Rishabh Pant: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന്റെ പേരും; സെലക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത?
India vs England Test: അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന പാനലിലെ ഒരു അംഗമാണ് ഗില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്. വൈസ് ക്യാപ്റ്റനാണെങ്കിലും, നിലവില്‍ ടെസ്റ്റ് ടീമിനെ ഒരു മത്സരത്തില്‍ പോലും ഗില്‍ നയിച്ചിട്ടുമില്ല

ഋഷഭ് പന്ത്
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകണമെന്നതിനെച്ചൊല്ലി സെലക്ഷന്‍ പാനലില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍ എന്നീ പേരുകളാണ് പ്രധാനമായും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലെന്ന് ബുംറ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേരും പരിഗണയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ചകളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഋഷഭ് പന്തിന്റെ പേരുമുണ്ടെന്നാണ് സൂചന. നിലവില്‍ പന്തിന്റെയും, ഗില്ലിന്റെയും പേരാണ് പ്രധാനമായും ചര്‍ച്ചകളിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ സെലക്ടര്‍മാര്‍ക്കായിട്ടില്ല.
അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന പാനലിലെ ഒരു അംഗമാണ് ഗില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്. വൈസ് ക്യാപ്റ്റനാണെങ്കിലും, നിലവില്‍ ടെസ്റ്റ് ടീമിനെ ഒരു മത്സരത്തില്‍ പോലും ഗില്‍ നയിച്ചിട്ടുമില്ല. എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ താരം ക്യാപ്റ്റനായിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനെ ഈയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും.
രോഹിതിന്റെ വിരമിക്കല്‍
ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കാനും, പര്യടനത്തിനിടെ വിരമിക്കാനും രോഹിത് ശര്‍മ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സെലക്ടര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് രോഹിതിനെ ബാറ്ററായി മാത്രമേ ഉള്‍പ്പെടുത്താനാകൂവെന്ന് സെലക്ടര്‍മാര്‍ നിലപാടെടുത്തു. ഇതാണ് രോഹിതിന്റെ വിരമിക്കലിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രോഹിത് വിരമിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചു. നേരത്തെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്ലിയെ നായകനാക്കാമായിരുന്നുവെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
വിരാടിന് ഇനിയും രണ്ട് വര്‍ഷത്തേക്ക് ടെസ്റ്റ് കളിക്കാനാകുമായിരുന്നു. അദ്ദേഹത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ കാണാന്‍ ആഗ്രഹിച്ചു. വിരാടിനെ ക്യാപ്റ്റനാക്കുക എന്നത് നല്ല ആശയമായിരുന്നു. എന്തുകൊണ്ടാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ശാസ്ത്രി വ്യക്തമാക്കി.
Read Also: IPL 2025: കളിക്കളത്തിലെ വികൃതിപ്പയ്യന്‍, ചോദിച്ച് പണി മേടിച്ച് ദിഗ്‌വേഷ് രാത്തി
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര
അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. ജൂണ്‍ 20 മുതല്‍ 24 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തേത് ജൂലൈ രണ്ട് മുതല്‍ ആറു വരെ നടക്കും. മൂന്നാമത്തേത് ജൂലൈ 10 മുതല്‍ 14 വരെയും, നാലാമത്തേത് ജൂലൈ 23 മുതല്‍ 27 വരെയും അഞ്ചാമത്തേത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയും നടക്കും.