Kerala Blasters: ‘ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കണം’; നിരാശ പങ്കുവെച്ച് വെസ്റ്റ്‌വുഡ്
Ashley Westwood Analysis After Kerala Blasters Match: ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ അത് ഗോളാക്കി മാറ്റുന്നില്ല. താന്‍ വിമര്‍ശനമുന്നയിക്കുന്നതല്ലെന്നും, ശരിയായ കോമ്പിനേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും വെസ്റ്റ്‌വുഡ്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പത്രസമ്മേളനം
കൊച്ചി: ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ്. അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ അത് ഗോളാക്കി മാറ്റുന്നില്ല. താന്‍ വിമര്‍ശനമുന്നയിക്കുന്നതല്ലെന്നും, ശരിയായ കോമ്പിനേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെസ്റ്റ്‌വുഡ് പറഞ്ഞു. കൂടുതല്‍ സമയവും പരിശീലനവും വേണം. ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നിലവില്‍ അവര്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാനാകുന്നില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.
ചെന്നൈയിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് ഉറപ്പായിരുന്നു. ഗോള്‍ നേടാന്‍ ചെന്നൈയിന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ആത്മവിശ്വാസം വീണ്ടെടുത്ത് കളിക്കണമെന്ന് താന്‍ താരങ്ങളോട് നിര്‍ദ്ദേശിച്ചു. വിബിനെയും, ശ്രീക്കുട്ടനെയും, മോമോയെയും ഇറക്കി നല്ല രീതിയില്‍ സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദറിന് പ്രശംസ
ചെന്നൈയിനെതിരായ മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിന്റെ ഉജ്ജ്വല സേവുകളാണ് ചെന്നൈയിന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചത്. അമരീന്ദറിന്റെ പോരാട്ടവീര്യത്തെ വെസ്റ്റ്‌വുഡ് പ്രശംസിച്ചു.
അമരീന്ദര്‍ മികച്ച സേവുകള്‍ നടത്തി. റഫറിയുടെ ഒരു ബ്ലോക്ക് കാരണം എതിരാളികള്‍ക്ക് കൗണ്ടര്‍ അറ്റാക്കിന് അവസരം കിട്ടിയത് അല്‍പം പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ ആന്ദ്രെ ഗ്രീനിനും, ചെന്നൈയിന്റെ ഇമ്മാനുവലിനും റെഡ് കാര്‍ഡിന് പകരം മഞ്ഞക്കാര്‍ഡുകളായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നും, അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ വാര്‍ത്താസമ്മേളനം-വീഡിയോ
ആ പെനാല്‍റ്റി പാഴാക്കിയിരുന്നില്ലെങ്കില്‍
രണ്ടാം പകുതിയില്‍ അഡ്രിയാന്‍ ലൂണയ്ക്ക് ലഭിച്ച പെനാല്‍റ്റി പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. അതേക്കുറിച്ചും ആഷ്‌ലിവെസ്റ്റ് വുഡ് സംസാരിച്ചു.
ആ പെനാല്‍റ്റി വലയിലെത്തിച്ചിരുന്നെങ്കില്‍ നമ്മള്‍ വിജയിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും പെനാല്‍റ്റിക്ക് ശേഷം ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചെന്നും വെസ്റ്റ്‌വുഡ് വ്യക്തമാക്കി.
ഇനിയെന്ത്?
പരിശീലനത്തിലൂടെ ടീം മെച്ചപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. അവസരം ലഭിക്കാത്ത താരങ്ങള്‍ കൂടുതല്‍ പരിശീലിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കും. 29-ാം തീയതിയിലെ മത്സരത്തിനായി ചൊവ്വാഴ്ച മുതല്‍ ടീം പൂര്‍ണ സജ്ജരായി പരിശീലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary
Kerala Blasters coach Ashley Westwood evaluated his team’s performance against Chennaiyin FC. He called for more impact and output from the Indian attacking players. Westwood praised goalkeeper Amrinder Singh for making crucial saves to keep a clean sheet. He emphasized that the team will focus on fitness and tactical improvements during the upcoming break.