Joshua Pynadath: അമേരിക്കയുടെ മലയാളി പയ്യന്‍; ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിലെത്തുമോ? അഭ്യൂഹങ്ങള്‍ ശക്തം
Joshua Pynadath India Rumor: ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നുവെന്ന് അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമാണെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. 2013-ൽ, ബാഴ്‌സലോണയും റയൽ മാഡ്രിഡും അവരുടെ യൂത്ത് സിസ്റ്റങ്ങളിൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ജോഷ്വ ശ്രദ്ധേയനായത്.

ജോഷ്വ പൈനാടത്ത്
Joshua Pynadath Footballer: വിദേശ ടീമുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ എത്തിക്കണമെന്ന ആവശ്യം ഏറെ നാളുകളായി ശക്തമാണ്. എഐഎഫ്എഫും ഇത്തരത്തിലുള്ള താരങ്ങളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായാണ് റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. റയാന്റെ വരവ് ഇന്ത്യന്‍ ടീമിന് പുത്തന്‍ ഉണര്‍വ് സമ്മാനിച്ചിട്ടുണ്ട്. റയാനെ പോലെ കൂടുതല്‍ താരങ്ങള്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇപ്പോഴിതാ, അമേരിക്കയുടെ മലയാളി പയ്യന്‍ ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നുവെന്ന അഭ്യൂഹം ശക്തമാവുകയാണ്. നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ കിംവദന്തി പ്രചരിക്കുന്നത്.
ഇന്ത്യൻ പൗരനാകാനും ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാനും വേണ്ടി ജോഷ്വ പൈനാടത്ത് തന്റെ അമേരിക്കൻ പാസ്‌പോർട്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. നടപടിക്രമങ്ങളെക്കുറിച്ച് റയാന്‍ വില്യംസുമായി ജോഷ്വ ചര്‍ച്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
🚨 | BREAKING: Joshua Pynadath is reportedly giving up his American Passport to become an Indian Citizen and play for #IndianFootball Team 🇮🇳
The 24-year-old ex-Real Madrid and Ajax Academy winger has even consulted Ryan Williams about the process!
HUGE NEWS #IndianFootball 🔥 pic.twitter.com/vJbZ95erzy
— Best of Indian Football (@IndianFootyBest) April 16, 2026
സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഈ പ്രചാരണത്തെ വരവേറ്റത്. വാര്‍ത്ത സത്യമാണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ആരാണ് ജോഷ്വ പൈനാടത്ത്?
24-കാരനായ ജോഷ്വയുടെ പിതൃകുടുംബം കേരളത്തില്‍ നിന്നാണ്. റെഡ് സ്റ്റാർ സോക്കർ അക്കാദമിയിലൂടെയാണ് താരം യൂത്ത് കരിയര്‍ ആരംഭിച്ചത്. 2013-ൽ, ബാഴ്‌സലോണയും റയൽ മാഡ്രിഡും അവരുടെ യൂത്ത് സിസ്റ്റങ്ങളിൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് താരം ശ്രദ്ധേയനായത്. തുടര്‍ന്ന് താരം റയല്‍ മാഡ്രിഡിന്റെ യൂത്ത് പോഗ്രാമിന്റെ ഭാഗമായി. റയൽ മാഡ്രിഡ് അക്കാദമിയിൽ ചേരുന്ന ആദ്യ ഇന്ത്യൻ വംശജനാണ്.
2015-ല്‍ അയാക്‌സ് യൂത്ത് സിസ്റ്റത്തില്‍ ചേര്‍ന്നു. 2019-ല്‍ ജോങ് അയാക്‌സിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ചു. 2024 ജൂലൈ 8-ന് എഫ്‌സി ഡോർഡ്രെക്റ്റിൽ ചേര്‍ന്നു. യുഎസിന്റെ അണ്ടര്‍ 15, അണ്ടര്‍ 17 ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
നിരാകരണം
ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഈ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ലേഖനമാണിത്. ജോഷ്വ ഇന്ത്യന്‍ ടീമില്‍ ചേരുമോയെന്നതില്‍ സ്ഥിരീകരണമില്ല. ടിവി 9 മലയാളം സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല.