Virat Kohli : കോലിക്ക് പരിക്ക്; നാഗ്പൂർ ഏകദിനത്തിൽ ഇല്ല, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾക്ക് തിരിച്ചടിയോ?
India vs England Virat Kohli Injury And Fitness Update : വിരാട് കോലിയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ നാഗ്പൂർ ഏകദിനത്തിന് മുന്നോടിയായി അറിയിച്ചത്. കോലിക്ക് പുറമെ പേസർ ജസ്പ്രിത് ബുമ്രയും പരിക്കിൻ്റെ ഭീതിയിൽ പരമ്പരയിൽ നിന്നും മാറി നിൽക്കുകയാണ്.

നാഗ്പൂർ : രണ്ടാഴ്ചയ്ക്കപ്പുറം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് മുന്നോടിയായി ഇന്ത്യ ടീം പരിക്കിൻ്റെ ഭീതി. പേസർ ജസ്പ്രിത് ബുമ്രയ്ക്ക് പിന്നാലെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്കും പരിക്കേറ്റതായി ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു. കോലിക്ക് വലത് കാൽമുട്ടിന് പരിക്കേറ്റതായിട്ടാണ് രോഹിത് ശർമ ഇന്ത്യ-ഇംഗ്ലണ്ട് നാഗ്പൂർ ഏകദിനത്തിൻ്റെ ടോസിന് ശേഷം അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ഏകദിനത്തിൽ നിന്നും മാത്രമാണ് കോലി മാറി നിൽക്കുക എന്നാണ് രോഹിത് നൽകിയ സൂചന.
പരിശീലന സമയത്ത് വലത് കാൽമുട്ടിൻ്റെ ഭാഗത്ത് സ്ട്രാപ്പ് ധരിച്ച് നിൽക്കുന്ന കോലിയെ കണ്ട ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഫിസിയോയുടെ നിർദേശപ്രകാരം കോലിയെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയത്. അതേസമയം കോലിയുടെ പരിക്ക് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഒരുക്കത്തെ ബാധിച്ചേക്കുമെന്നുള്ള ഭീതിയും ബിസിസിഐക്കുണ്ട്.
ഇതോടെ ഏകദിനത്തിൽ 14,000 റൺസ് എന്ന നാഴികക്കല്ല താണ്ടാൻ കോലിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. 94 റൺസും കൂടി വേണം കോലിക്ക് ഈ നേട്ടം സ്വന്തമാക്കാൻ. ഏറ്റവും ഒടുവിലായി രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടിയാണ് കോലി പാഡ് അണിഞ്ഞത്. അതേസമയം പരിക്കുമൂലം കോലിയെ ബെഞ്ചിലിരുത്തിയതോടെ യുവതാരം യശ്വസ്വി ജയ്സ്വാളിന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാനായി. ജയ്സ്വാളിനൊപ്പം ഹർഷിത് റാണയും ഇന്ന നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ ബുമ്രയ്ക്ക് പകരമാണ് റാണയ്ക്ക് ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടാനായത്.




ആരോടും പറയാതെ ബിസിസിഐ
കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇന്ത്യയുടെ പ്രധാന പേസർ ജസ്പ്രിത് ബുമ്രയെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയത്. ഓസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ ബുമ്രയ്ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ആ പരിക്കിൽ നിന്നും ഇന്ത്യൻ പേസർ പൂർണമായും മുക്തനാകാത്തതിനെ തുടർന്നാണ് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും ബിസിസിഐ ഒഴിവാക്കിയത്. ചാമ്പ്യൻസ് ട്രോഫി മുന്നോടിയായി ബുമ്രയുടെ പരിക്ക് ഭേദമാകുമോ എന്ന ആശങ്കയാണ് ഇന്ത്യക്കുള്ളത്.
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025
ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് തുടക്കമാകുക. ടൂർണമെൻ്റിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതെങ്കിലും പാകിസ്താനിലും യു.എ.ഇയിലും വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. രണ്ട് ഗ്രൂപ്പുകളായി എട്ട് ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടുക. ചിരകാല വൈരികളായ ഇന്ത്യയും പാകിസ്താനും ഫെബ്രവുരി 23നാണ് ഏറ്റുമുട്ടക. ദുബായിൽ വെച്ചാണ് മത്സരം.