വാർ ഉണ്ട്, അർജന്റീനയെ ഇത്തവണ ‘ദൈവത്തിന്റെ കൈ’ രക്ഷിക്കില്ല; പക്ഷേ ഇംഗ്ലണ്ട് പേടിക്കണം!
FIFA World Cup 2026 Argentina-England semi-final: 1986-ൽ VAR ഉണ്ടായിരുന്നെങ്കിൽ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ പിടിക്കപ്പെടുമായിരുന്നു. എന്നാൽ ഇന്ന് ഗോൾ സംബന്ധിച്ച് അത്തരം എന്തെങ്കിലും പരാതി ഉയർന്നാൽ പരിശോധിക്കാൻ വാർ സൗകര്യം ഉപയോഗിക്കാനാകും. അതിനാൽത്തന്നെ ദൈവത്തിന്റെ കൈ പോലുള്ള ഗോളുകൾ പിറക്കില്ല എന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം. പക്ഷേ ഈ ലോകകപ്പിലെ വാറിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇംഗ്ലണ്ട് കുറച്ച് പേടിക്കേണ്ടതുണ്ട് എന്നത് വേറെ കാര്യം.

Argentina England Semi Final Var Importance
ഫിഫ വേൾഡ് കപ്പ് 2026 സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ചരിത്രം അറിയുന്ന ഫുട്ബോൾ ആരാധകരുടെ ഓർമ എത്തിനിൽക്കുക ദൈവത്തിന്റെ കൈ എന്ന് പ്രസിദ്ധമായ ഗോളിലേക്കും മറഡോണയിലേക്കുമായിരിക്കും. കാരണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും അതേസമയം ഏറ്റവും വിവാദപരവുമായ ഗോളുകളിൽ ഒന്നാണ് ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ (Hand of God) ഗോൾ, അത് പിറന്നത് ഒരു അർജന്റീന- ഇംഗ്ലണ്ട് പോരാട്ടത്തിലായിരുന്നു. 1986 ജൂൺ 22-ന് മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോഴായിരുന്നു ആ ചരിത്ര സംഭവം നടന്നത്.
മത്സരത്തിന്റെ 51-ാം മിനിറ്റിലായിരുന്നു ആ ചരിത്ര ഗോളിന്റെ പിറവി. മറഡോണ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിച്ച് മുന്നേറി സഹതാരം ജോർജ്ജ് വൽദാനോയ്ക്ക് പാസ് നൽകി. ഇംഗ്ലീഷ് ഡിഫെൻഡർ സ്റ്റീവ് ഹോഡ്ജ് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് സ്വന്തം ബോക്സിലേക്ക് ഉയർന്നുപൊങ്ങി. ആ പന്ത് പിടിച്ചെടുക്കാനായി ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ മുന്നോട്ട് ആഞ്ഞടുത്തു.
Also Read: ജയം മുഖ്യം! ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ‘സൈക്കോളജിക്കൽ മൂവ്’; ഫിഫയോട് അനുമതി വാങ്ങി
ഗോൾകീപ്പറോടൊപ്പം പന്തിനായി മറഡോണയും ചാടി, പിന്നെക്കാണുന്നത് പന്ത് ഇംഗ്ലണ്ടിന്റെ വലകുലുക്കുന്നതായിരുന്നു. മറഡോണ കൈകൊണ്ടാണ് പന്ത് തട്ടിയതെന്ന് ഇംഗ്ലണ്ട് കളിക്കാർ ശക്തമായി വാദിച്ചെങ്കിലും മെയിൻ റഫറി അലി ബിൻ നാസർ അത് കണ്ടില്ല. മറഡോണ ഹെഡ് ചെയ്താണ് ഗോൾ നേടിയത് എന്നാണ് റഫറി കരുതിയത്. അങ്ങനെയത് ഗോളായി.
കളിക്ക് ശേഷം മാധ്യമപ്രവർത്തകർ വിവാദ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ “ആ ഗോൾ അല്പം മറഡോണയുടെ തലകൊണ്ടും, അല്പം ദൈവത്തിന്റെ കൈകൊണ്ടുമാണ് നേടാനായത്” എന്ന് അദ്ദേഹം നൽകിയ മറുപടി. അങ്ങനെയാണ് ആ ഗോളിന് ദൈവത്തിന്റെ കൈ എന്ന പേര് വന്നത്. ദൈവത്തിന്റെ കൈ മാത്രമല്ല, ആ മത്സരം ചരിത്രത്തിൽ അടയാളപ്പെടുത്താൻ മറഡോണയുടെ വക തന്നെ മറ്റൊരു ഗോളും ഉണ്ടായിരുന്നു, അതാണ് ‘നൂറ്റാണ്ടിന്റെ ഗോൾ’.
നൂറ്റാണ്ടിന്റെ ഗോൾ
’ദൈവത്തിന്റെ കൈ’ കൊണ്ട് വിവാദ ഗോൾ പിറന്ന് നാല് മിനിറ്റ് പിന്നിട്ടപ്പോൾ (55-ാം മിനിറ്റിൽ) മറഡോണ ഇംഗ്ലണ്ടിന്റെ അഞ്ച് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും ഒറ്റയ്ക്ക് വെട്ടിച്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോൾ നേടി. ഇതാണ് പിന്നീട് ‘നൂറ്റാണ്ടിന്റെ ഗോൾ’ (Goal of the Century) ആയി ഫിഫ തിരഞ്ഞെടുത്തത്.
