Virat Kohli : പരിക്ക് നിസാരം, കോഹ്ലി രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കും; പണി കിട്ടുന്നത് ജയ്‌സ്വാളിന്?
Virat Kohli Injury Update : കോഹ്ലിക്ക് പരിക്കേറ്റതിനാലാണ് ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തിയിരുന്നു. അവസരം വിനിയോഗിച്ച താരം ടി20 ശൈലിയില്‍ ബാറ്റേന്തി. നേടിയത് 36 പന്തില്‍ 59 റണ്‍സ്. കോഹ്ലി തിരിച്ചെത്തിയാലും മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസിനെ ഒഴിവാക്കിയേക്കില്ല

വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം കാണാനിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം കോഹ്ലിക്ക് ആദ്യ ഏകദിനത്തില്‍ കളിക്കാനായില്ല. താരത്തിന്റെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അപ്പോള്‍ പുറത്തുവരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഹ്ലിയുടെ പരിക്ക് നിസാരമാണെന്നും, താരം രണ്ടാം ഏകദിനം കളിച്ചേക്കുമെന്നുമാണ് സൂചന.
താരത്തിന്റെ കാല്‍മുട്ടില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നെന്നും, അടുത്ത മത്സരത്തിന് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും സഹതാരവും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ് വ്യക്തമാക്കിയത്. ഇതോടെ കോഹ്ലിയുടെ പരിക്ക് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
പരിശീലന സമയത്താണ് കോഹ്ലിക്ക് പരിക്കേറ്റത്. എന്നാല്‍ അപ്പോള്‍ കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് അവിടെ വീക്കം അനുഭവപ്പെടുകയായിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലാണ് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ചത്. രണ്ടാം ഏകദിനത്തില്‍ താരം കളിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.




ആര് പുറത്താകും?
കോഹ്ലിക്ക് പരിക്കേറ്റതിനാലാണ് ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തിയിരുന്നു. അവസരം വിനിയോഗിച്ച താരം ടി20 ശൈലിയില്‍ ബാറ്റേന്തി. നേടിയത് 36 പന്തില്‍ 59 റണ്‍സ്. കോഹ്ലി തിരിച്ചെത്തിയാലും മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസിനെ ഇനി പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള ധൈര്യം ടീം മാനേജ്‌മെന്റ് കാണിച്ചേക്കില്ല.
കഴിഞ്ഞ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കാനാണ് സാധ്യതേയറെയും. അരങ്ങേറ്റ മത്സരത്തില്‍ 22 പന്തില്‍ 15 റണ്‍സ് മാത്രമാണ് ജയ്‌സ്വാള്‍ നേടിയത്. കോഹ്ലി തിരിച്ചെത്തുമ്പോള്‍ ഗില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകും. ഇത് ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാക്കുന്നുമില്ല.
കട്ടക്ക് പോരാട്ടം
ഫെബ്രുവരി ഒമ്പതിന് ഒഡീഷയിലെ കട്ടക്കിലാണ് രണ്ടാം ഏകദിനം. ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. ടി20 പരമ്പര അടിയറവ് വച്ച ഇംഗ്ലണ്ടിന് ഏകദിന പരമ്പരയെങ്കിലും ജയിക്കേണ്ടത് അനിവാര്യമാണ്. രണ്ടാം ഏകദിനത്തില്‍ വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്താനാകും ജോസ് ബട്ട്‌ലറുടെയും സംഘത്തിന്റെയും ശ്രമം.
മൂന്നാം ഏകദിനം ഫെബ്രുവരി 12ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മികച്ച തയ്യാറെടുപ്പിനുള്ള അവസരമാണ് ഇരുടീമുകള്‍ക്കും ഏകദിന പരമ്പര.