IPL 2025: സൂര്യകുമാര്‍ ഷോയില്‍ മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; പുറത്താകാതിരിക്കാന്‍ ഡല്‍ഹിക്ക് മറികടക്കേണ്ടത് 180 റണ്‍സ്
IPL 2025 MI vs DC: ആറാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്-നമന്‍ ധിര്‍ സഖ്യം കാഴ്ചവച്ച മികച്ച പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 42 പന്തില്‍ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. നമന്‍ ധിര്‍ പുറത്താകാതെ എട്ട് പന്തില്‍ 24 റണ്‍സെടുത്തു.

നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ അഭിഷേക് പോറല്‍ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് രോഹിത് പുറത്തായത്. രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ വില്‍ ജാക്ക്‌സിനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണ്‍ മുംബൈയെ കര കയറ്റാന്‍ ശ്രമിച്ചു.
എന്നാല്‍ ആറാം ഓവറില്‍ റിക്കല്‍ട്ടണും, തൊട്ടടുത്ത ഓവറില്‍ ജാക്ക്‌സും പുറത്തായതോടെ ഡല്‍ഹി അപകടം മണുത്തു. 18 പന്തില്‍ 25 റണ്‍സെടുത്ത റിക്കല്‍ട്ടണെ കുല്‍ദീപ് യാദവും, 13 പന്തില്‍ 21 റണ്‍സെടുത്ത ജാക്ക്‌സിനെ മുകേഷ് കുമാറുമാണ് പുറത്താക്കിയത്.
നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയ്ക്ക് ആശ്വാസമായി. ഇരുവരും 55 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. 27 പന്തില്‍ 27 റണ്‍സെടുത്ത തിലകിനെ പുറത്താക്കി മുകേഷ് കുമാര്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു.




പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിരാശപ്പെടുത്തി. ആറു പന്തില്‍ മൂന്ന് റണ്‍സ് നേടാനെ ഹാര്‍ദ്ദികിന് സാധിച്ചുള്ളൂ. ഇത്തവണ ദുശ്മന്ത ചമീരയ്ക്കായിരുന്നു വിക്കറ്റ്. ആറാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്-നമന്‍ ധിര്‍ സഖ്യം കാഴ്ചവച്ച മികച്ച പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 43 പന്തില്‍ 73 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. നമന്‍ ധിര്‍ പുറത്താകാതെ എട്ട് പന്തില്‍ 24 റണ്‍സെടുത്തു.
ഡല്‍ഹിക്ക് നിര്‍ണായകം
ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഡല്‍ഹി പുറത്താകും. ഇന്ന് വിജയിക്കാനായാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ പ്രവേശിക്കും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചതുകൊണ്ട് മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാനാകില്ല. ഇരുടീമുകള്‍ക്കും പഞ്ചാബിനെതിരെ ഇനി മത്സരമുണ്ട്. ഇന്നത്തെ മത്സരത്തില്‍ തോറ്റാലും അടുത്ത മത്സരത്തില്‍ പഞ്ചാബിനെ തോല്‍പിക്കുകയും, ഡല്‍ഹി പഞ്ചാബിനോട് തോല്‍ക്കുകയും ചെയ്താലും മുംബൈയ്ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാം.
അതേസമയം, ഡല്‍ഹി ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയും, അടുത്ത മത്സരത്തില്‍ പഞ്ചാബിനെ തോല്‍പിക്കുകയും ചെയ്താല്‍ ഡല്‍ഹി പ്ലേ ഓഫില്‍ പ്രവേശിക്കും. ഡല്‍ഹി ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയും അടുത്ത മത്സരത്തില്‍ പഞ്ചാബിനോട് തോല്‍ക്കുകയും, മുംബൈ പഞ്ചാബിനെ തോല്‍പിക്കുകയും ചെയ്താല്‍ മുംബൈ ആകും പ്ലേ ഓഫില്‍ പ്രവേശിക്കുക. നിലവില്‍ മുംബൈക്ക് പതിനാലും, ഡല്‍ഹിക്ക് പതിമൂന്നും പോയിന്റുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അക്‌സര്‍ പട്ടേലിന് പകരം ഫാഫ് ഡു പ്ലെസിസാണ് ഇന്ന് ഡല്‍ഹിയെ നയിക്കുന്നത്.