AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Football: വില്യംസിനെ മാത്രമല്ല, അവരെയും എത്തിക്കണം; ഖാലിദ് ജമീലിന്റെ രാജതന്ത്രത്തിന് കയ്യടിച്ച് ആരാധകര്‍; ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാമാറ്റം

A new direction for Indian football: റയാന്‍ വില്യംസണിനെ പോലുള്ള ഇന്ത്യന്‍ വംശജരായ താരങ്ങളുടെ പട്ടിക എഐഎഫ്എഫിന്റെ കയ്യിലുണ്ട്. ഇത്തരത്തിലുള്ള താരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് കല്യാണ്‍ ചൗബെ വ്യക്തമാക്കി

Indian Football: വില്യംസിനെ മാത്രമല്ല, അവരെയും എത്തിക്കണം; ഖാലിദ് ജമീലിന്റെ രാജതന്ത്രത്തിന് കയ്യടിച്ച് ആരാധകര്‍; ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാമാറ്റം
റയാന്‍ വില്യംസ് ഐഎസ്എല്ലില്‍ കളിക്കുന്നു (ഫയല്‍ ചിത്രം) Image Credit source: PTI
jayadevan-am
Jayadevan AM | Published: 07 Nov 2025 14:41 PM

ലോക ഫുട്‌ബോളിലെ അതികായന്മാരായ ഫ്രാന്‍സടക്കം പല ടീമുകളെയും പരിശോധിച്ചാല്‍, ചില താരങ്ങളെങ്കിലും വിദേശവേരുകളുള്ളവരാണെന്ന് മനസിലാകും. കാമറൂണ്‍കാരന്‍ വില്‍ഫ്രണ്ടിന്റെയും, അല്‍ജീരിയക്കാരിയ ഫയ്‌സ ലമാരിയുടെയും മകന്‍ കിലിയന്‍ എംബാപ്പെ തന്നെ ഒരു ഉദാഹരണം. ബെല്‍ജിയത്തിന്റെ സൂപ്പര്‍താരം റൊമേലു ലുക്കാക്കുവിന്റെ കുടുംബം കോംഗോയില്‍ നിന്നുള്ളവരാണ്. ലോകഫുട്‌ബോളില്‍ ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന് ഓപ്ഷനുകളുണ്ടായിരുന്നെങ്കിലും ഇതുവരെ അത് പ്രയോജനപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ആരാധകരടക്കം ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

ഒടുവില്‍ ഇന്ത്യന്‍ ഫുട്‌ബോളും അത്തരമൊരു പരീക്ഷണത്തിന് മുതിരുകയാണ്. ഇതിന്റെ ആദ്യപടിയായാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസണിനെയും, നേപ്പാളില്‍ ജനിച്ച അബ്‌നീത് ഭാരതിയെയും സീനിയര്‍ ക്യാമ്പിലേക്ക് വിളിപ്പിച്ചത്. ബെംഗളൂരുവിൽ നടക്കുന്ന സീനിയർ ദേശീയ ഫുട്ബോൾ ടീം ക്യാമ്പിലേക്കാണ് ഇരുവരെയും വിളിപ്പിച്ചത്. ഓസീസ് ടീമില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ വില്യംസ് ഇന്ത്യയിലെത്തും. എന്‍ഒസി ലഭിക്കുന്നത് മാത്രമാണ് മുന്നിലുള്ള ഏക കടമ്പ. ഇത് ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഓസീസ് ദേശീയ ടീമിനായി ഇതിന് മുമ്പ് വില്യംസ് ഒരു മത്സരം കളിച്ചിട്ടുണ്ട്. 2023 മുതല്‍ ഐഎസ്എല്ലില്‍ ബെംഗളൂരുവിനായി കളിക്കുന്നു. തുടര്‍ന്ന് താരം ഇന്ത്യയില്‍ തുടരുകയാണ്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടാനുള്ള ശ്രമത്തിലായിരുന്നു.

ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ താരം ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചു. വില്യംസിന്റെ അമ്മ മുംബൈയിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ഇതാണ് വില്യംസിന്റെ ഇന്ത്യന്‍ ബന്ധം. ബൊളീവിയന്‍ ക്ലബായ അക്കാദമിയ ഡെല്‍ ബലോംപി ബൊളീവിയാനോയ്ക്ക് വേണ്ടിയാണ് അബ്‌നീത് ഭാരതി കളിക്കുന്നത്. നേപ്പാളില്‍ ജനിച്ച അബ്‌നീതും ഇന്ത്യന്‍ വംശജനാണ്.

പുതിയ ദിശാമാറ്റം

പൂര്‍ണമായും ഇന്ത്യന്‍ പൗരന്മാരായവര്‍ക്ക് മാത്രമേ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാകൂവെന്ന് 2008ലെ കായികനയം അനുശാസിക്കുന്നു. ഇത് മൂലം ‘പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍’ (പിഐഒ), ‘ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ’ (ഒസിഐ) വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദിക്കാത്തതാണ് കാരണം. സുപ്രീംകോടതി ഈ നയം ശരിവച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ഇന്ത്യന്‍ വംശജരായ ചില താരങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിദേശ പൗരത്വം ഇവര്‍ ഉപേക്ഷിക്കാത്തത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ റയാന്‍ വില്യംസ് തയ്യാറായത്.

Also Read: Asian Cup qualifier: ബംഗ്ലാദേശിനെതിരായ ഏഷ്യന്‍ കപ്പ് ക്വാളിഫയര്‍; ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡില്‍ മൂന്ന് മലയാളികള്‍

പിന്നില്‍ സുനില്‍ ഛേത്രി

റയാന്‍ വില്യംസിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചത് സുനില്‍ ചേത്രിയായിരുന്നു. മെയ് മാസത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ക്യാമ്പിലാണ്‌ സുനില്‍ ഛേത്രി ഇക്കാര്യം അറിയിച്ചതെന്ന്‌ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ വെളിപ്പെടുത്തി. റയാന് ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം തന്റെ വിവരങ്ങൾ ബെംഗളൂരുവിലെ ബന്ധപ്പെട്ട സർക്കാർ അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സുനില്‍ പറഞ്ഞതായി കല്യാൺ ചൗബെ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വളരെയധികം സമയമെടുക്കും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ വെറും ഏഴു മാസങ്ങള്‍കൊണ്ട് റയാന് പാസ്‌പോര്‍ട്ട് ലഭിച്ചു. കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും കല്യാൺ ചൗബെ പറഞ്ഞു. ഓസ്‌ട്രേലിയയിൽ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ഫൈനൽ റൗണ്ട് ക്വാളിഫയറില്‍ ഇന്ത്യയ്ക്ക് വേണ്ടി  റയാന്‍ വില്യംസ് കളിച്ചേക്കും.

കൂടുതല്‍ താരങ്ങള്‍ ലക്ഷ്യം

റയാന്‍ വില്യംസണിനെ പോലുള്ള ഇന്ത്യന്‍ വംശജരായ താരങ്ങളുടെ പട്ടിക എഐഎഫ്എഫിന്റെ കയ്യിലുണ്ട്. ഇത്തരത്തിലുള്ള താരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് കല്യാണ്‍ ചൗബെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആവശ്യമാണ് താരങ്ങളും ഉന്നയിക്കുന്നത്. ദിലൻ മാർക്കണ്ഡേ, യാൻ ദണ്ഡ, ആന്ദ്രേ ലാക്‌സിമിക്കൻ്റ്, ഏതൻ സുബാക്ക്, മാൽ ബെന്നിംഗ് തുടങ്ങിയ താരങ്ങളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെത്തിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.