FIFA World Cup 2026: നോക്കൗട്ട് തുടങ്ങുന്നതിന് മുമ്പ് അര്‍ജന്റീന സെമി ഉറപ്പിച്ചോ? സ്‌പെയിനും, പോര്‍ച്ചുഗലും ‘വിയര്‍ക്കും’
FIFA World Cup 2026 Round of 32 Schedule Pre Analysis: സെമി ഫൈനല്‍ വരെയുള്ള അര്‍ജന്റീനയുടെ യാത്ര അത്ര ബുദ്ധിമുട്ടേറിയതാകില്ലെന്നാണ് വിലയിരുത്തല്‍. റൗണ്ട് ഓഫ് 32-ൽ കാംബോ വെർദെയാണ് എതിരാളികൾ. അര്‍ജന്റീനയെ മറികടക്കാന്‍ കാംബോ വെര്‍ദെയ്ക്ക് അത്ര എളുപ്പം സാധിക്കില്ല.
ഫുട്‌ബോള്‍ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍ നാളെ ആരംഭിക്കും. നിലവിലെ ജേതാക്കളായ അര്‍ജന്റീന തകര്‍പ്പന്‍ പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്തത്. ലയണല്‍ മെസിയും, സംഘവും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചു. മെസി മൂന്ന് മത്സരങ്ങളിലും ഗോളടിച്ചു. നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സും മൂന്ന് മത്സരങ്ങളും ജയിച്ചു. കിലിയൻ എംബാപ്പെയും ഒസ്മാനെ ഡെംബെലെയുമാണ് ഫ്രാന്‍സിന്റെ കുതിപ്പിന് പിന്നിലെ കരുത്തുകള്‍. ആതിഥേയരായ മെക്സിക്കോ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച മറ്റൊരു ടീം.
എന്നാല്‍ മറ്റ് പല കരുത്തന്മാര്‍ക്കും നോക്കൗട്ടില്‍ കടക്കാനായെങ്കിലും അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്പെയിൻ എന്നീ വമ്പന്‍മാര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 2014-ലെ ചാമ്പ്യന്മാരായ ജർമ്മനിക്ക് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെടേണ്ടി വന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കുറസാവോയെ 7-1 എന്ന വമ്പന്‍ മാര്‍ജിനില്‍ കീഴടക്കിയ ശേഷമാണ് ജര്‍മ്മനി ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. മെസിയുടെ അര്‍ജന്റീനയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടുന്നത് കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. എന്നാല്‍ ഇരുടീമുകളും ഫൈനലില്‍ എത്തിയാല്‍ മാത്രമേ അത്തരമൊരു പോരാട്ടത്തിന് കളമൊരുങ്ങൂ.
Also Read: അർജന്റീനയെ ‘അട്ടിമറിക്കാൻ’ വന്നവർ പാടുപെടും! കേപ് വെർദെ ക്യാപ്റ്റനെതിരേ പീഡനക്കേസ്
അര്‍ജന്റീനയ്ക്ക് എളുപ്പവഴി?
ഫൈനലിലേക്കുള്ള പോരാട്ടം ടീമുകള്‍ക്ക് കടുകട്ടിയാകും. നിലവിലെ ഷെഡ്യൂള്‍ പരിഗണിച്ചാല്‍ സെമി ഫൈനല്‍ വരെയുള്ള അര്‍ജന്റീനയുടെ യാത്ര അത്ര ബുദ്ധിമുട്ടേറിയതാകില്ലെന്നാണ് വിലയിരുത്തല്‍. റൗണ്ട് ഓഫ് 32-ൽ കാംബോ വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെങ്കിലും, അര്‍ജന്റീനയെ മറികടക്കാന്‍ കാംബോ വെര്‍ദെയ്ക്ക് അത്ര എളുപ്പം സാധിക്കില്ല.
കാംബോ വെര്‍ദെയെ കീഴടക്കിയാല്‍, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും അർജന്റീന അടുത്ത ഘട്ടത്തിൽ നേരിടുക. അതിലും വിജയിച്ചാല്‍ സ്വിറ്റ്‌സർലൻഡ്, കൊളംബിയ, ഘാന, അൾജീരിയ എന്നീ നാലു ടീമുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍. അതുകൊണ്ട് തന്നെ സെമി ഫൈനല്‍ വരെയുള്ള അര്‍ജന്റീനയുടെ യാത്ര ‘എളുപ്പമാണെ’ന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സെമി ഫൈനലിൽ എത്തുമ്പോൾ ബ്രസീൽ, നോർവേ, ഐവറി കോസ്റ്റ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ ഏതെങ്കിലുമൊന്നാകും അര്‍ജന്റീനയുടെ എതിരാളികള്‍. സെമി ഫൈനല്‍ മുതലാകും അര്‍ജന്റീനയ്ക്ക് യഥാര്‍ത്ഥ പരീക്ഷണം ആരംഭിക്കുന്നത്. സെമി ഫൈനല്‍ വരെ അർജന്റീനയ്ക്ക് വലിയ രീതിയിലുള്ള പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷ.
കഠിനവഴി
ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, നെതർലൻഡ്സ്, സ്പെയിൻ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകള്‍ക്ക് മുന്നറണമെങ്കില്‍ ‘കഠിനവഴി’ താണ്ടണം. റൗണ്ട് ഓഫ് 16-ൽ തന്നെ ജർമ്മനിയും ഫ്രാൻസും നേർക്കുനേർ വരാൻ സാധ്യതയുള്ള രീതിയിലാണ് ഷെഡ്യൂൾ. പോർച്ചുഗലും സ്പെയിനും തമ്മിലും റൗണ്ട് ഓഫ് 16-ൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ ഈ നാലു ടീമുകളില്‍ രണ്ടെണ്ണം സെമി ഫൈനലിന് മുമ്പ് പുറത്താകുമെന്ന് ചുരുക്കം.
English Summary
The FIFA World Cup 2026 group stage has successfully concluded. Defending champions Argentina secured a flawless, perfect winning streak. Argentina now faces a highly favorable path to the final. Meanwhile, the heavy European giants face brutal early knockout matches.