AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vinod Kambli : തലച്ചോറില്‍ രക്തം കട്ടപിടിച്ചു, വിനോദ് കാംബ്ലിയുടെ ആരോഗ്യനില മോശം

Vinod Kambli Health Condition : കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാംബ്ലി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2013ല്‍ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്ന് ബാല്യകാല സുഹൃത്ത് കൂടിയായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു

Vinod Kambli : തലച്ചോറില്‍ രക്തം കട്ടപിടിച്ചു, വിനോദ് കാംബ്ലിയുടെ ആരോഗ്യനില മോശം
വിനോദ് കാംബ്ലി Image Credit source: social media
Jayadevan AM
Jayadevan AM | Published: 24 Dec 2024 | 12:14 AM

മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി(52)യുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമാണെന്നാണ് റിപ്പോര്‍ട്ട്. മൂത്രാശയ അണുബാധയും താരത്തെ അലട്ടുന്നുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അകൃതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

നിരവധി പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കി. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ വിവേക് ത്രിവേദിയാണ് വെളിപ്പെടുത്തിയത്. വിനോദ് കാംബ്ലിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തും.

കാംബ്ലിക്ക് ആജീവനാന്ത സൗജന്യ ചികിത്സ നൽകാൻ ആശുപത്രി ഇൻചാർജ് എസ് സിംഗ് തീരുമാനിച്ചതായും വിവേക് ത്രിവേദി പറഞ്ഞു. കാംബ്ലിയുടെ ആരാധകനായ ആശുപത്രി ഉടമയാണ്‌ താരത്തെ ആശുപത്രിയില്‍ എത്തിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാംബ്ലി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2013ല്‍ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്ന് ബാല്യകാല സുഹൃത്ത് കൂടിയായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു.

ഈ മാസം ആദ്യം മുംബൈയിൽ കാംബ്ലി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. കോച്ച് രമാകാന്ത് അച്രേക്കറുടെ സ്മാരകം ശിവാജി പാർക്കിൽ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. കാംബ്ലിയുടെ ആരോഗ്യനില അന്നും മോശമായാണ് കാണപ്പെട്ടത്. സച്ചിന്‍ തെണ്ടുല്‍ക്കറും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ ഇരിക്കുന്ന വിനോദ് കാംബ്ലിയുടെ അരികിലേക്ക് സച്ചിനെത്തി കൈകൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് വൈറലായി.

Read Also : പ്രതിഭ കൊണ്ട് മാത്രം കാര്യമില്ല, ക്രിക്കറ്റിലെ പാഠപുസ്തകം; നൊമ്പരമാകുന്ന വിനോദ് കാംബ്ലി

മുന്‍ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവും സുനിൽ ഗവാസ്‌കറും കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 1983 ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ കാംബ്ലിക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഒരു മാസം മുമ്പ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂത്രാശയ സംബന്ധമായ രോഗമാണ് തന്നെ അലട്ടുന്നതെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിലായിരുന്നു കാംബ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയും മക്കളും തന്നെ പരിചരിച്ചെന്നും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചെന്നും താരം പറഞ്ഞു.

“എനിക്ക് ഇപ്പോള്‍ കുഴപ്പമില്ല. ഭാര്യ എന്നെ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഭാര്യ എന്നെ മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയി. ഞാന്‍ ആരോഗ്യം വീണ്ടെടുക്കണമെന്ന് പറഞ്ഞു. അജയ് ജഡേജ എന്നെ കാണാന്‍ വന്നിരുന്നു. മൂത്രാശയ പ്രശ്‌നത്താല്‍ ഞാന്‍ കഷ്ടപ്പെട്ടു. മകന്‍ ജീസസ് ക്രിസ്റ്റ്യാനോയും, 10 വയസുള്ള മകളും, ഭാര്യയും എന്നെ സഹായിച്ചു. ഒരു മാസം മുമ്പാണ് ഇത് സംഭവിച്ചത്. എന്റെ തല കറങ്ങി. ഞാന്‍ കുഴഞ്ഞുവീണു. അഡ്മിറ്റ് ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്”-കാംബ്ലിയുടെ വാക്കുകള്‍.

1991 മുതല്‍ 2000 വരെയാണ് വിനോദ് കാംബ്ലി ഇന്ത്യയ്ക്കായി കളിച്ചു. ഇന്ത്യന്‍ ടീമിലെ പ്രധാന താരമാകുമെന്ന് കരുതിയിടത്ത് നിന്ന് അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പതനം. മദ്യപാനം അടക്കം അദ്ദേഹത്തിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു.