FIFA Club Wold Cup 2025: റയല്‍ മാഡ്രിഡ് തവിടുപൊടി, ഫാബിയന്‍ റൂയിസിന്റെ ചിറകിലേറി പിഎസ്ജി ഫൈനലില്‍
FIFA Club Wold Cup 2025 PSG vs Real Madrid: മത്സരത്തിലുടനീളം പിഎസ്ജിയുടെ അപ്രമാദിത്യമായിരുന്നു. ബോള്‍ പൊസഷനിലടക്കം അത് പ്രകടമായിരുന്നു. റയലിന്റെ പ്രതിരോധ, മുന്നേറ്റ നിരക്കള്‍ അമ്പേ പാളി. ലക്ഷ്യത്തിലേക്ക് തൊടുക്കാനായത് വെറും രണ്ട് ഷോട്ടുകള്‍ മാത്രം. മറുവശത്ത് പിഎസ്ജി ഏഴെണ്ണം പായിച്ചു
റയല്‍ മാഡ്രിഡിനെ നിലംപരിശാക്കി പിഎസ്ജി ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയലിനെ പിഎസ്ജി നിലംതൊടിക്കാതെ പറപ്പിച്ചത്. ഫാബിയന്‍ റൂയിസിന്റെ ഇരട്ടഗോളിലായിരുന്നു പിഎസ്ജിയുടെ മിന്നും ജയം. ഉസ്മാനെ ഡെംബലെ, ഗോണ്‍സാലോ റാമോസ് എന്നിവരും പിഎസ്ജിക്കായി വല കുലുക്കി. മത്സരത്തിലുടനീളം പിഎസ്ജിയുടെ അപ്രമാദിത്യമായിരുന്നു. ബോള്‍ പൊസഷനിലടക്കം (പിഎസ്ജി 69%, റയല്‍ 31%) അത് പ്രകടമായിരുന്നു. റയലിന്റെ പ്രതിരോധ, മുന്നേറ്റ നിരക്കള്‍ അമ്പേ പാളി. ലക്ഷ്യത്തിലേക്ക് തൊടുക്കാനായത് വെറും രണ്ട് ഷോട്ടുകള്‍ മാത്രം. മറുവശത്ത് പിഎസ്ജി ഏഴെണ്ണം പായിച്ചു. ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ റയലിന് സാധിച്ചില്ല.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ പിഎസ്ജി ആദ്യ വെടി പൊട്ടിച്ചു. ഫാബിയന്‍ റൂയിസിന്റെ ആദ്യ ഗോള്‍. മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ അടുത്ത ഗോളെത്തി. ഇത്തവണ ഡെംബലെയുടെ ഊഴമായിരുന്നു. 24-ാം മിനിറ്റില്‍ റൂയിസ് കൊടുങ്കാറ്റ് വീണ്ടും ആഞ്ഞടിച്ചതോടെ റയല്‍ കടപുഴകി.
Read Also: FIFA Club World Cup 2025 : സോഔ പെഡ്രോയുടെ ഇരട്ട ഗോൾ; ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ




ഗോളിനായി റയല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ പിന്നീട് ഒന്നും കാര്യമായി സംഭവിച്ചില്ല. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്നെങ്കിലും, രണ്ടാം പകുതിയില്‍ 87-ാം മിനിറ്റ് വരെ ഇരുടീമുകളുടെയും പ്രതിരോധനിര കളംനിറഞ്ഞു. ലഭിച്ച ഗോള്‍ അവസരങ്ങള്‍ ഇരുടീമുകള്‍ക്കും മുതലെടുക്കാനായില്ല. ഒടുവില്‍ 87-ാം മിനിറ്റില്‍ റാമോസ് റയലിന് നേരെ അവസാന നിറയൊഴിച്ചതോടെ ആധികാരികമായി പിഎസ്ജിയുടെ ഫൈനല്‍ പ്രവേശനം. ജൂലൈ 14നാണ് ഫൈനല്‍. എതിരാളികള്‍ ചെല്‍സി.