AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Vs Australia Test : മെല്‍ബണില്‍ ഇന്ന് വിധി ദിനം; ഇന്ത്യയുടെ വിജയലക്ഷ്യം 340; വീണ്ടും നിരാശപ്പെടുത്തി രോഹിതും കോഹ്ലിയും

Border Gavaskar Trophy : പത്താം വിക്കറ്റിലെ നഥാന്‍ ലിയോണ്‍-സ്‌കോട്ട് ബോളണ്ട് കൂട്ടുക്കെട്ട് പൊളിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസീന്റെ രണ്ടാം ഇന്നിംഗ്‌സിന് പരിസമാപ്തി കുറിച്ചത്. 55 പന്തില്‍ 41 റണ്‍സെടുത്ത ലിയോണെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 74 പന്തില്‍ 15 റണ്‍സുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി

India Vs Australia Test : മെല്‍ബണില്‍ ഇന്ന് വിധി ദിനം; ഇന്ത്യയുടെ വിജയലക്ഷ്യം 340; വീണ്ടും നിരാശപ്പെടുത്തി രോഹിതും കോഹ്ലിയും
ബോക്‌സിങ് ഡേ ടെസ്റ്റ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 30 Dec 2024 07:09 AM

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ന് വിധിയറിയാം. 340 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ 234 റണ്‍സിന് ഓസീസ് പുറത്തായി. പത്താം വിക്കറ്റിലെ നഥാന്‍ ലിയോണ്‍-സ്‌കോട്ട് ബോളണ്ട് കൂട്ടുക്കെട്ട് പൊളിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസീന്റെ രണ്ടാം ഇന്നിംഗ്‌സിന് പരിസമാപ്തി കുറിച്ചത്. 55 പന്തില്‍ 41 റണ്‍സെടുത്ത ലിയോണെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 74 പന്തില്‍ 15 റണ്‍സുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണും 41 റണ്‍സെടുത്തു. 173 റണ്‍സ് എടുക്കുന്നതിനിടെ ഓസീസിന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായിരുന്നെങ്കിലും പത്താം വിക്കറ്റിലെ ലിയോണ്‍-ബോളണ്ട് കൂട്ടുക്കെട്ട് മികച്ച പ്രതിരോധമാണ് നടത്തിയത്.

തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത 19കാരന്‍ സാം കോണ്‍സ്റ്റസ് തുടക്കത്തില്‍ തന്നെ പുറത്തായി. കോണ്‍സ്റ്റസിനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 18 പന്തില്‍ 8 റണ്‍സ് മാത്രമാണ് താരം നേടിയത്. 65 പന്തില്‍ 21 റണ്‍സായിരുന്നു ഉസ്മാന്‍ ഖവാജയുടെ കുറ്റി മുഹമ്മദ് സിറാജ് തെറിപ്പിച്ചതോടെ ഓസീസ് പ്രതിരോധത്തിലായി.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ നേടാനായത്‌ 41 പന്തില്‍ 13 റണ്‍സ് മാത്രം. താരത്തെ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ചെടുത്ത് പുറത്താക്കി. ഒരു റണ്‍സെടുത്ത ട്രാവിസ് ഹെഡ് കൂടി പുറത്തായതോടെ ആതിഥേയര്‍ പരുങ്ങലിലായി. തൊട്ടുപിന്നാലെ മിച്ചല്‍ മാര്‍ഷ് പൂജ്യത്തിന് പുറത്തായി. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ബുംറയുടെ പന്തില്‍ കുറ്റി തെറിച്ച് പുറത്തായി.

Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ഇന്ത്യയോ? സാധ്യതകൾ ഇങ്ങനെ

ഏഴാം വിക്കറ്റിലെ ലബുഷെയ്ന്‍-കമ്മിന്‍സ് കൂട്ടുക്കെട്ട് ഓസീസിന് ആശ്വാസമായി. ലബുഷെയ്‌നെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി സിറാജ് 57 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചു. 13 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് റണ്ണൗട്ടാവുകയായിരുന്നു. 41 റണ്‍സെടുത്ത കമ്മിന്‍സിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ അവശേഷിച്ച വിക്കറ്റ് നഷ്ടമായിരുന്നു. കന്നി സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി പത്താമനായി പുറത്തായി. 189 പന്തില്‍ 114 റണ്‍സാണ് നിതീഷ് അടിച്ചുകൂട്ടിയത്. 118 പന്തില്‍ 82 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും, 162 പന്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്

340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ തുടക്കം പിഴച്ചു. 33 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്ലി (5) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.