IPL 2025: ഒരാഴ്ചയ്ക്കിടെ നാല് ബോംബ് ഭീഷണി; സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു
Sawai Mansingh stadium: ഐപിഎല്ലിന് പരിഭ്രാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്ന് പൊലീസ് അറിയിച്ചു
ജയ്പുര്‍: ഒരാഴ്ചയ്ക്കിടെ നാല് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ട ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാജസ്ഥാൻ സ്പോർട്സ് കൗൺസിലിനാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂരി’ന് പ്രതികാരമായി പ്രതികാരം നടത്തുമെന്നും ഇന്ത്യയിലുടനീളം പാകിസ്ഥാന്‍ സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. മൂന്ന് മത്സരങ്ങളാണ് ഇനി ഇവിടെ നടക്കേണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും പഞ്ചാബ് കിങ്‌സിന്റെ മറ്റ് മത്സരങ്ങളും ഇവിടെ നടത്തുന്നുണ്ട്.
മെയ് 18ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ഇവിടെ ഏറ്റുമുട്ടും. മെയ് 24ന് പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരങ്ങളും ഇവിടെ നടക്കും. മെയ് 26ന് പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിനും സവായ് മാന്‍സിങ് സ്‌റ്റേഡിയം ആതിഥേയത്വം വഹിക്കും.
“പാകിസ്ഥാനോട് കളിക്കരുത്. ഇന്ത്യയിലുടനീളം ഞങ്ങൾക്ക് വിശ്വസ്തരായ പാകിസ്ഥാൻ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്ന് നിങ്ങളുടെ സർക്കാരിനോട് പറയൂ. ഓപ്പറേഷൻ സിന്ദൂരിന് പകരമായി നിങ്ങളുടെ ആശുപത്രി തകർക്കപ്പെടും”-എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.




തുടര്‍ന്ന് ജയ്പുര്‍ പൊലീസ് ആശുപത്രിയിലടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സ്‌റ്റേഡിയം പരിസരത്ത് പരിശോധന നടത്തുന്നുണ്ട്. അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിക്ക് പിന്നില്‍ ആരാണെന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം വിദഗ്ധര്‍ ശ്രമിക്കുന്നുണ്ട്. ഐപി അഡ്രസ് കണ്ടെത്താതിരിക്കാന്‍ വിപിഎന്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മെയ് 8, 12, 13 തീയതികളിലും ഭീഷണി ലഭിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഐപിഎല്ലിന് പരിഭ്രാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ സഹായം പൊലീസ് തേടി.