ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
ISL Uncertainty: ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നു. ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ക്ലബുകളുടെ നിര്‍ദ്ദേശം എഐഎഫ്എഫ് അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ പ്രശ്‌നം
അഴിക്കുംതോറും കുരുക്ക് മുറുകുന്ന തരത്തില്‍ ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നു. ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ക്ലബുകളുടെ നിര്‍ദ്ദേശം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ പ്രശ്‌നം തലപൊക്കിയത്. എഐഎഫ്‌എഫിന്റെ ഭരണഘടനയിലെ വാണിജ്യ നിയന്ത്രണ വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്ലബുകള്‍.
‘ഗുരുതരമായ പരിക്കില്‍ ബാന്‍ഡ് എയ്ഡ്’ കെട്ടുന്നതുപോലെയാണ് നിലവിലെ വ്യവസ്ഥകളെന്നാണ് ക്ലബുകളുടെ വിമര്‍ശനം. ആഗോളതലത്തിൽ മികച്ച രീതികൾക്ക് അനുസൃതമായി എഐഎഫുഎഫുമായി തുറന്ന മനസോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്ലബുകള്‍ വ്യക്തമാക്കി.
എന്നാല്‍ ഏതൊരു മാതൃകയും സാമ്പത്തികമായും പ്രവര്‍ത്തനപരമായും ലാഭകരമാണെങ്കില്‍ സ്‌പോണ്‍സര്‍മാരെയും, നിക്ഷേപകരെയുമടക്കം ആകര്‍ഷിക്കാനുള്ള കഴിവടക്കം വേണം. എഐഎഫ്‌എഫിന്റെ വാണിജ്യ നിയന്ത്രണ വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതുവരെ ഇത് സാധ്യമല്ലെന്ന് ക്ലബുകള്‍ വ്യക്തമാക്കി.
ഈ മാറ്റങ്ങള്‍ വരുത്താതെ നല്ല ഉദ്ദേശ്യങ്ങള്‍ ഉണ്ടായാല്‍ പോലും സുസ്ഥിരമായ ലീഗ് ഘടന കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന് ക്ലബുകള്‍ക്ക് വേണ്ടി മോഹൻ ബഗാൻ എസ്‌ജി ഡയറക്ടർ വിനയ് ചോപ്ര എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.