AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vinod Kambli : വിവാഹമോചനത്തിനുള്ള തീരുമാനം പിന്‍വലിച്ചത് ആ ചിന്തകള്‍ മൂലം; വെളിപ്പെടുത്തലുമായി വിനോദ് കാംബ്ലിയുടെ ഭാര്യ

Vinod Kambli's wife Andrea Hewitt : 17 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, 2023 ഫെബ്രുവരിയിലാണ് കാംബ്ലിക്കും ആന്‍ഡ്രിയക്കുമിടയില്‍ പ്രശ്‌നം ഉടലെടുത്തത്. ഗാര്‍ഹിക പീഡനം ആരോപിച്ച് അന്ന് കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പരാതി നല്‍കിയിരുന്നു. മദ്യപിച്ചെത്തിയ കാംബ്ലി ആന്‍ഡ്രിയക്ക് നേരെ പാചക പാത്രം എറിഞ്ഞതായും, തുടര്‍ന്ന് അവരുടെ തലയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു

Vinod Kambli : വിവാഹമോചനത്തിനുള്ള തീരുമാനം പിന്‍വലിച്ചത് ആ ചിന്തകള്‍ മൂലം; വെളിപ്പെടുത്തലുമായി വിനോദ് കാംബ്ലിയുടെ ഭാര്യ
വിനോദ് കാംബ്ലിയും ഭാര്യയും Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 27 Jan 2025 | 09:52 PM

മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരിക്കല്‍ തീരുമാനിച്ചിരുന്നുവെന്ന് ഭാര്യ ആന്‍ഡ്രിയ. മദ്യാസക്തി മൂലം കാംബ്ലി ഏറെ ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അത്. മദ്യാസക്തിയില്‍ നിന്ന് മോചനം തേടി 14 തവണയെങ്കിലും റീഹാബിലിറ്റേഷന് അദ്ദേഹം വിധേയനായി. ഭര്‍ത്താവിന്റെ നിസഹായവസ്ഥ കണ്ട് വിവാഹമോചനത്തിനുള്ള അപേക്ഷ പിന്‍വലിക്കുകയായിരുന്നുവെന്നും ആന്‍ഡ്രിയ പറഞ്ഞു. ഫ്രീലാന്‍സ് ജേണലിസ്റ്റ് സൂര്യാന്‍ഷി പാണ്ഡെയുമൊത്തുള്ള പോഡ്കാസ്റ്റ് ഷോയിലായിരുന്നു ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍. വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നെന്നും, എന്നാല്‍ കാംബ്ലിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക മൂലം അത് പിന്‍വലിച്ചെന്നും പോഡ്കാസ്റ്റില്‍ ആന്‍ഡ്രിയ തുറന്നുപറഞ്ഞു.

“ഒരിക്കല്‍ ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പക്ഷേ, ഞാന്‍ ഉപേക്ഷിച്ചുപോയാല്‍ അദ്ദേഹം നിസഹായനാകുമെന്ന് ഞാന്‍ മനസിലാക്കി. അദ്ദേഹം ഒരു കുട്ടിയെ പോലെയാണ്. അതാണ് എന്നെ വേദനിപ്പിച്ചതും ആശങ്കപ്പെടുത്തിയതും. ഒരു സുഹൃത്തിനെ പോലും ഉപേക്ഷിക്കുന്നയാളല്ല ഞാന്‍. അദ്ദേഹം എനിക്ക് അതിനും മുകളിലാണ്. ഞാന്‍ മാറിനിന്ന നിമിഷങ്ങള്‍ എനിക്കോര്‍മയുണ്ട്. അപ്പോള്‍ ഞാന്‍ ഉത്കണ്ഠപ്പെടുമായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചോ ഇല്ലയോ, അദ്ദേഹം ശരിയായ രീതിയിലാണോ കിടക്കുന്നത്, അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെ അപ്പോള്‍ ചിന്തിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഞാന്‍ പരിശോധിക്കുമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെന്ന് മനസിലായത്‌”-ആന്‍ഡ്രിയ വ്യക്തമാക്കി.

നോയല്ല ലൂയിസുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മോഡലായ ആന്‍ഡ്രിയയെ കാംബ്ലി വിവാഹം കഴിച്ചത്. ‘തനിഷ്‌കി’ന്റെ പരസ്യബോര്‍ഡിലുള്ള ആന്‍ഡ്രിയയുടെ ചിത്രം കാംബ്ലിക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും പരിചയപ്പെടുകയും പ്രണത്തിലാവുകയും ചെയ്തു. 2006ലായിരുന്നു വിവാഹം.

17 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, 2023 ഫെബ്രുവരിയിലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം ഉടലെടുത്തത്. ഗാര്‍ഹിക പീഡനം ആരോപിച്ച് അന്ന് കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യപിച്ചെത്തിയ കാംബ്ലി ആന്‍ഡ്രിയക്ക് നേരെ പാചക പാത്രം എറിഞ്ഞതായും, തുടര്‍ന്ന് അവരുടെ തലയ്ക്ക് പരിക്കേറ്റതായും അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read Also : ആശ ഭോസ്‌ലെയുടെ ചെറുമകളുമായി പ്രണയത്തിലോ? വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

ജീസസ് ക്രിസ്റ്റ്യാനോ കാംബ്ലി, ജോഹന്ന എന്നിവരാണ് ഇവരുടെ മക്കള്‍. കാംബ്ലിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയില്‍ കുട്ടികളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് മകന്‍ ഏറെ സഹായിച്ചെന്നും അവര്‍ വ്യക്തമാക്കി.

പലപ്പോഴും തനിക്ക് തന്നോട് തന്നെ സാഹചര്യം വിശദീകരിക്കേണ്ടി വന്നു. കുടുംബത്തിലെ മാതാവും പിതാവും താന്‍ തന്നെയാണെന്ന് ചിന്തിച്ചു. മകന്‍ ക്രിസ്റ്റ്യാനോയ്ക്ക് എല്ലാം മനസ്സിലായി. അവന്‍ ഒരിക്കലും ശല്യപ്പെടുത്തിയില്ല. തന്റെ മുഖഭാവങ്ങളില്‍ നിന്ന് മകന്‍ എല്ലാം മനസിലാക്കുമായിരുന്നുവെന്നും ആന്‍ഡ്രിയ പറഞ്ഞു.

ഈ മാസം, ആദ്യം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വാങ്കഡെ സ്‌റ്റേഡിയത്തിന്റെ 50-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കാംബ്ലിയും ആന്‍ഡ്രിയയും പങ്കെടുത്തിരുന്നു. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കാംബ്ലിയെ ആന്‍ഡ്രിയ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ മാസം 19ന് താനെയിലെ ഭിവണ്ടിയിലുള്ള ആശുപത്രിയില്‍ വച്ചാണ് കാംബ്ലി 53-ാം ജന്മദിനം ആഘോഷിച്ചത്. കുടുംബാംഗങ്ങളും, ആശുപത്രി ജീവനക്കാരും ആഘോഷത്തില്‍ പങ്കെടുത്തു.