Yuzvendra Chahal: അത് അഭ്യൂഹങ്ങളായിരുന്നില്ല? മഹ്‌വാഷും ചഹലും പ്രണയത്തിലോ? സൂചന നല്‍കി താരം
Yuzvendra Chahal and RJ Mahvash: പെണ്‍കുട്ടി ആരാണെന്ന ചോദ്യത്തിന് അത് എല്ലാവര്‍ക്കും അറിയാമെന്ന ചഹലിന്റെ മറുപടിയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പകര്‍ന്നത്. മഹ്‌വാഷുമായുള്ള പ്രണയബന്ധം ചഹല്‍ സ്ഥിരീകരിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം

ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആര്‍ജെ മഹ്‌വാഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് മഹ്‌വാഷും രംഗത്തെത്തിയിരുന്നു. ഇതുകൊണ്ടൊന്നും അഭ്യൂഹങ്ങള്‍ അവസാനിച്ചില്ല. മാത്രമല്ല, ഗോസിപ്പുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. പൊതുപരിപാടികളിലടക്കം ഇരുവരെയും ഒരുമിച്ച് കണ്ടതായിരുന്നു കാരണം.
ഇപ്പോഴിതാ, കിംവദന്തികള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ഒരു എപ്പിസോഡിൽ ചഹല്‍ നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. സംഭവം ഇങ്ങനെ:
പരിപാടിക്കിടെ കൃഷ്ണ അഭിഷേക് എന്ന കൊമേഡിയന്‍ സ്ത്രീ വേഷം ധരിച്ച് ചഹലിനൊപ്പം ഇരുന്നു. തുടര്‍ന്ന് ‘ജ്യൂസി ചഹല്‍’ എന്ന് വിളിച്ച് താരത്തെ കളിയാക്കി. തുടര്‍ന്ന് ചഹലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ടും തമാശരൂപേണ പരിഹാസം തുടര്‍ന്നു. ഇതിനിടെ കൊമേഡിയനായ കിക്കു ശര്‍ദ്ദ ചഹലിന്റെ ബാഗ് തുറക്കുന്നതായി നടിച്ചു. തുടര്‍ന്ന് താരത്തിന്റെ വെള്ള ഷര്‍ട്ടിലുള്ള ലിപ്സ്റ്റിക് അടയാളം എന്താണെന്ന് ചോദിച്ചു.




എന്താണ് സംഭവിക്കുന്നതെന്നും, രാജ്യം മുഴുവനും ആ പെണ്‍കുട്ടി ആരാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ തമാശരൂപേണ പറഞ്ഞു. ‘അത് എല്ലാവര്‍ക്കും അറിയാം’ എന്നായിരുന്നു ചഹലിന്റെ മറുപടി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സഹതാരം ഋഷഭ് പന്ത് ചഹല്‍ ഫ്രീയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചഹലിന്റെ വിവാഹമോചനത്തെക്കുറിച്ചാണ് പന്ത് ഇക്കാര്യം തമാശയ്ക്ക് പറഞ്ഞത്.
പെണ്‍കുട്ടി ആരാണെന്ന ചോദ്യത്തിന് അത് എല്ലാവര്‍ക്കും അറിയാമെന്ന ചഹലിന്റെ മറുപടിയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പകര്‍ന്നത്. മഹ്‌വാഷുമായുള്ള പ്രണയബന്ധം ചഹല്‍ സ്ഥിരീകരിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം.