ICC Champions Trophy 2025 : കളിക്കുന്നത് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും, നെഞ്ചിടിപ്പ് മുഴുവന്‍ അഫ്ഗാനിസ്ഥാന്
ICC Champions Trophy England vs South Africa: ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ അഫ്ഗാന്റെ സെമി മോഹങ്ങള്‍ ശക്തമായി. ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചത് തിരിച്ചടിയുമായി. ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ് അഫ്ഗാന്‍. നേരിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിന് അഫ്ഗാന്‍ നാണംകെടുത്തി വിട്ട ഇംഗ്ലണ്ട് കനിയണമെന്ന് മാത്രം

ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനെയാണ്. ഐസിസിയുടെ ഏത് ടൂര്‍ണമെന്റിലും എന്തെങ്കിലുമൊരു അടയാളപ്പെടുത്തല്‍ അവശേഷിപ്പിച്ചാകും അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാന്റെ അടയാളപ്പെടുത്തല്‍. ദക്ഷിണാഫ്രിക്കയോട് 107 റണ്‍സിന് തോറ്റുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് അടിപതറിയ അഫ്ഗാന്‍ ടീമിനെയല്ല ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കണ്ടത്. സെമി മോഹവുമായെത്തിയ ജോസ് ബട്ട്‌ലറെയും സംഘത്തെയും എട്ട് വിക്കറ്റിന് തോല്‍പിച്ച് നാണം കെടുത്തി വിടുകയായിരുന്നു അഫ്ഗാന്‍.
ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയുടെയും (146 പന്തില്‍ 177), അസ്മത്തുല്ല ഒമര്‍സായിയുടെയും (31 പന്തില്‍ 41 റണ്‍സ്, അഞ്ച് വിക്കറ്റ്), മുഹമ്മദ് നബിയുടെയും (24 പന്തില്‍ 40 റണ്‍സ്, രണ്ട് വിക്കറ്റ്) ഓള്‍റൗണ്ട് കരുത്തിലുമാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം ഭേദിക്കാനാകാതെ ഇംഗ്ലണ്ട് പതറുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ അഫ്ഗാന്റെ സെമി മോഹങ്ങള്‍ കൂടുതല്‍ ശക്തമായി. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചത് തിരിച്ചടിയുമായി. ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ് അഫ്ഗാന്‍. നേരിയ സാധ്യതകള്‍ മാത്രമാണ് മുന്നില്‍ അവശേഷിക്കുന്നത്. പക്ഷേ, അതിന് അഫ്ഗാന്‍ നാണംകെടുത്തി വിട്ട ഇംഗ്ലണ്ട് കനിയണമെന്ന് മാത്രം.




Read Also : Ranji Trophy: കരുണയില്ലാതെ കരുണും ഡാനിഷും; കേരളത്തിന് ശുഭസൂചകമല്ല കാര്യങ്ങള്‍
ടൂര്‍ണമെന്റില്‍ നിന്ന് ഇതിനകം പുറത്തായ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരഫലം പ്രസക്തമല്ല. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ മാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം. ദക്ഷിണാഫ്രിക്കയും സെമിക്ക് തൊട്ടടുത്താണ്. ഇംഗ്ലണ്ടിനോട് വന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുക. അത്തരമൊരു സാഹചര്യത്തിന് നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ആ നേരിയ സാധ്യതയിലാണ് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും.
ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 207 റണ്‍സിന് തോല്‍പിക്കുകയോ, അല്ലെങ്കില്‍ 11.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയോ (ആദ്യം ബാറ്റു ചെയ്യുന്ന ടീം നേടിയ സ്‌കോര്‍ 300 ആണെങ്കില്‍) ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടും. ഇനി മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.