Sreesanth: ശ്രീശാന്തിൻ്റെ കരിയർ തുലച്ച കറുത്ത അധ്യായം; സുപ്രീം കോടതി വെറുതെവിട്ടിട്ടും കൂടെത്തുടരുന്ന വേതാളത്തെപ്പറ്റി

Sreesanth IPL Spot Fixing Scandal: 2013 ഐപിഎലിൽ നടന്ന വാതുവെപ്പിൽ ശ്രീശാന്തിന് മേൽ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി മാറ്റിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ മാപ്പ് നൽകാൻ തയ്യാറല്ല. ഇക്കാര്യം സൂചിപ്പിച്ചാണ് കഴിഞ്ഞ ദിവസം ശ്രീശാന്തിനെതിരെ കെസിഎ രംഗത്തുവന്നത്. 2013 ഐപിഎലിൽ നടന്ന വാതുവെപ്പിനെപ്പറ്റി വിശദമായി മനസിലാക്കാം.

Sreesanth: ശ്രീശാന്തിൻ്റെ കരിയർ തുലച്ച കറുത്ത അധ്യായം; സുപ്രീം കോടതി വെറുതെവിട്ടിട്ടും കൂടെത്തുടരുന്ന വേതാളത്തെപ്പറ്റി

ശ്രീശാന്ത്

Published: 

08 Feb 2025 16:40 PM

2013 ഐപിഎൽ. മെയ് 9ന് കിംഗ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിൽ മൊഹാലിയിൽ നടന്ന മത്സരത്തിൽ പ്രത്യേക പുതുമകളൊന്നുമുണ്ടായിരുന്നില്ല. കളി എട്ട് വിക്കറ്റിന് രാജസ്ഥാൻ വിജയിച്ചു. രാജസ്ഥാൻ റോയൽസിലായിരുന്ന മലയാളി താരം ശ്രീശാന്ത് രണ്ട് ഓവർ എറിഞ്ഞ് 18 റൺസ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. കാര്യങ്ങൾ വഷളായത് ഈ കളി കഴിഞ്ഞതിന് ശേഷമായിരുന്നു. മത്സരത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ താരങ്ങൾ വാതുവെപ്പ് നടത്തിയെന്ന് വാർത്തകൾ.

മെയ് 16ന് വാർത്തകളുടെ ബാക്കിപത്രം ക്രിക്കറ്റ് ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ ഞെട്ടിച്ചു. അന്നാണ് വാതുവെപ്പ് ആരോപിച്ച് മലയാളിയായ എസ് ശ്രീശാന്തിനൊപ്പം അജിത് ചണ്ഡില, അങ്കിത് ചവാൻ എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. 36,000 മുതൽ 1,09,000 യുഎസ് ഡോളർ വരെ പണം നൽകാമെന്നായിരുന്നു ബുക്കികളുടെ വാഗ്ദാനം. കേസിൽ 11 ബുക്കികളും പിടിയിലായി. ബിസിസിഐ ഈ മൂന്ന് താരങ്ങളെയും പുറത്താക്കി. ദിവസങ്ങൾക്കകം രാജസ്ഥാൻ റോയൽസ് ഇവരുടെ കരാർ റദ്ദാക്കുകയും ചെയ്തു.

ജൂൺ 10ന് ശ്രീശാന്തിനും അങ്കിത് ജവാനും കോടതി ജാമ്യമനുവദിച്ചു. ഡൽഹി പോലീസിന് മതിയായ തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. അതായിരുന്നു ജാമ്യം ലഭിക്കാൻ കാരണം. അതേ മാസം ജൂലായ് 30ന് ഈ മൂന്ന് താരങ്ങൾ ഉൾപ്പെടെ 39 പേർക്കെതിരെ ഡൽഹി പോലീസ് 6000 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചു. 2013 സെപ്തംബർ 12ന് ശ്രീശാന്ത്, അങ്കിത് ചവാൻ എന്നിവർക്കൊപ്പം ഹർമീത് സിംഗ്, സിദ്ധാർത്ഥ് ത്രിവേദി, അമിത് സിംഗ് എന്നിവരെ ബിസിസിഐ അച്ചടക്കസമിതി വിളിപ്പിച്ചു. ഇതിന് ശേഷമാണ് ശ്രീശാന്തിനും ചവാനും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത്.

