Yashasvi Jaiswal: ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ അടുത്ത പദ്ധതിയുമായി യശ്വസി ജയ്‌സ്വാള്‍; മുംബൈയ്ക്ക് ആശ്വാസം
Yashasvi Jaiswal to play Ranji Trophy: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ജയ്‌സ്വാളിനെ ഒഴിവാക്കിയത് മുംബൈ ടീമിന് സന്തോഷവാര്‍ത്തയാണ്. താരം രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ നടക്കുന്ന സെമി ഫൈനലില്‍ കളിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്നു

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടെങ്കിലും, അന്തിമ സ്‌ക്വാഡില്‍ നിന്ന് അപ്രതീക്ഷിതമായി യശ്വസി ജയ്‌സ്വാള്‍ പുറത്തായിരുന്നു. പരിക്കേറ്റ ജസ്പ്രീത് ബുംറയും ടീമില്‍ ഉള്‍പ്പെട്ടില്ല. ഹര്‍ഷിത് റാണയും, വരുണ്‍ ചക്രവര്‍ത്തിയുമാണ് അന്തിമ സ്‌ക്വാഡില്‍ വന്ന മാറ്റങ്ങള്‍. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം നോണ്‍ ട്രാവലിംഗ് റിസർവ് പട്ടികയില്‍ ജയ്‌സ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും താരം പരിക്കേറ്റ് സ്‌ക്വാഡിന് പുറത്തായാല്‍ മാത്രമാണ് റിസര്‍വ് താരങ്ങള്‍ അന്തിമ ടീമിലെത്തുക.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ജയ്‌സ്വാളിനെ ഒഴിവാക്കിയത് മുംബൈ ടീമിന് സന്തോഷവാര്‍ത്തയാണ്. ഇതോടെ താരം രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കളിക്കും. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചെങ്കിലും ജയ്‌സ്വാളിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
4, 26 എന്നിങ്ങനെയായിരുന്നു ആ മത്സരത്തിലെ സ്‌കോറുകള്‍. മത്സരത്തില്‍ മുംബൈ ജമ്മുവിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.




Read Also : സന്നാഹ മത്സരമോ? എന്തിന്? പരിശീലന മത്സരം കളിക്കാനില്ലെന്ന് ഇന്ത്യന്‍ ടീം; നേരെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക്
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 22 പന്തില്‍ 15 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ അവസരം ലഭിച്ചില്ല. പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് മുംബൈ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
മുംബൈ സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, അങ്ക്രിഷ് രഘുവംശി, അമോഗ് ഭട്കൽ, സൂര്യകുമാർ യാദവ്, യശസ്വി ജയ്‌സ്വാൾ, സിദ്ധേഷ് ലാഡ്, ശിവം ദുബെ, ആകാശ് ആനന്ദ്, ഹാർദിക് തമോർ, സൂര്യാൻഷ് ഷെഡ്ജ്, ഷാർദുൽ താക്കൂർ, ഷംസ് മുലാനി, തനുഷ് കോട്ടിയൻ, മോഹിത് അവസ്തി, സിൽവസ്റ്റർ ഡിസൂസ, റോയ്‌സ്റ്റൺ ഡയസ്, അഥർവ അങ്കോലേക്കർ, ഹർഷ് ടന്ന