AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India VS Bangaladesh: കാൺപൂരിൽ ഇന്ന് രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് ടോസ്, ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയച്ചു

India VS Bangaladesh: ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ മഴയാണ് ഇന്ത്യയുടെ പ്രധാന ഭീഷണി. അടുത്ത മൂന്ന് ദിവസം കാൺപൂരിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

India VS Bangaladesh: കാൺപൂരിൽ ഇന്ന് രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് ടോസ്, ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയച്ചു
Credits Social Media
Athira CA
Athira CA | Updated On: 27 Sep 2024 | 10:09 AM

ഉത്തർപ്രദേശ്: ഇന്ത്യ -ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ഇന്ന് സെപ്റ്റംബർ 27ന് കാൺപൂരിൽ തുടക്കം. മഴയ്ക്കും സുരക്ഷാ ഭീഷണിയ്ക്കും നടുവിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലെ 9.30 ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം വെെകിയാണ് തുടങ്ങുന്നത്. ബം​ഗ്ലാദേശിൽ ഹിന്ദുകൾക്കെതിരെ വംശഹത്യയും ആക്രമണവും നടക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്. അടുത്ത മൂന്ന് ദിവസവും കാൺപൂരിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റാർ സ്പോർട്സിലും സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

ഇന്ത്യ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ​ഗിൽ, വിരാട് കോഹ്‍ലി, കെ എൽ രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര.

ചെന്നെെയിലെ ചെപ്പോക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ ബം​ഗ്ലാദേശിന് കരുത്ത് പോരെന്ന് ആദ്യ ടെസ്റ്റിൽ തന്നെ തെളിഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായുളള ഇന്ത്യ- ബം​ഗ്ലാദേശ് മത്സരത്തിന് മഴ വെല്ലുവിളിയാകരുതെന്നാണ് ആരാധകരുടെ പ്രാർത്ഥന. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നിൽ ഉള്ള ഇന്ത്യ‌, ബം​ഗ്ലാദേശിനെതിരായ രണ്ടു മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുകൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികകല്ല് സ്വന്തമാക്കാനൊരുങ്ങുകയാണ് സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡ‍േജ. 300 വിക്കറ്റും 3000 റൺസും അതിവേ​ഗം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഒരു വിക്കറ്റ് കൂടെ നേടിയാൽ ജഡേജ എത്തിച്ചേരുന്നത്. നിലവിൽ 73 ടെസ്റ്റുകളിൽ നിന്നായി 299 വിക്കറ്റും 3122 റൺസുമാണ് ജഡേജയുടെ പേരിലുള്ളത്.

അതേസമയം ബം​ഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ വിരമിക്കൽ പ്രഖ്യാപിച്ചു. ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഓൾറൗണ്ടർ, ഇന്ന് ഇന്ത്യക്കെതിരെ ആരംഭിക്കുന്ന മത്സരം കരിയറിലെ അവസാന ടെസ്റ്റാകാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി. ബം​ഗ്ലാദേശിൽ ടെസ്റ്റ് ക​ളിച്ച് വിരമിക്കാനാണ് ആഗ്രഹമെങ്കിലും അത് നടക്കുമെന്ന് ഉറപ്പില്ലെന്ന് ഷാകിബ് പറഞ്ഞു. അടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണിലാണ് ബം​ഗാദേശിന്റെ അടുത്ത ടെസ്റ്റ്.