലെ പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പിലും ഇന്ത്യ കിരീടം ചൂടി. നേപ്പാൾ ആയിരുന്നു റണ്ണർ അപ്പ്.