IPL 2025: പ്ലേഓഫിലേക്ക് മത്സരിക്കാൻ ഏഴ് ടീമുകൾ; ടോപ്പ് ടു സാധ്യത ആർക്കൊക്കെ?: സാധ്യതകൾ ഇങ്ങനെ
IPL 2025 Playoffs Scenario: ഐപിഎലിൽ ഇത്തവണ പ്ലേഓഫിലെത്താൻ ഏറ്റവുമധികം സാധ്യതയുള്ളത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനാണ്. അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുണ്ടെങ്കിൽ ആർസിബി പ്ലേ ഓഫിലെത്തും. പ്ലേ ഓഫ് സാധ്യതയുള്ള മറ്റ് ടീമുകൾ ഏതൊക്കെയെന്ന് നോക്കാം.
ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ പ്ലേഓഫ് പോരാട്ടം മുറുകുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ മൂന്ന് ടീമുകൾ ഒഴികെ ബാക്കി ഏഴ് ടീമുകളും പ്ലേഓഫ് പ്രതീക്ഷയിലാണ്. ഇതിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അവസ്ഥ കുറച്ച് കഷ്ടമാണെങ്കിലും ബാക്കി ആറ് ടീമുകൾക്കും പ്ലേഓഫ് സാധ്യത നിലനിൽക്കുന്നുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവർ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു. ആർസിബി 11 കളികളിൽ എട്ടെണ്ണം വിജയിച്ച് 16 പോയിൻ്റുമായി ഒന്നാമതും പഞ്ചാബ് 11 കളികളിൽ ഏഴെണ്ണം വിജയിച്ച് 15 പോയിൻ്റുമായി രണ്ടാമതുമാണ്. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം കൂടി നേടാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബിന് ഒരു ജയത്തിനൊപ്പം നെറ്റ് റൺ റേറ്റും നന്നാവണം. രണ്ട് ജയം പ്ലേ ഓഫിനൊപ്പം ടോപ്പ് ടു സാധ്യതകളും വർധിപ്പിക്കും.
11 മത്സരങ്ങളിൽ ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള മുംബൈ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും 10 മത്സരങ്ങളിൽ ഏഴ് ജയമുള്ള ഗുജറാത്താണ് പ്ലേഓഫ് സാധ്യതയിൽ മുന്നിലുള്ള അടുത്ത ടീം. ഗുജറാത്തിന് ഇനി നാല് മത്സരങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പ്. രണ്ടോ മൂന്നോ ജയം ടോപ്പ് ടു സാധ്യതകളും മെച്ചപ്പെടുത്തും. മുംബൈക്ക് മൂന്ന് കളികളിൽ രണ്ട് ജയം നേടാനായാൽ പ്ലേ ഓഫിലെത്താം.




Also Read: IPL 2025: ആ വിശിഷ്ട സമ്മാനവുമായി രോഹിത് എത്തി; സിറാജിനും കിട്ടി ചാമ്പ്യൻസ് മോതിരം
11 മത്സരങ്ങളിൽ ആറ് ജയം സഹിതം 13 പോയിൻ്റുള്ള ഡൽഹി ക്യാപിറ്റൽസിന് പ്ലേഓഫിലെത്താൻ അടുത്ത രണ്ട് കളിയും ജയിക്കണം. ഒപ്പം നെറ്റ് റൺ റേറ്റും മെച്ചപ്പെടുത്തണം. 11 കളി അഞ്ച് ജയം സഹിതം 11 പോയിൻ്റുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താൻ മൂന്നിൽ മൂന്നും വിജയിക്കണം. അപ്പോഴും നെറ്റ് റൺ റേറ്റ് അടക്കമുള്ള മറ്റ് കാര്യങ്ങൾ അനുകൂലമാവേണ്ടതുണ്ട്. 11 കളികളിൽ 10 പോയിൻ്റുള്ള ലഖ്നൗവിൻ്റെയും അവസ്ഥ ഇതുതന്നെ.
ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം, നിലവിൽ ആദ്യ സ്ഥാനത്തുള്ള പല ടീമുകൾക്കും പരസ്പരം മത്സരങ്ങളുണ്ടെന്നതാണ്. അത് പ്ലേ ഓഫ് പോര് ആവേശകരമാക്കും.