രണ്ട് വർഷത്തിന് ശേഷം 2015 ജൂലായ് 25ന് ശ്രീശാന്ത്, ചവാൻ, ചണ്ഡില എന്നിവർക്കെതിരായ കേസുകൾ ഡൽഹി കോടതി തള്ളി. എന്നാൽ, വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായില്ല. പലതവണ ശ്രീശാന്ത് ബിസിസിഐക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ബോർഡ് കനിഞ്ഞില്ല. 2017 ജനുവരിയിൽ ശ്രീശാന്തിന് സ്കോട്ട്ലൻഡിൽ നിന്ന് ക്ഷണം ലഭിച്ചു. ഗ്ലെൻറോത്സ് ക്ലബിന് വേണ്ടി കളിക്കാനായിരുന്നു ശ്രമം. എന്നാൽ, ബിസിസിഐ ഇതിന് അനുവാദം നൽകിയില്ല. തുടർന്ന് ശ്രീശാന്ത് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. അക്കൊല്ലം ഓഗസ്റ്റ് ഏഴിന് ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ ഹൈക്കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് ബിസിസിഐ വാദിച്ചു. സെപ്തംബറിൽ ബിസിസിഐയുടെ ഈ വാദം ഹൈക്കോടതി ശരിവച്ചു.

Also Read: Sreesanth: ‘വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’; വാർത്താകുറിപ്പുമായി കെസിഎ

ആജീവനാന്ത വിലക്ക് അങ്ങനെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തി. 2019 മാർച്ച് 15ന് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കാൻ സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ആവശ്യം ബിസിസിഐ അംഗീകരിച്ചു. ആജീവനാന്ത വിലക്ക് ഏഴ് വർഷമാക്കി കുറച്ചതോടെ 2020 സെപ്തംബർ 13 ന് ശ്രീശാന്തിൻ്റെ ബാൻ അവസാനിച്ചു. വിലക്ക് നീക്കിയതോടെ 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ ശ്രീശാന്ത് കളിച്ചു. രഞ്ജിയിലും ഒരു കളി കളിച്ചു. 2022ൽ വിരമിക്കുകയും ചെയ്തു.

ക്രിമിനൽ കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടെന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസ്താവന ഒരിക്കൽ കൂടി ശ്രീശാന്തിന് തൻ്റെ കരിയർ തകർത്ത കറുത്ത അധ്യായത്തെപ്പറ്റി ഓർമപ്പെടുത്തിയിരിക്കാം. ഡൽഹി കോടതി കേസുകൾ തള്ളിയിട്ടും സുപ്രീം കോടതി ആജീവനാന്ത വിലക്ക് ഒഴിവാക്കിയിട്ടും സ്വന്തം ക്രിക്കറ്റ് അസോസിയേഷൻ അത് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യത്തിലാവണം ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് നേടിയ എസ് ശ്രീശാന്ത് ഇനിയങ്ങോട്ട് ജീവിച്ചുതീർക്കേണ്ടത്. കേരളത്തിൻ്റെ വിലാസം രാജ്യാന്തര തലത്തിൽ ശക്തമായി പതിപ്പിച്ച, കേരളത്തിൽ നിന്നുള്ള ഒരേയൊരു ത്രീ ഫോർമാറ്റ് ഇന്ത്യൻ താരമായ ശ്രീശാന്തിനെപ്പറ്റി കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ വിമർശനങ്ങളൊക്കെ മനസിലാക്കാമെങ്കിലും വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട പ്രസ്താവന കൊണ്ട് അതൊക്കെ റദ്ദ് ചെയ്യപ്പെടുന്നു. ഒരു മനുഷ്യന് ഒരിക്കൽ ചെയ്ത തെറ്റിൻ്റെ പേരിൽ ജീവിതാവസാനം വരെ അതിൻ്റെ പാപഭാരം ചുമക്കേണ്ട ഗതികേടുണ്ടാവരുത്. പ്രത്യേകിച്ചും രാജ്യത്തെ നിയമവ്യവസ്ഥ അയാളെ വെറുതെവിട്ടെങ്കിൽ. കള്ളനല്ലെന്ന് വ്യവസ്ഥിതി അറിയിച്ചിട്ടും ആണെന്ന് വിരൽ ചൂണ്ടുന്നത് വളരെ മോശം പ്രവണതയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും