India vs England: ടി20 മൂഡിൽ ശ്രേയാസ് അയ്യർ; ഫിഫ്റ്റിയടിച്ച് ഗില്ലും അക്സറും: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യ
India Wins Against England: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ശ്രേയാസ് അയ്യർ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യക്കായി തിളങ്ങി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ജയം. നാല് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റൺസിലൊതുക്കിയ ഇന്ത്യ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. ഇന്ത്യക്കായി ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, ശ്രേയാസ് അയ്യർ, ഹർഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവർ തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് അതിഗംഭീര തുടക്കമാണ് ലഭിച്ചത്. ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ആക്രമണം അഴിച്ചുവിട്ടപ്പോൾ ഇംഗ്ലണ്ട് സ്കോർ കുതിച്ചുകയറി. ഹർഷിത് റാണയുടെ മൂന്നാം ഓവറിൽ സാൾട്ട് നേടിയത് 26 റൺസ്. 75 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. 26 പന്തിൽ 43 റൺസ് നേടിയ സാൾട്ട് നിർഭാഗ്യകരമായി റണ്ണൗട്ടായത് നിർണായകമായി. ആദ്യം 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇവിടെനിന്ന് അവർ തകർന്നുതുടങ്ങി.
ബെൻ ഡക്കറ്റ് (32), ഹാരി ബ്രൂക്ക് (0) ഒരു ഓവറിൽ വീഴ്ത്തി ഹർഷിത് റാണ ഇംഗ്ലണ്ടിൻ്റെ ടോപ്പ് ഓർഡർ തകർത്തു. 19 റൺസ് മാത്രം നേടി ജോ റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. അഞ്ചാം വിക്കറ്റിൽ ജോസ് ബട്ട്ലറും ജേക്കബ് ബെഥലും ചേർന്ന കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 59 റൺസ് നീണ്ട കൂട്ടുകെട്ട് ജോസ് ബട്ട്ലറെ (52) പുറത്താക്കി അക്സർ പട്ടേൽ അവസാനിപ്പിച്ചു. വീണ്ടും തുടരെ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിനെ 200 കടത്തിയത് ജേക്കബ് ബെഥലും (51) ജോഫ്ര ആർച്ചറും 918 പന്തിൽ 21 നോട്ടൗട്ട്) ചേർന്നാണ്. ഹർഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.




മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യശസ്വി ജയ്സ്വാൾ (15), ക്യാപ്റ്റൻ രോഹിത് ശർമ്മ (2) എന്നിവർ വേഗം മടങ്ങി. എന്നാൽ, നാലാം നമ്പരിലെത്തിയ ശ്രേയാസ് അയ്യരിൻ്റെ ആക്രമണോത്സുക ബാറ്റിംഗ് ഇന്ത്യൻ ഇന്നിംഗ്സ് വീണ്ടും ട്രാക്കിലെത്തിച്ചു. ശ്രേയാസ് ടി20 മൂഡിൽ കളിച്ചപ്പോൾ ശുഭ്മൻ ഗിൽ ഉറച്ചപിന്തുണ നൽകി. വെറും 30 പന്തിലാണ് ശ്രേയാസ് ഫിഫ്റ്റി തികച്ചത്. ഈ നേട്ടത്തിന് പിന്നാലെ 36 പന്തിൽ 59 റൺസ് നേടിയ താരം പുറത്തായി. മൂന്നാം വിക്കറ്റിൽ ഗില്ലുമൊത്ത് 94 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷമാണ് ശ്രേയാസ് മടങ്ങിയത്.
സ്ഥാനം കിട്ടിയെത്തിയ അക്സർ പട്ടേലും ആക്രമിച്ച് കളിച്ചു. ഇതിനിടെ 60 പന്തിൽ ഗില്ലും 46 പന്തിൽ അക്സർ പട്ടേലും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ അക്സർ പട്ടേൽ (52) മടങ്ങി. കെഎൽ രാഹുൽ (2), ശുഭ്മൻ ഗിൽ (87) എന്നിവരും പെട്ടെന്ന് പുറത്തായി. 96 പന്തിൽ 87 റൺസെടുത്ത ഗില്ലിനെ സാഖിബ് മഹ്മൂദാണ് പുറത്താക്കിയത്. എന്നാൽ, ഹാർദിക് പാണ്ഡ്യയും (9) രവീന്ദ്ര ജഡേജയും (12) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.