AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ദേ പഞ്ചാബ് പിന്നെയും, പ്രീതി സിന്റ രണ്ടും കല്‍പിച്ച് ! മാര്‍ക്കോ യാന്‍സണെയും കൊണ്ടുപോയി

IPL Auction 2025 Marco Janesn: പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാലും, ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നതിനാലും യാന്‍സണ്‍ ഫ്രാഞ്ചെസികളുടെ നോട്ടപ്പുള്ളിയായിരുന്നു

IPL Auction 2025: ദേ പഞ്ചാബ് പിന്നെയും, പ്രീതി സിന്റ രണ്ടും കല്‍പിച്ച് ! മാര്‍ക്കോ യാന്‍സണെയും കൊണ്ടുപോയി
marco jansen (imahe credits: PTI)
Jayadevan AM
Jayadevan AM | Updated On: 25 Nov 2024 | 06:47 PM

ജിദ്ദ: ആരെയെങ്കിലും ഒന്ന് ബാക്കി വയ്ക്കടേ….! പഞ്ചാബ് കിങ്‌സിന്റെ ലേലവിളി കാണുന്ന മറ്റ് ഫ്രാഞ്ചെസികളുടെ മനസിലെ ചിന്ത ചിലപ്പോള്‍ ഇങ്ങനെയായിരിക്കും. പ്രീതി സിന്റയുടെ പഞ്ചാബ് സ്വന്തമാക്കുന്നതെല്ലാം കിടിലം താരങ്ങളെ. ആ താരങ്ങളുടെ പട്ടികയിലേക്ക് ഇതാ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സണും കൂടി. ഏഴ് കോടി രൂപയാണ് പ്രതിഫലം.

അടുത്തിടെ സമാപിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലടക്കം യാന്‍സണ്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാലും, ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നതിനാലും യാന്‍സണ്‍ ഫ്രാഞ്ചെസികളുടെ നോട്ടപ്പുള്ളിയായിരുന്നു. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമായുള്ള കടുത്ത ലേല പോരാട്ടത്തിന് ശേഷമാണ് യാന്‍സണെ പഞ്ചാബ് സ്വന്തമാക്കിയത്.

1.5 കോടി രൂപയായിരുന്നു അടിസ്ഥാന തുക. 2022 സീസണ്‍ മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് യാന്‍സണ്‍ കളിച്ചത്. ഹൈദരാബാദിനൊപ്പമുള്ള ആദ്യ സീസണിൽ യാന്‍സണ്‍ 8 മത്സരങ്ങൾ കളിക്കുകയും 7 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഐപിഎൽ 2023ൽ 8 മത്സരങ്ങൾ കളിച്ച് 10 വിക്കറ്റ് വീഴ്ത്തി. ഐപിഎൽ 2024 ൽ, 3 മത്സരങ്ങൾ മാത്രം കളിച്ച് ഒരു വിക്കറ്റ് വീഴ്ത്തി.

2021ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് താരം ഐപിഎല്ലിലെത്തുന്നത്. അരങ്ങേറ്റ സീസണില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് വിക്കറ്റ് വീഴ്ത്തി.

സൂപ്പര്‍ താരങ്ങളെ എത്ര പണം മുടക്കിയാലും ടീമിലെത്തിക്കുമെന്ന നയം പഞ്ചാബ് കിങ്‌സ് ആദ്യ ദിവസം തന്നെ തെളിയിച്ചിരുന്നു. 10 ഇന്ത്യന്‍ താരങ്ങളടക്കം 13 പേരെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ഫ്രാഞ്ചെസിയുടെ കൈവശം ഇനിയും 15 കോടിയോളം അവശേഷിക്കുന്നുണ്ട്.

അര്‍ഷ്ദീപ് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്, യാഷ് താക്കൂര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിങ്, യുസ്വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍, ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, വിഷ്ണു വിനോദ്, നെഹാല്‍ വധേര, വൈശാഖ് വിജയ്കുമാര്‍ എന്നിവരെയും പഞ്ചാബ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

18 കോടി രൂപയ്ക്കാണ് ചഹലിനെ പഞ്ചാബ് കൊണ്ടുപോയത്. മുന്‍ സീസണിനെ അപേക്ഷിച്ച് പ്രതിഫലത്തില്‍ 177 ശതമാനം വര്‍ധനവാണ് ചഹലിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ താരം കളിച്ചത് 6.5 കോടി രൂപയ്ക്കായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ സ്പിന്നറെന്ന നേട്ടവും ചഹല്‍ തൂക്കി.

ലേലം ആരംഭിച്ചതു മുതല്‍ പഞ്ചാബ് കിങ്‌സ് മിന്നും ഫോമിലാണ്. ആദ്യം തന്നെ അര്‍ഷ്ദീപ് സിങിനെ 18 കോടിക്ക് ടീമിലെത്തിച്ചു. മുന്‍ സീസണിലും അര്‍ഷ്ദീപ് പഞ്ചാബ് താരമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണില്‍ വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിന്റെ അടുത്ത ലക്ഷ്യം. 26.75 കോടി രൂപ വാരിയെറിഞ്ഞ് ശ്രേയസ് പഞ്ചാബിലെത്തി. അടുത്ത സീസണില്‍ ശ്രേയസാകും പഞ്ചാബിന്റെ നായകന്‍.

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇത്തവണ പഞ്ചാബിന്റെ നീക്കം. ഇതുവരെ കപ്പ് കിട്ടിയിട്ടില്ലെന്ന നാണക്കേടിന് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് പരിഹാരം കണ്ടെത്താനാണ് പഞ്ചാബിന്റെ ശ്രമങ്ങളത്രയും.