IPL 2025: ഐപിഎലിൽ നിന്ന് ഏറ്റവും വേഗം പുറത്താവുന്ന രണ്ടാമത്തെ ടീമായി ചെന്നൈ; പഞ്ചാബിനെതിരെ തോറ്റത് നാല് വിക്കറ്റിന്
IPL 2025 CSK Eliminated From Playoffs: പഞ്ചാബ് കിംഗ്സിനെതിരെ തോറ്റ് പ്ലേ ഓഫിൽ നിന്ന് പുറത്തായി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബിനെതിരെ നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് ചെന്നൈ പുറത്തായത്.
സീസണിൽ പ്ലേ ഓഫിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അവസാന ഓവറിൽ 190 റൺസിന് ഓൾഔട്ട് ആയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് രണ്ട് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ കളി വിജയിച്ചു. ഐപിഎൽ ചരിത്രത്തിൽ തന്നെ പ്ലേ ഓഫ് പോരാട്ടത്തിൽ നിന്ന് ഏറ്റവും വേഗം പുറത്താവുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ. 2013 സീസണിൽ പൂനെ വാരിയേഴ്സാണ് ഇതിലും വേഗം പുറത്തായത്.
വൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിംഗും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്തു. ആര്യയെ (15 പന്തിൽ 23) പുറത്താക്കി ഖലീൽ അഹ്മദാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ശ്രേയാസ് അയ്യരും പ്രഭ്സിമ്രാൻ സിംഗും ചേർന്ന രണ്ടാം ഇന്നിംഗ്സിലാണ് പഞ്ചാബ് കളി പിടിച്ചത്. ഇരുവരും ചേർന്ന് 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 36 പന്തിൽ 54 റൺസ് നേടിയ പ്രഭ്സിമ്രാനെ വീഴ്ത്തി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.
Also Read: IPL 2025: ചഹലിന് ഹാട്രിക്; ചെന്നൈയെ കടൈകുട്ടി സിങ്കം കാത്തു, ഭേദപ്പെട്ട സ്‌കോര്‍




പിന്നാലെ നേഹൽ വധേര (5), ശ്രേയാസ് അയ്യർ (41 പന്തിൽ 72) എന്നിവരെ പുറത്താക്കി മതീഷ പതിരന ചെന്നൈക്ക് പ്രതീക്ഷ നൽകി. ഇതിനിടെ ശശാങ്ക് സിംഗിനെ (12 പന്തിൽ 23) ജഡേജ മടക്കിയിരുന്നു. സൂര്യാൻഷ് ഷെഡ്ഗെ (1) അവസാന ഓവറിൽ ഖലീൽ അഹ്മദിൻ്റെ ഇരയായി മടങ്ങിയെങ്കിലും ബൗണ്ടറിയടിച്ച് മാർക്കോ യാൻസൻ പഞ്ചാബിന് വിജയം സമ്മാനിച്ചു. ഇതോടെ 10 മത്സരങ്ങളിൽ ആറ് ജയം സഹിതം 12 പോയിൻ്റുമായി പഞ്ചാബ് കിംഗ്സ് രണ്ടാം സ്ഥാനത്തെത്തി.