Kerala Cricket Association: ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്ക്; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടിക്ക് കെസിഎ
KCA Sanju Samson Row: സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടർന്നാണ് നടപടി. ടീമില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

സഞ്ജു സാംസൺ, എസ്. ശ്രീശാന്ത്
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണിന്റെ പിതാവിനെതിരെ നിയമനടപടിയുണ്ടാകുമെന്നും കെസിഎ അറിയിച്ചു. ബുധനാഴ്ച എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമെടുത്തത്.
സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടർന്നാണ് നടപടി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് ശ്രീശാന്തിനെതിരെ നടപടിയെടുത്തത്. ടീമില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.
സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.