Kerala Blasters: സൂപ്പര്‍ കപ്പ് പ്രതീക്ഷിച്ചതുപോലെ പൂര്‍ത്തിയാക്കാനായില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എയറില്‍ കയറ്റി ആരാധകര്‍
Kerala Blasters faces criticism from fans: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഇത്തവണയെങ്കിലും കപ്പ് പ്രതീക്ഷിച്ചെന്നും, എന്നാല്‍ പതിവുപോലെ ഈ പ്രാവശ്യവും പടിക്കല്‍ കൊണ്ടുപോയി കലമുടച്ചെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: എഐഎഫ്എഫ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയോട് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തായത്. സമനില നേടിയാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മഞ്ഞപ്പടയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച മുംബൈ സിറ്റി സെമി ഫൈനലില്‍ പ്രവേശിച്ചു. പുറത്തായതിന് പിന്നാലെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ നിരവധി പേരാണ് വിമര്‍ശിച്ച് കമന്റ് രേഖപ്പെടുത്തിയത്.
”എഐഎഫ്എഫ് സൂപ്പർകപ്പ് കാമ്പെയ്ന്‍ പ്രതീക്ഷിച്ച രീതിയിലാണ് സമാപിച്ചത്. ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും, സ്റ്റാൻഡുകളിൽ നിന്ന് ടീമിനെ പിന്തുണയ്ക്കാൻ യാത്ര ചെയ്തവർക്കും ക്ലബ് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു”-എന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കുറിപ്പ്.
ഇത് പതിവ് പല്ലവിയാണെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇത്തവണയെങ്കിലും കപ്പ് പ്രതീക്ഷിച്ചെന്നും, എന്നാല്‍ പതിവുപോലെ ഈ പ്രാവശ്യവും പടിക്കല്‍ കൊണ്ടുപോയി കലമുടച്ചെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. കോച്ചിന്റെ തന്ത്രം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്. അനാവശ്യമായി റെഡ് കാര്‍ഡ് വഴങ്ങിയ സന്ദീപിനെതിരെയും, മോശം പ്രകടനം പുറത്തെടുത്ത ഡാനിഷിനെതിരെയും ആരാധകര്‍ കമന്റുകളിലൂടെ ആഞ്ഞടിക്കുന്നു.
ഫറ്റോഡയില്‍ നടന്ന മത്സരത്തില്‍ 88-ാം മിനിറ്റില്‍ മുഹമ്മദ് സഹീഹാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് ആറു പോയിന്റുണ്ട്. മുംബൈയ്ക്കും ആറു പോയിന്റുണ്ട്. എന്നാല്‍ നേര്‍ക്കുനേര്‍ മത്സരത്തില്‍ വിജയിച്ചതാണ് മുംബൈയ്ക്ക് അനുകൂലമായത്. ആദ്യ പകുതിയുടെ അവസാനമാണ് സന്ദീപിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയത്. ഇതോടെ സന്ദീപ് പുറത്തായി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പത്തു പേരുമായി ബ്ലാസ്റ്റേഴ്‌സിന് കളിക്കേണ്ടി വന്നു. ഇത് പ്രകടനത്തെ സാരമായി ബാധിച്ചു.