Chinnaswamy Stadium: ആശുപത്രിക്ക് കല്ലിട്ട പാറക്കൂട്ടത്തിൽ നിന്നും ഉയർന്ന ചിന്നസ്വാമി സ്റ്റേഡിയം, ക്രിക്കറ്റ് വളർത്തിയ മംഗളം ചിന്നസ്വാമി
Story of Chinnaswamy Stadium : കബ്ബൺ പാർക്കിനും എംജി റോഡിനും ഇടയിലും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലം, ഇന്നത്തെ ചിന്നസ്വാമി സ്റ്റേഡിയമായപ്പോൾ, പിന്നിലുള്ളത് വലിയ കഥ
പ്രൊഫഷണൽ ക്രിക്കറ്റ് ജീവിതത്തിൽ ഒരിക്കൽ പോലും കളിച്ചിട്ടില്ലെങ്കിലും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു എം ചിന്നസ്വാമി, എസ് എ ശ്രീനിവാസൻ എന്നീ രണ്ട് യുവ അഭിഭാഷകർക്ക്. ബെംഗളൂരുവിൽ ക്രിക്കറ്റിനായി ഒരു സ്വന്തം സ്റ്റേഡിയം വേണമെന്ന ആഗ്രമായിരുന്നു ഇരുവരുടെയും മനസ്സ് നിറയെ. സർക്കാർ തലത്തിലുണ്ടായ ശ്രമങ്ങളുടെ ഫലമായി നഗരത്തിൻ്റെ പലഭാഗങ്ങളിലും സ്ഥലം അനുവദിച്ചെങ്കിലും, അതൊന്നും ഇരുവർക്കും തൃപ്തിയായില്ല. കബ്ബൺ പാർക്കിനും എംജി റോഡിനും ഇടയിലും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമാണ് ഇരുവർക്കും ഇഷ്ടപ്പെട്ടത്.
എന്നാൽ ബാംഗ്ലൂർ സിറ്റി കോർപ്പറേഷനും കാൻസർ ആശുപത്രിക്കും വേണ്ടി തറക്കല്ലിട്ടിരുന്ന സ്ഥലമായിരുന്നു അവിടം. ഒടുവിൽ ഇരുവരുടെയും ശ്രമഫലമായി സർക്കാർ തന്നെ 99 വർഷത്തെ പാട്ടത്തിന് ആ 16 ഏക്കർ സ്ഥലം വിട്ടു നൽകി. അപ്പോഴും സ്റ്റേഡിയം നിർമ്മാണത്തിന് പണം കണ്ടെത്തുക എന്നത് വലിയ ചോദ്യ ചിഹ്നമായിരുന്നു. വെറും 8 ലക്ഷം രൂപയായിരുന്നു ആകെ മൂലധനം. എന്തായാലും 1969 മെയ് 18-ന് സ്റ്റേഡിയം നിർമ്മാണത്തിന് തറക്കല്ലിട്ട് പണികൾ ആരംഭിച്ചു. വമ്പൻ പാറകൾ പൊട്ടിച്ചുമാറ്റിയത് സൈന്യത്തിൻ്റെ സഹായത്താലാണ്. അതിനിടയിൽ നഗരത്തിലെ വ്യവസായികൾ, സമ്പന്നർ എന്നിവരോട് അഭ്യർഥിച്ചതോടെ സാമ്പത്തിക സഹായങ്ങളും ലഭിച്ച് തുടങ്ങി. ആറ് മാസം കൊണ്ട് 100 തൊഴിലാളികൾ രാപ്പകലില്ലാതെ പരിശ്രമിച്ചാണ് നിലമൊരുക്കിയത്. കെ കസ്തൂരി രംഗൻ അടക്കമുള്ളവരുടെ സഹായം ഇതിൽ ലഭിച്ചു. പലപ്പോഴും പണിക്കൂലി കൊടുക്കാൻ പോലും വലഞ്ഞ സംഘാടകരും ചിന്നസ്വാമിയും കയ്യിൽ നിന്നും പൈസ കൊടുത്തു തൊഴിലാളികളെ സമാധാനിപ്പിച്ചു.
