IPL 2025: ഗ്ലെൻ മാക്സ്‌വലിനെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന് ചോദ്യം; പുരുഷ ടീം ഉടമകളോട് ഇത് ചോദിക്കുമോ എന്ന് പ്രീതി സിൻ്റ
Priety Zinta - Glenn Maxwell: ഗ്ലെൻ മാക്സ്‌വലിനെ വിവാഹം കഴിക്കാത്തതെന്താണെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രീതി സിൻ്റ. പഞ്ചാബ് കിംഗ്സ് ഉടമയും അഭിനേത്രിയുമായ സിൻ്റ തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.

ഗ്ലെൻ മാക്സ്‌വലിനെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിൻ്റ. ഐപിഎലിലെ പുരുഷ ടീം ഉടമകളോട് ഈ ചോദ്യം ചോദിക്കുമോ എന്ന് അവർ തിരികെ ചോദിച്ചു. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് ഒരു യൂസറിൻ്റെ ചോദ്യത്തോട് സിൻ്റ പ്രതികരിച്ചത്.
‘ടീമുകളുടെ പുരുഷ ഉടമകളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുമോ? അതോ ഈ ചോദ്യം സ്ത്രീകൾക്കെതിരെ മാത്രമുള്ള വിവേചനമാണോ? കോർപ്പറേറ്റ് സെറ്റപ്പിൽ ഒരു സ്ത്രീയ്ക്ക് അതിജീവിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് ക്രിക്കറ്റിലേക്ക് വരുന്നതിന് മുൻപ് എനിക്കറിയില്ലായിരുന്നു. തമാശയ്ക്കാവും ഈ ചോദ്യം ചോദിച്ചതെന്ന് എനിക്കറിയാം. പക്ഷേ, സ്വയം നിങ്ങളുടെ ചോദ്യത്തിലേക്ക് നോക്കി എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ സ്വയം മനസിലാക്കുമെന്ന് ഞാൻ കരുതുന്നു. അത് നിങ്ങൾക്ക് മനസിലാക്കാനായാൽ ചോദ്യം നല്ലതല്ലെന്ന് വ്യക്തമാവും. കഴിഞ്ഞ 18 വർഷം കഠിനാധ്വാനം ചെയ്ത് ബഹുമാനം ലഭിക്കാനുള്ള യോഗ്യത നേടിയതായി ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് ഞാൻ അർഹിക്കുന്ന ബഹുമാനം നൽകണം. ലിംഗവിവേചനം അവസാനിപ്പിക്കണം.’- സിൻ്റ കുറിച്ചു.




Will you ask this question to the male team owners of all teams, or is this discrimination just towards the women? I never knew how difficult it is for women to survive in corporate setups until I got into cricket. I’m sure you asked this question out of humour, but I hope you… https://t.co/cBX4SbqAwS
— Preity G Zinta (@realpreityzinta) May 13, 2025
ഐപിഎലിൽ പഞ്ചാബ് കിംഗ്സിൻ്റെ സഹ ഉടമയാണ് പ്രീതി സിൻ്റ. ടീമിൽ 23 ശതമാനം പങ്കാളിത്തമാണ് സിൻ്റയ്ക്കുള്ളത്. 2008ലെ ആദ്യ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ ടീം ആരംഭിച്ചപ്പോൾ തന്നെ സിൻ്റ ടീം ഉടമകളിൽ ഒരാളായി ഉണ്ടായിരുന്നു. ടീമിൻ്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിലെത്തി പ്രോത്സാഹിപ്പിക്കുന്ന സിൻ്റ ഐപിഎലിലെ സ്ഥിരം കാഴ്ചയാണ്. ഇതുവരെ ടീം കിരീടം നേടിയിട്ടില്ലെങ്കിലും എല്ലാ വർഷവും സിൻ്റ സ്റ്റേഡിയത്തിൽ എത്താറുണ്ട്. ഈ സീസണിൽ ശ്രേയാസ് അയ്യരുടെ നേതൃത്വത്തിൽ കളിക്കുന്ന പഞ്ചാബ് പ്ലേ ഓഫ് സ്വപ്നം കാണുകയാണ്. 11 മത്സരങ്ങളിൽ 15 പോയിൻ്റുമായി പഞ്ചാബ് പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്.