ആ മത്സരത്തിൽ അർജന്റീന 2-1 ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും, ആ ടൂർണമെന്റിൽ ലോകകപ്പ് കിരീടം ചൂടുകയും ചെയ്തു. അതിനാൽത്തന്നെ ’ദൈവത്തിന്റെ കൈ’ അർജന്റീനയുടെ ലോകകപ്പ് കിരീട നേട്ടത്തിൽ ഏറെ വലിയ പങ്ക് വഹിച്ചു. പക്ഷേ ഇത്തവണത്തെ അർജന്റീന- ഇംഗ്ലണ്ട് മത്സരത്തിൽ ദൈവത്തിന്റെ കൈ പോലൊരു ഗോൾ പിറക്കാൻ സാധ്യത വളരെ കുറവാണ്, ഫിഫയുടെ പുതിയ വാർ (VAR) അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി എന്ന സംവിധാനമാണ് അതിന് കാരണം.
അന്ന് വാർ ഉണ്ടായിരുന്നെങ്കിൽ മറഡോണയുടെ കൈ പ്രയോഗം പിടിക്കപ്പെടുമായിരുന്നു. എന്നാൽ ഇന്ന് ഗോൾ സംബന്ധിച്ച് അത്തരം എന്തെങ്കിലും പരാതി ഉയർന്നാൽ പരിശോധിക്കാൻ വാർ സൗകര്യം ഉപയോഗിക്കാനാകും. അതിനാൽത്തന്നെ ദൈവത്തിന്റെ കൈ പോലുള്ള ഗോളുകൾ പിറക്കില്ല എന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം. പക്ഷേ ഈ ലോകകപ്പിലെ വാറിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇംഗ്ലണ്ട് കുറച്ച് പേടിക്കേണ്ടതുണ്ട് എന്നത് വേറെ കാര്യം.
ദൈവത്തിന്റെ കൈ വേണ്ട, അർജന്റീനയ്ക്ക് വാർ ഉണ്ട്
ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറി നിന്നു എന്നത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നിരുന്നു, അക്കൂട്ടത്തിൽ വാർ അടക്കമുള്ള സംവിധാനങ്ങളും അർജന്റീനയ്ക്ക് ഒപ്പം നിന്നു എന്ന് ആക്ഷേപമുണ്ട്. കണക്കുകൾ പരിശോധിച്ചാൽ വാർ അർജന്റീനയ്ക്ക് ഗുണമേ ചെയ്തിട്ടുള്ളൂ. നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ് സമാഹരിച്ച ഡാറ്റ പ്രകാരം വാറില്‍ നിന്നും കൂടുതൽ ആനുകൂല്യം ലഭിച്ച ടീമുകളുടെ പട്ടികയിൽ അർജന്റീന രണ്ടാം സ്ഥാനത്തുണ്ട്.
പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാകുന്നത് വരെയുള്ള കണക്കനുസരിച്ചാണ് ഡാറ്റ തയാറാക്കിയിരിക്കുന്നത്. ഇതിൽ പറയുന്ന മറ്റൊരുകാര്യം അര്‍ജന്‍റീനയ്ക്ക് എതിരായി വാറില്‍ തീരുമാനങ്ങളെടുത്തിട്ടില്ല എന്നതാണ്. വാർ ഏറ്റവും കൂടുതൽ അനുകൂലമായവരുടെ പട്ടികയില്‍ ഒന്നാമത് മെക്സികോയാണ്. 100 ഫൗളില്‍ മെക്സികോയ്ക്ക് അനുകൂലമായി 7.8 തീരുമാനങ്ങള്‍ വന്നു. അര്‍ജന്‍റീനയ്ക്കിത് 6.7 ആണ്.
അർജന്റീനയ്ക്ക് വാർ അനുകൂലമാണ് എന്ന ട്രാക്ക് റെക്കോഡ് മാത്രമല്ല, വാർ തിരിച്ചടിയായ രാജ്യങ്ങളിൽ ആദ്യ അഞ്ചിൽ തങ്ങളും ഉൾപ്പെടുന്നു എന്നതും വാറിനെ ഇംഗ്ലണ്ട് ഭയപ്പെടേണ്ടതുണ്ട് എന്ന സാഹചര്യം സൃഷ്ടിക്കുന്നു. റഫറിയിങ് തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അർജന്റീന വിരുദ്ധർ ഇത് അംഗീകരിക്കാൻ തയാറായിട്ടില്ല. എന്തായാലും അർജന്റീന – ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം ഇരു ടീമുകൾക്കും അഭിമാനപ്രശ്നമാണ്.
പണ്ട് ദൈവത്തിന്റെ കൈ ആണ് തങ്ങളെ രക്ഷിച്ചത് എങ്കിൽ ഇത്തവണ ഫുട്ബോളിലെ സാക്ഷാൽ ‘മിശിഹ’ തന്നെ തങ്ങൾക്കൊപ്പമുണ്ട് എന്ന് അർജന്റീന ആത്മവിശ്വാസം കൊള്ളുന്നു. കരിയറിൽ ഇതാദ്യമായി ഇംഗ്ലണ്ടിനെതിരേ കളിക്കുന്ന ക്യാപ്റ്റൻ ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ പ്രധാന പ്രതീക്ഷ. ജയിക്കുന്നവർ എത്തി നിൽക്കുക ഫൈനലിലാണ് എന്നതിനാൽത്തന്നെ, ചരിത്രം ആവർത്തിക്കാൻ അർജന്റീനയും ചരിത്രം തിരുത്താൻ ഇംഗ്ലണ്ടും ജീവന്മരണപ്പോരാട്ടം നടത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
English Summary
If VAR had been in place in 1986, Maradona’s “Hand of God” goal would have been ruled out. But today, if there is any such complaint about the goal, the VAR facility can be used to review it. Therefore, England can rest assured that there will be no more Hand of God goals. But if we look at the VAR figures in this World Cup, England should be a little worried. Because there have been no decisions on VAR against Argentina so far.