Sanju Samson : ടി20 ശൈലിയിൽ അടിച്ചുതകർത്ത് സഞ്ജു; ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ശക്തമായ നിലയിൽ
Sanju Samson Duleep Trophy : മലയാളി താരം സഞ്ജു സാംസണിൻ്റെ ആക്രമണ ഇന്നിംഗ്സിൻ്റെ ബലത്തിൽ ഇന്ത്യ ഡി ശക്തമായ നിലയിൽ. ഇന്ത്യ എയ്ക്കെതിരായ ദുലീപ് ട്രോഫി മത്സരത്തിൻ്റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ് ഇന്ത്യ ഡി. 83 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന സഞ്ജു സാംസൺ ഇന്ത്യ ഡിയ്ക്കായി തകർപ്പൻ പ്രകടനം നടത്തി.
ദുലീപ് ട്രോഫിയിൽ അടിച്ചുതകർത്ത് സഞ്ജു സാംസൺ. ഇന്ത്യ ഡിയ്ക്കായി കളിക്കുന്ന സഞ്ജു ആദ്യ ദിനം 83 പന്തിൽ 89 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയാണ്. സഞ്ജുവിൻ്റെ തകർപ്പൻ പ്രകടനം കരുത്തായപ്പോൾ ഇന്ത്യ ബിയ്ക്കെതിരെ ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡിയ്ക്കായി ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും കെഎസ് ഭരതും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ഫിഫ്റ്റിയടിച്ചപ്പോൾ ആദ്യ വിക്കറ്റിൽ 105 റൺസാണ് സ്കോർബോർഡിലേക്ക് ചേർന്നത്. ഭരതും (52) ദേവ്ദത്തും (50) തുടരെ ഇടവേളകളിൽ പുറത്തായി. പിന്നാലെ, നിഷാന്ധ് സിന്ധു (19), ക്യാപ്റ്റൻ ശ്രേയാസ് അയ്യർ (0) എന്നിവർ കൂടി നിരാശപ്പെടുത്തിയതോടെ ഇന്ത്യ ഡി 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.
Also Read : Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സഞ്ജുവിൻ്റെ വക വെടിക്കെട്ട്; 40 റൺസ് നേടി പുറത്ത്
എന്നാൽ, ആറാം നമ്പരിലെത്തിയ സഞ്ജു സാംസൺ കഴിഞ്ഞ കളിയിലെ ശൈലി തുടർന്നപ്പോൾ സ്കോർബോർഡിലേക്ക് റണ്ണൊഴുകി. ടി20 ശൈലിയിൽ അടിച്ചുതകർത്ത സഞ്ജുവിനൊപ്പം റിക്കി ഭുയി ഉറച്ചുനിന്നപ്പോൾ അഞ്ചാം വിക്കറ്റിൽ 41 റൺസിൻ്റെ കൂട്ടുകെട്ടുയർന്നു. 56 റൺസെടുത്ത് ഭുയ് പുറത്തായെങ്കിലും സഞ്ജു ആക്രമണം തുടർന്നു. ഇതിനിടെ താരം ദുലീപ് ട്രോഫിയിൽ തൻ്റെ ആദ്യ ഫിഫ്റ്റിയും തികച്ചു. ആറാം വിക്കറ്റിൽ ക്രീസിലെത്തിയ സറൻഷ് ജെയിനെ ഒരുവശത്ത് നിർത്തി ആക്രമണം കെട്ടഴിച്ചുവിട്ട മലയാളി താരം 10 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമാണ് 89 റൺസിലെത്തിയത്. ആറാം വിക്കറ്റിൽ ജെയ്നുമൊത്ത് 90 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടും സഞ്ജു പടുത്തുയർത്തി. സഞ്ജുവിനൊപ്പം സറൻഷ് ജെയിനും (26) നോട്ടൗട്ടാണ്.
കഴിഞ്ഞ കളിയിൽ ഇന്ത്യ ഡിയ്ക്കായി ഇന്ത്യ എയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്ത് പുറത്തായ സഞ്ജു രണ്ടാം ഇന്നിംഗ്സിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നു. 45 പന്തിൽ 40 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ സഞ്ജു നേടിയത്. മൂന്ന് വീതം ബൗണ്ടറിയും സിക്സറും സഹിതമായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. മത്സരത്തിൽ ഇന്ത്യ ഡി പരാജയപ്പെടുകയും ചെയ്തു.
ആദ്യ ഇന്നിംഗ്സ് ഇന്ത്യ എ 290 റൺസെടുത്ത് ഓളൗട്ടായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിൽ തകർന്ന ടീമിനെ ഷംസ് മുലാനി (89), തനുഷ് കോട്ടിയൻ (53) എന്നിവരുടെ ഇന്നിംഗ്സാണ് രക്ഷപ്പെടുത്തിയത്. 91 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 35 റൺസ് നേടിയ റിയാൻ പരാഗും ഇന്ത്യ എയ്ക്കായി ശ്രദ്ധേയ സംഭാവന നൽകി. ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി 183 റൺസിന് ഓളൗട്ടായി. ദേവ്ദത്ത് പടിക്കൽ (92), ഹർഷിത് റാണ (31) എന്നിവരാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ റിക്കി ഭുയി 23 റൺസെടുത്തിരുന്നു. ഖലീൽ അഹ്മദും ആഖിബ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യ എയ്ക്കായി തിളങ്ങി.
Also Read : India vs Bangladesh : ഹസൻ മഹ്മൂദിൻ്റെ ചെക്കിന് അശ്വിൻ്റെ ചെക്ക് മേറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മേൽക്കൈ
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എ 3 വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പ്രതം സിംഗ് (122), തിലക് വർമ (111 നോട്ടൗട്ട്) എന്നിവർ സെഞ്ചുറി നേടിയപ്പോൾ ശാശ്വത് റാവത്ത് (64 നോട്ടൗട്ട്), ക്യാപ്റ്റൻ മായങ്ക് അഗർവാൾ (56) എന്നിവർ ഫിഫ്റ്റിയടിച്ചു. ഇന്ത്യ ഡിയ്ക്കായി സൗരഭ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ ഡി 301 റൺസിന് മുട്ടുമടക്കി. റിക്കി ഭുയ് (113), ശ്രേയാസ് അയ്യർ (41), സഞ്ജു സാംസൺ (40) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയ്ക്കായി തിളങ്ങിയത്. ഇന്ത്യ എയ്ക്കായി തനുഷ് കോട്ടിയൻ നാല് വിക്കറ്റ് വീഴ്ത്തി.