AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hardik Singh : ആരാധകർ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല; അവർ ഡോളി ചായ്‌വാലയുമായി സെൽഫിയെടുക്കുകയായിരുന്നു: ഹോക്കി താരം ഹാർദിക് സിംഗ്

Hardik Singh Dolly Chawalwala : വിമാനത്താവളത്തിൽ വച്ച് തങ്ങളെ ആരാധകർ തിരിച്ചറിഞ്ഞില്ലെന്ന് ഇന്ത്യൻ ഹോക്കി താരം ഹാർദിക് സിംഗ്. തങ്ങളെ തിരിച്ചറിയാതിരുന്ന ആളുകൾ സോഷ്യൽ മീഡിയ താരം ഡോളി ചായ്‌വാലയുമൊത്ത് സെൽഫിയെടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Hardik Singh : ആരാധകർ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല; അവർ ഡോളി ചായ്‌വാലയുമായി സെൽഫിയെടുക്കുകയായിരുന്നു: ഹോക്കി താരം ഹാർദിക് സിംഗ്
ഹാർദിക് സിംഗ്, ഡോളി ചായ്‌വാല (Image Credits - Tim Clayton - Corbis/Getty Images, Social Media)
Abdul Basith
Abdul Basith | Published: 27 Sep 2024 | 08:32 PM

പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ തങ്ങളെ ആരാധകർ തിരിഞ്ഞുനോക്കിയില്ലെന്ന് ഹോക്കി താരം ഹാർദിക് സിംഗ്. വെങ്കലം നേടി വിമാനത്താവളത്തിലെത്തിയ തങ്ങളെ ആരാധകർ തിരിഞ്ഞുനോക്കിയില്ല. സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ചായക്കച്ചവടക്കാരൻ ഡോളി ചായ്വാലയുമൊത്തുള്ള സെൽഫിക്കായിരുന്നു അവർക്ക് താത്പര്യം. ഇത് കണ്ട് തങ്ങൾ ഇളിഭ്യരായെന്നും ഹാർദിക് സിംഗ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.

“ഞാൻ എൻ്റെ കണ്ണുകൊണ്ട് കണ്ടതാണ്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, ഞാൻ, മൻദീപ് സിംഗ് അങ്ങനെ ഞങ്ങൾ അഞ്ചാറ് പേർ അവിടെയുണ്ടായിരുന്നു. ഡോളി ചായ്‌വാലയും അവിടെയുണ്ടായിരുന്നു. ആളുകൾ അയാൾക്കൊപ്പം സെൽഫിയെടുത്തു. പക്ഷേ, ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. ഞങ്ങൾ പരസ്പരം ആശ്ചര്യത്തോടെ നോക്കി. ഹർമൻപ്രീത് 150ലധികം ഗോൾ നേടിയിട്ടുണ്ട്. മൻദീപിന് നൂറിലധികം ഫീൽഡ് ഗോളുകളുണ്ട്. ഒരു കായികതാരമെന്ന നിലയിൽ പണവും പ്രശസ്തിയും ഒരു കാര്യം. പക്ഷേ, ആളുകൾ നിങ്ങളെ കണ്ട് അഭിനന്ദിക്കുമ്പോൾ അതിനെക്കാൾ വലിയ സംതൃപ്തിയില്ല.”- ഹാർദിക് സിംഗ് പറഞ്ഞു.

Also Read : Shakib Al Hasan : കൊലക്കുറ്റം, കലാപം; ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷാക്കിബ് ഭയക്കുന്നതിനുള്ള കാരണങ്ങൾ

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ആളാണ് ഡോളി ചായ്‌വാല. ചായ ഉണ്ടാക്കുന്ന രീതിയിലൂടെയാണ് ഇയാൾ പ്രശസ്തനായത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പോലും ഇയാളെത്തിരഞ്ഞ് എത്തിയിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇയാൾ വാങ്ങുന്നത് ഭീമമായ തുകയാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു.

ഓഗസ്റ്റ് 8നാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയത്. കലാശപ്പോരിൽ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ പുരുഷ ഹോക്കിയിൽ വെങ്കലമെഡൽ നിലനിര്‍ത്തിയത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തുടരെ രണ്ട് ഒളിമ്പിക്സിൽ ഇന്ത്യ വെങ്കലം നേടിയത്. ഇരട്ട ഗോളുകൾ നേടിയ നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് ആണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ആശ്വാസ ഗോള്‍.

ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ ഇന്ത്യൻ ഹോക്കി ടീമിന് ആരാധകർ ഗംഭീര സ്വീകരണം നൽകിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ തിരികെയെത്തിയ ടീമിന് അവിസ്മരണീയ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. താരങ്ങളുടെ വരവിനായി വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയ ആരാധകർ വാദ്യമേളങ്ങളോടെ ടീം അംഗങ്ങളെ സ്വീകരിക്കുകയായിരുന്നു.