തുടക്കത്തിൽ മൈസൂർ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഈ മൈതാനം, പിന്നീട് പ്രധാന ക്രിക്കറ്റ് മത്സരങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. 1974-ൽ വെസ്റ്റ് ഇൻഡീസ്- ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം ഇവിടെ കളിച്ചു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം ഇത് വിവാദത്തിലായിരുന്നു.
സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം മരക്കഷ്ണങ്ങൾ കൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീട് സിമൻ്റ് ചാക്കുകൾ അടുക്കി സപ്പോർട്ട് നൽകിയെന്നും പറയപ്പെടുന്നു. 1975-ലെ ലോകകപ്പിൽ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് ഇവിടെ നടന്ന ആദ്യ ഏകദിന മത്സരം. 1982-ൽ ചിന്നസ്വാമിയുടെ മരണശേഷം, അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിന് എം. ചിന്നസ്വാമി സ്റ്റേഡിയം എന്ന പേര് നൽകി.
കർണാടക ക്രിക്കറ്റിൻ്റെ വളർച്ചയിൽ
1900-ൽ മാണ്ഡ്യയിലായിരുന്നു എം ചിന്നസ്വാമി എന്ന മംഗളം ചിന്നസ്വാമിയുടെ ജനനം. വക്കിൽ പ്രാക്ടീസ് നടക്കുന്നതിനൊപ്പം കർണ്ണാടക ക്രിക്കറ്റിൻ്റെ വളർച്ചയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. മൈസൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ (ഇന്നത്തെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ – KSCA) സ്ഥാപകാംഗങ്ങളിൽ ഒരാളും ബിസിസിഐ പ്രസിഡൻ്റുമായും മംഗളം ചിന്നസ്വാമി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ 1977 വരെ മൈസൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം, 1977 മുതൽ 1980 വരെ BCCI-യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ചിന്നസ്വാമി ബിസിസിഐയിലേക്ക് മാറിയതോടെ ഡോ.കെ തിമ്മപ്പയ്യയും സി നാഗരാജും യഥാക്രമം കെ എസ് സി എയുടെ പ്രസിഡന്റും സെക്രട്ടറിയുമായി 1978 ൽ ചുമതലയേറ്റു.
ശക്തമായ മഴ പെയ്താലും വെറും 20-മിനിട്ടിൽ കളി പുനരാരംഭിക്കാം
എം. ചിന്നസ്വാമി സ്റ്റേഡിയം, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാന വേദികളിൽ ഒന്നാണ്. അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന, ട്വന്റി-20 മത്സരങ്ങൾക്കും ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരങ്ങൾക്കും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നു. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളുള്ള ഈ സ്റ്റേഡിയത്തിന് ഏകദേശം 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. എത്ര ശക്തമായ മഴ പെയ്താലും വെറും 20-മിനിട്ടിൽ കളി പുനരാരംഭിക്കാൻ സാധിക്കുന്ന സബ്-എയർ സിസ്റ്റം ചിന്നസ്വാമി സ്റ്റേഡിയത്തിനുണ്ട്.
ലോകത്താദ്യമായി സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണിത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ആസ്ഥാനവും ഇതാണ്. 1996-ൽ ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ വേദിയിൽ ഫ്ലഡ് ലൈറ്റുകൾ ഉണ്ടായിരിക്കണമെന്ന് ഐസിസി നിർദ്ദേശിച്ചതിനാൽ തിമ്മപ്പയ്യ, നാഗരാജ്, കെസി ദേശായി (ട്രഷറർ) എന്നിവർ തങ്ങളുടെ വ്യക്തിഗത സ്വത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ പണയം വെച്ചാണ് നാല് കോടി രൂപ വായ്പയെടുത്താണ് ചരിത്രപരമായ ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നടന്നതെന്നത് മറ്റൊരു ചരിത്രം.