5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

India vs Bangladesh : ഹസൻ മഹ്മൂദിൻ്റെ ചെക്കിന് അശ്വിൻ്റെ ചെക്ക് മേറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മേൽക്കൈ

India vs Bangladesh Ashwin Jadeja : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിൽ. 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ അശ്വിനും ജഡേജയും ചേർന്നാണ് കരകയറ്റിയത്.

India vs Bangladesh : ഹസൻ മഹ്മൂദിൻ്റെ ചെക്കിന് അശ്വിൻ്റെ ചെക്ക് മേറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മേൽക്കൈ
അശ്വിൻ, ജഡേജ (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 19 Sep 2024 17:23 PM

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസാണ് നേടിയത്. 24കാരൻ പേസർ ഹസൻ മഹ്മൂദിൻ്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ മുന്നേറ്റ നിരയെ തകർത്തത്. 102 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന അശ്വിൻ ഇന്ത്യക്കായി തകർപ്പൻ പ്രകടനം നടത്തി. രവീന്ദ്ര ജഡേജ (86 നോട്ടൗട്ട്) യശസ്വി ജയ്സ്വാൾ (56) എന്നിവരും ഇന്ത്യക്കായി തിളങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിൽ നിന്നും 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ നിന്നുമാണ് ഇന്ത്യ തിരിച്ചടിച്ചത്.

Also Read : കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ ആദ്യ മുത്തമിട്ടു കൊല്ലം സെയ്ലേഴ്സ്; സച്ചിൻ ബേബിക്ക് സെഞ്ചുറി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമ (6), ശുഭ്മൻ ഗിൽ (0), വിരാട് കോലി (6) എന്നിവരെ വീഴ്ത്തി ഹസൻ മഹ്മൂദ് ഇന്ത്യയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി. മൂവരും ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ ബംഗ്ലാദേശ് ബൗളർമാരുടെ ആക്രമണത്തിൽ പതറിയിരുന്നു. പിന്നാലെ മൂവർക്കും വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും ഋഷഭ് പന്തും ചേർന്നാണ് കരകയറ്റിയത്. ബംഗ്ലാദേശ് ബൗളർമാരെ ഫലപ്രദമായി നേരിട്ട സഖ്യം സാവധാനം സ്കോർ ഉയർത്തി. ആക്രമിച്ചുകളിക്കുന്ന ഇരുവരും വിക്കറ്റുകൾ വേഗം നഷ്ടമായതിനാൽ ശ്രദ്ധാപൂർവമാണ് ബാറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ സാവധാനം ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. ഏറെ നാൾ പരുക്കേറ്റ് പുറത്തിരുന്നതിൻ്റെ പ്രശ്നങ്ങളൊന്നും കാണിക്കാതിരുന്ന പന്ത് ജയ്സ്വാളുമായി 62 റൺസിൻ്റെ നാലാം കൂട്ടുകെട്ടിൽ പങ്കാളിയായി. 39 റൺസ് നേടിയ പന്തിനെ വീഴ്ത്തി ഹസൻ മഹ്മൂദ് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുൽ സാവധാനത്തിലാണ് ബാറ്റ് ചെയ്തതെങ്കിലും അഞ്ചാം വിക്കറ്റിൽ ജയ്സ്വാളുമൊത്ത് 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ നന്നായി കളിച്ച ജയ്സ്വാൾ ഫിഫ്റ്റി തികച്ചു. പിന്നാലെ കെഎൽ രാഹുൽ (16) മെഹദി ഹസൻ മിറാസിന് മുന്നിലും ജയ്സ്വാൾ (56) നാഹിദ് റാണയ്ക്ക് മുന്നിലും വീണു. 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ ഒടുവിൽ ആർ അശ്വിനും രവീന്ദ്ര ജഡേജയുമാണ് രക്ഷിച്ചത്.

Also Read : ICC : ആ വേർതിരിവ് ഇനി വേണ്ട; പുരുഷ, വനിത ലോകകപ്പുകളുടെ സമ്മാനത്തുക തുല്യമാക്കി ഐസിസി

ആക്രമിച്ച് കളിച്ച അശ്വിന് കൂട്ടായി ജഡേജ ക്രീസിൽ ഉറച്ചുനിന്നു. 60 പന്തിൽ അശ്വിൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെയും ആക്രമണം തുടർന്ന അശ്വിൻ ബംഗ്ലാദേശ് ബൗളർമാരെ അനായാസം നേരിട്ടു. ഷാക്കിബ് അൽ ഹസനാണ് ഏറെ തല്ല് വാങ്ങിയത്. അശ്വിനൊപ്പം ജഡേജയും ബൗണ്ടറികൾ കണ്ടെത്തിയതോടെ ബംഗ്ലാദേശിന് മറുപടിയില്ലാതെയായി. 73 പന്തിലാണ് ജഡേജ ഫിഫ്റ്റി തികച്ചത്. വെറും 108 പന്തിൽ അശ്വിൻ തൻ്റെ ആറാം സെഞ്ചുറി തികച്ചു.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അശ്വിൻ 112 പന്തുകൾ നേരിട്ട് 102 റൺസിലും ജഡേജ 117 പന്തുകൾ നേരിട്ട് 86 റൺസിലും ക്രീസിൽ തുടരുകയാണ്. അപരാജിതമായ 195 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇരുവരും 10 ബൗണ്ടറികളും രണ്ട് സിക്സറുകളും വീതമാണ് നേടിയത്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഹിദ് റാണയും മെഹദി ഹസൻ മിറാസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 8 ഓവറിൽ 50 റൺസ് വിട്ടുകൊടുത്ത ഷാക്കിബ് അൽ ഹസന് വിക്കറ്റൊന്നുമില്ല.

Latest News