IPL 2025: ഐസിസി റാങ്കിങിൽ ഹെഡ് ഒന്ന്, അഭിഷേക് രണ്ട്; ഇത്തവണ ഐപിഎലിൽ സൺറൈസേഴ്സ് വക പൊടിപൂരം
Travis Head Abhishek Sharma SRH: വരുന്ന ഐപിഎൽ സീസണിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് എന്താവും ചെയ്തുകൂട്ടുക എന്ന ആശങ്കയിലാവും നിലവിൽ ബാക്കിയുള്ള ടീമുകൾ. സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണർമാരായ ഇവർ നിലവിൽ ഐസിസി റാങ്കിംഗിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളാണ്.

ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗ് കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റ് ചെയ്തത്. ആദ്യ പത്തിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. ഒരു സെഞ്ചുറിയടക്കം ഇംഗ്ലണ്ടിനെ എയറിൽ നിർത്തിയ ഓപ്പണർ അഭിഷേക് ശർമ്മ, അരങ്ങേറിയതുമുതൽ സ്ഥിരതയോടെ കളിക്കുന്ന തിലക് വർമ്മ, ഇന്ത്യൻ ക്യാപ്റ്റനും മുൻ ഒന്നാം നമ്പർ താരവുമായ സൂര്യകുമാർ യാദവ് എന്നിവരാണ് പട്ടികയിലെ ഇന്ത്യക്കാർ. റാങ്കിംഗിൽ ഒന്നാമത് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡാണ്. രണ്ടാം സ്ഥാനത്ത് അഭിഷേക് ശർമ്മ. രണ്ട് പേരും ഐപിഎലിൽ സൺറൈസേഴ്സിൻ്റെ താരങ്ങൾ.
ഇന്ത്യയെ കാണുമ്പോ ഒരെല്ല് കൂടുന്ന ട്രാവിസ് ഹെഡ് കുറച്ചുനാളായി ടി20യിൽ ഒന്നാമതാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര അവസാനിച്ചപ്പോൾ തിലക് വർമ്മ രണ്ടാം സ്ഥാനത്തെത്തി. രണ്ട് സെഞ്ചുറിയടക്കം നേടി തിലക് പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്നു. പിന്നീടായിരുന്നു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. ഒരു സെഞ്ചുറിയടക്കം അപാരഫോമിൽ കളിച്ച അഭിഷേക് ശർമ്മ പരമ്പരയ്ക്ക് പിന്നാലെ തിലകിൽ നിന്ന് ഒന്നാം സ്ഥാനം നേടി. 829 ആണ് നിലവിൽ അഭിഷേകിൻ്റെ റേറ്റിംഗ്. തിലകിൻ്റെ റേറ്റിങ് 803. തിലക് മൂന്നാം സ്ഥാനത്തേക്കിറങ്ങി. അഞ്ചാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവ് (റേറ്റിങ് 738) ആണ് ആദ്യ പത്തിലെ ഇന്ത്യക്കാരിൽ മൂന്നാമത്തെയാൾ.




അഭിഷേക് രണ്ടാമതും ഹെഡ് ഒന്നാമതും എന്നത് സൺറൈസേഴ്സിനെത്തന്നെയാവും ഏറ്റവുമധികം ആഹ്ലാദിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ തന്നെ ഇരുവരും ചേർന്ന് ഐപിഎലിൽ കാഴ്ചവച്ചത് വെടിക്കെട്ട് മേളമായിരുന്നു. കെഎൽ രാഹുലിനെ ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിക്കുന്നതും പിന്നീട് താരത്തെ ടീമിൽ നിന്ന് റിലീസ് ചെയ്യുന്നതുമൊക്കെ അഭിഷേക് – ഹെഡ് സഖ്യത്തിൻ്റെ പ്രകടനങ്ങൾ കാരണമാണ്. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറി കൂട്ടുകെട്ടടക്കം സഖ്യം കണ്ടെത്തിയത് 691 റൺസാണ്. ഫൈനലിൽ ഇരുവരും പരാജയപ്പെട്ടതുകൊണ്ട് മാത്രം കൊൽക്കത്ത കിരീടം നേടി. ഇത്തവണ രാജ്യാന്തര മത്സരങ്ങളിലും അസാമാന്യ ഫോമിലുള്ള ഹെഡും അഭിഷേകും മറ്റ് ടീമുകൾക്ക് തലവേദനയാകുമെന്നുറപ്പ്. കഴിഞ്ഞ സീസണിൽ വളർന്നുവരുന്ന താരമെന്ന ലേബലിലായിരുന്നു അഭിഷേക്. എന്നാൽ, വരുന്ന സീസണിൽ ടീം ഇന്ത്യയുടെ ടി20 സെറ്റപ്പിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ താരമെന്ന ലേബലിലാവും അഭിഷേക് ഇറങ്ങുക. ഹെഡ് – അഭിഷേക് സഖ്യത്തെ പൂട്ടുകയാവും വരുന്ന സീസണിൽ ടീമുകളുടെ പ്രധാന വെല്ലുവിളി.