Emiliano Martinez: അശ്ലീല ആംഗ്യം, ക്യാമറാമാനെ തല്ലി; അവസാനം എമിലിയാനോയ്ക്ക് പൂട്ടിട്ട് ഫിഫ
Emiliano Martinez Suspension: 2026- ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈ മാസം ആദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് ഫിഫയുടെ നടപടി.
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മത്സരങ്ങളിൽ നിന്ന് വിലക്കി രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തെ ഫിഫയുടെ അച്ചടക്ക സമിതി വിലക്കിയിരിക്കുന്നത്. തത്ഫലമായി ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
പെരുമാറ്റ ദൂഷ്യം കാരണമാണ് അർജന്റെയ്ൻ താരത്തെ മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുന്നത്. ഈ മാസം സെപ്തംബർ 5 ന് ചിലിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു. 2022-ലെ ഖത്തർ ലോകകപ്പിലെ വിവാദ വിജയാഘോഷം മാർട്ടിനെസ് ചിലിക്കെതിരായ മത്സരത്തിലും ആവർത്തിച്ചു. ചിലിക്കെതിരായ വിജയാഘോഷത്തിൽ കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ് തന്റെ നെഞ്ചോട് ചേർത്ത് അശ്ലീലപ്രകടനം നടത്തിയതാണ് വിവാദത്തിന് കാരണമായത്.
സെപ്റ്റംബർ 10-നാണ് അച്ചടക്ക നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. അന്ന് കൊളംബിയയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 2-1ന് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. തോറ്റതോടെ കൊളംബിയൻ ആരാധകർ മാർട്ടിനെസിനെ ആക്ഷേപിച്ച് രംഗത്തെത്തി. ഇതിൽ പ്രകോപിതാനായാണ് താരം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ക്യാമറാമാനെ തല്ലിയത്. ഈ സംഭവും സസ്പെൻഷന് കാരണമായി. 32 കാരനായ ഗോൾകീപ്പർ തന്നെ അടിച്ചതായി ആർസിഎൻ ക്യാമറാമാൻ ജോണി ജാക്‌സണും ആരോപിച്ചിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങളിൽ ആറിലും അർജന്റീന വിജയിച്ചു. 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അർജന്റീനയ്ക്ക് ആ സ്ഥാനം നിലനിർത്താൻ അടുത്ത മത്സരങ്ങളിലും ജയം അനിവാര്യമാണ്. ഗോൾകീപ്പർ എമിലിയോനോ മാർട്ടിനെസിന് എതിരെയുള്ള ഫിഫയുടെ അച്ചടക്ക നടപടിയെ എതിർക്കുന്നുവെന്ന് അർജെന്റെയ്ൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.
സൂപ്പർ താരം ലയണൽ മെസിയില്ലാതെയാണ് ചിലിയ്ക്കും കൊളംബിയയ്ക്കും എതിരായ മത്സരത്തിന് അർജന്റീന ഇറങ്ങിയത്.
ചിലിക്കും കൊളംബിയയ്ക്കും എതിരായ ലോകകപ്പ് മത്സരം കളിച്ച അര്‍ജന്‍റീന ടീം:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, വാൾട്ടർ ബെനിറ്റസ്, ജെറോനിമോ റുല്ലി, ജുവാൻ മുസ്സോ.
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല, ലിയോനാർഡോ ബലേർഡി,നിക്കോളാസ്, വാലന്‍റൈൻ ബാർകോ.
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ,എസെക്വൽ ഫെർണാണ്ടസ്,റോഡ്രിഗോ ഡി പോൾ.
ഫോർവേഡുകൾ: നിക്കോളാസ് ഗോൺസാലസ്,അലജാൻഡ്രോ ഗാർനാച്ചോ,മാറ്റിയാസ് സോൾ, ജിലിയാനോ സിമിയോണി,വാലന്‍റൈൻ കാർബോണി, ജൂലിയൻ അൽവാരസ്,ലൗടാരോ മാർട്ടിനെസ്,വാലന്‍റൈൻ കാസ്റ്റെലനോസ്.