AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍

Ipl Auction Rajasthan Royals: കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു ദേശ്പാണ്ഡെ. 13 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ താരം പര്‍പ്പിള്‍ ക്യാപിനായുള്ള പോരാട്ടത്തില്‍ 12-ാമതുണ്ടായിരുന്നു. 2023ല്‍ ആറാം സ്ഥാനത്തായിരുന്നു ദേശ്പാണ്ഡെ.

IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
തുഷാര്‍ ദേശ്പാണ്ഡെ (image credits: PTI)
Jayadevan AM
Jayadevan AM | Published: 25 Nov 2024 | 11:07 PM

ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തിയ പണവിനിയോഗം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കായി 6.5 കോടി രൂപ മുടക്കിയതാണ് ആരാധകരെ ആശ്ചര്യത്തിലാഴ്ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ റോയല്‍സിനെതിരെ ട്രോളുകളും നിറയുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ കമന്റ് ബോക്‌സിലും പരിഹാസ കമന്റുകള്‍ നിരവധി കാണാം. വിക്കറ്റുകള്‍ വീഴ്ത്താറുണ്ടെങ്കിലും ദേശ്പാണ്ഡെ വന്‍തോതില്‍ റണ്‍സുകള്‍ വഴങ്ങുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഹാസമേറെയും.

എന്നാല്‍ താരത്തെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ ദേശ്പാണ്ഡെ മിന്നിത്തിളങ്ങുമെന്ന പ്രതീക്ഷയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. മികച്ച പ്രകടനത്തിലൂടെ താരം പരിഹസിക്കുന്നവരുടെ വായടപ്പിക്കുമെന്നാണ് ഇവരുടെ പ്രത്യാശ.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു ദേശ്പാണ്ഡെ. 13 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ താരം പര്‍പ്പിള്‍ ക്യാപിനായുള്ള പോരാട്ടത്തില്‍ 12-ാമതുണ്ടായിരുന്നു. 2023ല്‍ ആറാം സ്ഥാനത്തായിരുന്നു ദേശ്പാണ്ഡെ.

ഒരു കോടി രൂപയായിരുന്നു ഇത്തവണ 29കാരനായ താരത്തിന്റെ അടിസ്ഥാനത്തുക. ദേശ്പാണ്ഡെയെ വീണ്ടും ടീമിലെത്തിക്കാന്‍ ചെന്നൈ കിണഞ്ഞ് പരിശ്രമിച്ചു. ഇതാണ് ലേലത്തുക ഉയരാന്‍ കാരണമായതും.

യുവ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്വെന മഫാക്കയ്ക്കായി രാജസ്ഥാന്‍ 1.5 കോടി മുടക്കിയതും ആരാധകരെ ഞെട്ടിച്ചു. 75 ലക്ഷമായിരുന്നു 18കാരനായ താരത്തിന്റെ അടിസ്ഥാനത്തുക. എന്നാല്‍ ലേലപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൂടി അണിചേര്‍ന്നതോടെ മഫാക്കയുടെ തുക കുതിച്ചുയര്‍ന്നു.

അണ്ടര്‍ 19 ലോകകപ്പിലെ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് മഫാക്ക ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചിരുന്നു. പരിക്കേറ്റ പേസര്‍ ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരമായാണ് മുംബൈ മഫാക്കയെ എത്തിച്ചത്. എന്നാല്‍ എടുത്തുപറയത്തക്ക പ്രകടനം ഐപിഎല്ലില്‍ പുറത്തെടുക്കാന്‍ മഫാക്കയ്ക്ക് സാധിച്ചില്ല.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, യഷ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരെയാണ് ലേലത്തിന് മുന്നോടിയായി റോയല്‍സ് നിലനിര്‍ത്തിയത്.

ജോസ് ബട്ട്‌ലര്‍ അടക്കമുള്ളവരെ വിട്ടുകളഞ്ഞതില്‍ ആരാധകരുടെ അതൃപ്തി ഇനിയും കെട്ടടങ്ങിയിട്ടില്ല. നിതീഷ് റാണ, ശുഭം ദുബെ, വൈഭവ് സൂര്യവന്‍ശി, കുണാല്‍ റാത്തോര്‍, ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരങ്ക, യുധ്വിന്‍ സിങ്, മഹീഷ് തീക്ഷണ, ആകാശ് മധ്വാല്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡെ, ഫസല്‍ഹഖ് ഫറൂഖി, ക്വെന മഫാക്ക, അശോക് ശര്‍മ എന്നിവരെ ലേലത്തിലൂടെ ടീം സ്വന്തമാക്കി.