Durand Cup 2024 : ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ഡിയാസിൻ്റെ ഗോൾ; ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ബെംഗളൂരു ഡ്യൂറൻ്റ് കപ്പ് സെമിയിൽ
Durand Cup 2024 Bengaluru FC Defeats Kerala Blasters : ഡ്യൂറൻ്റ് കപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബെംഗളൂരു എഫ്സി സെമിയിൽ. ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരമായ പെരേര ഡിയാസാണ് ബെംഗളൂരുവിൻ്റെ വിജയഗോൾ നേടിയത്.
ഡ്യൂറൻ്റ് കപ്പ് ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിക്ക് ജയം. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പെരേര ഡിയാസ് നേടിയ ഗോളിലാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. മറ്റൊരു ക്വാർട്ടറിൽ പഞ്ചാബ് എഫ്സിയെ മോഹൻ ബഗാൻ ഇഞ്ചുറി ടൈമിൽ മറികടന്നിരുന്നു.
ഇരു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു ഇത്. പന്ത് കൂടുതൽ സമയം കയ്യിൽ വച്ചത് ബെംഗളൂരു ആയിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സാണ് കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. മത്സരത്തിൻ്റെ ആദ്യ മിനിട്ടിൽ തന്നെ കീപ്പർ സോം കുമാർ പരിക്കേറ്റ് പുറത്തായതോടെ സച്ചിൻ സുരേഷ് പിന്നീട് ബ്ലാസ്റ്റേഴ്സിൻ്റെ വല കാത്തു.
മുന്നേറ്റത്തിൽ പതിവുപോലെ പെപ്രയും നോഹയും തകർത്ത് കളിച്ചു. ഏറെ പണിപ്പെട്ടാണ് പലപ്പോഴും ഗുർപ്രീത് ഇവരുടെ ആക്രമണങ്ങൾ രക്ഷപ്പെടുത്തിയത്. ശിവശക്തിയിലൂടെ ബെംഗളൂരുവും ചില അവസരങ്ങൾ സൃഷ്ടിച്ചു. ഇത് ബ്ലാസ്റ്റേഴ്സ് പ്രതിരോധവും സച്ചിൻ സുരേഷും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം വരെ സ്കോർ ചലിച്ചില്ല. എന്നാൽ, ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ഒരു വോളിയിലൂടെ ബ്ലാസ്റ്റേഴ്സ് മുൻ താരം കൂടിയായ പെരേര ഡിയാസ് ബെംഗളൂരുവിന് വിജയഗോൾ സമ്മാനിക്കുകയായിരുന്നു.
Also Read : Durand Cup 2024: ഡ്യൂറന്റ് കപ്പിലെ സതേൺ ഡെർബി ഇന്ന്; കൊമ്പന്മാർക്ക് എതിരാളി ബെംഗളൂരു എഫ് സി
2023 ഐഎസ്എൽ പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു ജയിച്ച ശേഷം ഇരുടീമുകളും തമ്മിൽ അത്ര നല്ല രസത്തില്ല. ഇരുടീമുകളുടെ ആരാധകർ തമ്മിൽ ഗാലറിയിലും സോഷ്യൽ മീഡിയയിലും ഏറ്റുമുട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഈ തോൽവി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത നിരാശ സമ്മാനിക്കും. കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം തുടരുന്നതിനാൽ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ കനത്ത സുരക്ഷയിലാണ് മത്സരം നടന്നത്.
പുതിയ പരിശീലകനും പുതിയ താരങ്ങളുമായാണ് മഞ്ഞപ്പടയിറങ്ങുന്നത്. സ്വീഡിഷ് മാനേജരായ മൈക്കിൾ സ്റ്റാറെ ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്. സ്റ്റാറെയ്ക്ക് കീഴിൽ ഡ്യൂറന്റ്കപ്പിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവയ്ക്കുന്നത്. രണ്ട് വർഷമാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. അതുകൊണ്ട് തന്നെ ഡ്യൂറന്റ് കപ്പിലൂടെ ഐഎസ്എല്ലിനൊരുങ്ങാനാണ് കൊമ്പന്മാർ തയ്യാറെടുക്കുന്നത്.
മൂന്നു മത്സരങ്ങളിൽ രണ്ടിലും ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരത്തിൽ സമനിലനേടി. 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിടുന്ന സമയത്ത് തന്നെ ആക്രമണ ഫുട്‌ബോളാണ് തന്റെ ശൈലിയെന്ന് സ്റ്റാറെ വ്യക്തമാക്കിയിരുന്നു. അതിന് പിന്തുണനൽകുന്നതാണ് നായകൻ അഡ്രിയൻ ലൂണയുടെ നിലപാടും. മിഡ്ഫീൽഡിലും അറ്റാക്കിംഗിലും ഡിഫൻസിലുമെല്ലാം ലൂണയെ ആരാധകർക്ക് കാണാം. മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ 4-4-2 ശൈലിയിൽനിന്നും 4-3-3 അറ്റാക്കിങ് ശൈലിയിലേക്കുള്ള മാറ്റമാണ് സ്റ്റാറെ കൊണ്ടുവന്ന പ്രധാന പരിഷ്കാരം.