തിരഞ്ഞെടുപ്പില്‍ തോറ്റു; ഐഒഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.ടി. ഉഷ പുറത്തേക്ക്; അഞ്ജു ബോബി ജോര്‍ജിന് ജയം
IOA SOMs Election Results: ഐഒഎ അധ്യക്ഷ പി.ടി. ഉഷയ്ക്ക് 'സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ്' തിരഞ്ഞെടുപ്പില്‍ തോല്‍വി. ഇതോടെ ഐഒഎ അധ്യക്ഷസ്ഥാനത്ത് രണ്ടാം ഊഴം ലഭിക്കാനുള്ള ഉഷയുടെ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു. അഞ്ജു ബോബി ജോർജ്, സൈന നേവാൾ, റാണി രാംപാൾ, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ പി.ടി. ഉഷയ്ക്ക് ‘സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ്’ (SOMs) തിരഞ്ഞെടുപ്പില്‍ തോല്‍വി. ഇതോടെ ഐഒഎ അധ്യക്ഷസ്ഥാനത്ത് രണ്ടാം ഊഴം ലഭിക്കാനുള്ള ഉഷയുടെ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു. വനിതാ വിഭാഗത്തിൽ അഞ്ജു ബോബി ജോർജ്, സൈന നേവാൾ, റാണി രാംപാൾ, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി നടന്ന തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്കും അനിത പോൾ ദുരൈയ്ക്കും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.
ആറു പേര്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ അഞ്ജു ബോബി ജോര്‍ജിനാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 53 വോട്ടുകളാണ് അഞ്ജു നേടിയത്. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ (50 വോട്ടുകൾ), മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി (45 വോട്ടുകൾ), മുൻ ബാഡ്മിന്റൺ താരം സൈന നേവാൾ (43 വോട്ടുകൾ) എന്നിവര്‍ തൊട്ടുപിന്നാലെയെത്തി. പി.ടി. ഉഷ (40 വോട്ടുകൾ), ദുരൈ (6 വോട്ടുകൾ) എന്നിവർ പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം താല്പര്യം പ്രകടിപ്പിച്ച 80 സഹകായികതാരങ്ങൾ ചേർന്നാണ് ഇവരെ തിരഞ്ഞെടുത്തത്. ‘റൈറ്റ്2വോട്ട്’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. പുരുഷ വിഭാഗത്തിൽ ഗഗൻ നാരംഗ്, വിജേന്ദർ സിംഗ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉഷയുടെ വഴിയടഞ്ഞു?
വിജയിച്ചവര്‍ക്കെല്ലാം ഡിസംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടായിരിക്കും. എന്നാല്‍ പരാജയം ഉഷയ്ക്ക് തിരിച്ചടിയായി. ഇനി ദേശീയ സ്പോർട്സ് ഫെഡറേഷൻ ജനറൽ അസംബ്ലിയിലേക്ക് ചെയ്താല്‍ മാത്രം ഉഷയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചേക്കാം. എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്.
Also Read: Tanvi Patri: റെക്കോർഡിട്ട് തോറ്റു, വനിതാ ഷട്ടിലിൽ തൻവിക്ക് വെള്ളി
നേരത്തെ ഡോള ബാനർജി വോട്ടഭ്യർത്ഥിച്ചുകൊണ്ട് വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചുവെന്നും, പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ച് പി.ടി. ഉഷ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് കെ. ശ്രീവാസ്തവയ്ക്ക് പരാതി നൽകിയിരുന്നു.
ഡോള ബാനർജിയുടെ പേരുള്ള അക്കൗണ്ടിൽ നിന്ന് ‘ന്യൂ ഭാരത് പാനലിന്’ പിന്തുണ തേടിക്കൊണ്ട് വാട്‌സാപ്പ് സന്ദേശം അയച്ചുവെന്നായിരുന്നു ഉഷയുടെ ആരോപണം. നാല് സ്ഥാനാർത്ഥികളുടെ പേരുകളും അവരുടെ ബാലറ്റ് സീരിയൽ നമ്പറും റോൾ നമ്പറും സഹിതം വ്യക്തമാക്കി വോട്ട് അഭ്യർത്ഥിച്ചുവെന്നായിരുന്നു പരാതി.
English Summary
Reigning IOA chief PT Usha lost the Sportspersons of Outstanding Merit election. The defeat makes her ineligible to contest for a second presidential term. Anju Bobby George topped the polls, followed by Rani Rampal, Dola Banerjee, and Saina Nehwal. Earlier, Gagan Narang, Vijender Singh, Yogeshwar Dutt, and Kamlesh Mehta were elected unopposed.