IPL 2025: മക്കർക്കിന് പകരമെത്തിയ മുസ്തഫിസുർ റഹ്മാൻ കളിച്ചേക്കില്ല; ഡൽഹിയുടെ വൻ തന്ത്രത്തിന് ക്രിക്കറ്റ് ബോർഡിൻ്റെ തിരിച്ചടി
Mustafizur Rahman Might Not Play In The IPL: ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ സീസണിൽ കളിച്ചേക്കില്ല. ജേക്ക് ഫ്രേസർ മക്കർക്കിന് പകരക്കാരനായാണ് താരത്തെ ഡൽഹി ടീമിലെത്തിച്ചത്.

മുസ്തഫിസുർ റഹ്മാൻ
ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്കർക്കിന് പകരം ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയ ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാന് കളിക്കാൻ സാധിച്ചേക്കില്ല. മുസ്തഫിസുർ ഇതുവരെ എൻഒസിക്കായി അപേക്ഷിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരം യുഎഇക്കെതിരായ ടി20 ടീമിൽ ഉൾപ്പെട്ടിട്ടുമുണ്ട്. ഈ മാസം 17നും 19നുമാണ് യുഎഇക്കെതിരായ ടി20 മത്സരങ്ങൾ. ഐപിഎൽ പുനരാരംഭിക്കുന്നത് ഈ മാസം 17നും.
ടി20 പരമ്പരയ്ക്കായി മുസ്തഫിസുർ റഹ്മാൻ അടക്കമുള്ള ബംഗ്ലാദേശ് താരങ്ങൾ യുഎഇയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും മുസ്തഫിസുറും തങ്ങളുടെ എക്സ് ഹാൻഡിലുകളിലൂടെ അറിയിക്കുകയും ചെയ്തു. മുസ്തഫിസുറിനെ ടീമിലെത്തിച്ച വിവരം ഡൽഹി ക്യാപിറ്റൽസും ഐപിഎലും ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് താരത്തിൻ്റെ എക്സ് പോസ്റ്റ്.
യുഎഇക്കെതിരെ കളിക്കുമെങ്കിൽ മുസ്തഫിസുർ എങ്ങനെ മെയ് 17ന് പുനരാരംഭിക്കുന്ന ഐപിഎലിൽ കളിക്കുമെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. സാധാരണ ഐപിഎൽ ഫ്രാഞ്ചൈസികൾ താരങ്ങളെ സൈൻ ചെയ്യുന്നത് അതാത് ക്രിക്കറ്റ് ബോർഡുകളിൽ നിന്ന് എൻഒസി ലഭിച്ചതിന് ശേഷമാണ്. എന്നാൽ, മുസ്തഫിസുർ എൻഒസിക്കായി അപേക്ഷിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇത് നൽകിയിട്ടില്ലെന്നും ബോർഡ് സിഇഒ നിസാമുദ്ദീൻ ചൗധരി അറിയിച്ചു.
യുഎഇക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പാകിസ്താനിനെതിരെ മെയ് മാസം 25 മുതൽ ജൂൺ മൂന്ന് വരെ അഞ്ച് മത്സരങ്ങളടങ്ങിയ മറ്റൊരു ടി20 പരമ്പരയിലും മുസ്തഫിസുർ കളിക്കും. ജൂൺ മൂന്നിനാണ് ഐപിഎൽ ഫൈനൽ. മെയ് 18, 21, 24 തീയതികളിലാണ് ഡൽഹിയുടെ ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ.
ഐപിഎലിൽ വിവിധ ടീമുകൾക്കായി മുസ്തഫിസുർ റഹ്മാൻ കളിച്ചിട്ടുണ്ട്. 2016 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ച് കരിയർ ആരംഭിച്ച താരം പിന്നീട് മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളിലും കളിച്ചു.
ഓസ്ട്രേലിയൻ യുവതാരമായ മുസ്തഫിസുർ ഐപിഎൽ പുനരാരംഭിക്കുമ്പോൾ തിരികെ വരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. താരം ഏറെ ഭയന്നിരുന്നെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.