IPL 2025: ഇന്ന് മുതല്‍ വീണ്ടും ഐപിഎല്‍ ആവേശം; മിക്ക താരങ്ങളും തിരിച്ചെത്തിയെന്ന് ലീഗ് ചെയര്‍മാന്‍
IPL to resume today: ഫ്രാഞ്ചെസികള്‍, സ്‌പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് നിര്‍ത്തിവച്ചത്. വിദേശസഞ്ചാരികള്‍ക്ക് എത്താന്‍ പറ്റിയ സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് താരങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നിലവാരമുള്ള ക്രിക്കറ്റിന് ചേര്‍ന്നതല്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മിക്ക താരങ്ങളും തിരിച്ചെത്തിയെന്നും, ആരെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ദേശീയ ടീമിനൊപ്പം ചില താരങ്ങള്‍ക്ക് ചേരേണ്ടതുണ്ട്. താരങ്ങളുടെ പ്രതിബദ്ധത മനസിലാക്കുന്നു. ലീഗിന്റെ ക്വാളിറ്റി നിലനിര്‍ത്തും. എല്ലാ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡുകളുമായും ബിസിസിഐയുമായും ഫ്രാഞ്ചെസികളുമായും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.
ഐപിഎല്‍ വേദികള്‍ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഓരോ വ്യക്തികളുടെയും സുരക്ഷയായിരുന്നു പ്രധാനം. ലീഗ് താല്‍ക്കാലികമായി നിര്‍ത്തിയത് ഒരു മുന്‍കരുതല്‍ നടപടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വികാരത്തിനൊപ്പവും സൈന്യത്തിനൊപ്പവും നിലയുറപ്പിക്കേണ്ട സമയമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തന്‍കോട്ട്, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് മത്സരം കാണാന്‍ ആരാധകര്‍ എത്തിയിരുന്നു. ആളുകള്‍ പരിഭ്രാന്തരാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് പൊലീസിനെ ഉപയോഗിച്ച് ആളുകളെ ഗ്രൗണ്ടില്‍ നിന്ന് ഒഴിപ്പിക്കാതിരുന്നത്. താന്‍ നേരിട്ട് ഗ്രൗണ്ടിലെത്തി ആരാധകരോട് സാഹചര്യം വിശദീകരിച്ചു. അത് മനസിലാക്കിയതിന് എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.




ലോജിസ്റ്റിക് വെല്ലുവിളികൾ ഉണ്ടായിരുന്നു. അനിശ്ചിതത്വവുമുണ്ടായിരുന്നു. ഐപിഎല്‍ എപ്പോള്‍ പുനഃരാരംഭിക്കാനാകുമെന്നും അറിയില്ലായിരുന്നു. ഒരു മത്സരം പോലും മുടങ്ങാതിരിക്കാനാണ് വേദികള്‍ മാറ്റിയത്. 17 വര്‍ഷമായി ഐപിഎല്‍ വിജയകരമായി നടത്തുന്നുണ്ട്. കൊവിഡ് കാലത്തെയും അതിജീവിച്ചു. ഇത്തവണ ചെറിയൊരു തടസം മാത്രമായിരുന്നു. വീഴ്ചകളെ അതിജീവിക്കുന്നതാണ് കായികമേഖലയുടെ ഭംഗിയെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി.
ഫ്രാഞ്ചെസികള്‍, സ്‌പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് നിര്‍ത്തിവച്ചത്. വിദേശസഞ്ചാരികള്‍ക്ക് എത്താന്‍ പറ്റിയ സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് താരങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നിലവാരമുള്ള ക്രിക്കറ്റിന് ചേര്‍ന്നതല്ല. കളിക്കാരെ ഐപിഎല്ലില്‍ തുടരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ആര്‍സിബി-കെകെആര്‍ പോരാട്ടം
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ പുനഃരാരംഭിക്കുന്നത്. വൈകിട്ട് 7.30നാണ് മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് തൊട്ടടുത്താണ്. എന്നാല്‍ ആറാമതുള്ള കെകെആറിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.