Adobe Indigo: ഐഫോണിന് മാത്രമായി അഡോബിയുടെ ക്യാമറ ആപ്പ്; മൊത്തം മാനുവൽ കണ്ട്രോൾ എന്ന് കമ്പനി
Adobe Project Indigo For iPhone: ഐഫോണിന് മാത്രമായുള്ള ക്യാമറ ആപ്പ് അവതരിപ്പിച്ച് അഡോബി. പ്രൊജക്ട് ഇൻഡിഗോ എന്ന പേരിൽ ഫുള്ളി മാനുവൽ കണ്ട്രോൾ ഉള്ള ആപ്പാണ് ഇത്.

ഐഫോണിന് മാത്രമായുള്ള ക്യാമറ ആപ്പുമായി അഡോബി. പ്രൊജക്ട് ഇൻഡിഗോ എന്ന പേരിലാണ് അഡോബി പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 32 ഫ്രെയിമുകൾ വരെ ക്യാപ്ചർ ചെയ്ത് ഒരു ഫോട്ടോയായി മാറ്റാൻ ആപ്പിന് കഴിയുമെന്ന് കമ്പനി പറഞ്ഞു. മൊത്തം മാനുവൽ കണ്ട്രോളിലാവും ആപ്പിൻ്റെ പ്രവർത്തനമെന്നും കമ്പനി അറിയിച്ചു.
എച്ച്ഡിആറിലും എസ്ഡിആറിലും ചിത്രങ്ങൾ സൂക്ഷിക്കാൻ എഐ ആണ് ഉപയോഗിക്കുക. ക്യാമറ റോ, ലൈറ്റ്റൂം എന്നീ ആപ്പുകളുമായി പ്രൊജക്ട് ഇൻഡിഗോ കംപാറ്റബിളാവും. കൂടുതൽ ബ്രൈറ്റായതും കുറഞ്ഞ കോൺട്രാസ്റ്റും ഉയർന്ന കളർ സാച്ചുറേഷനുമൊക്കെയുള്ള സ്മാർട്ട്ഫോണുകളുടെ ഫോട്ടോ പാറ്റേൺ മാറ്റാൻ ഈ ആപ്പിന് കഴിയുമെന്ന് കമ്പനി പറയുന്നു. മൊബൈൽ ഫോണിൻ്റെ സ്ക്രീനിൽ ഇത്തരം ഫോട്ടോകൾ നന്നായിത്തോന്നുമെങ്കിലും വലിയ സ്ക്രീനുകളിൽ ഈ ചിത്രങ്ങൾ മോശമാവും. ഇതിനൊരു പരിഹാരമാണ് പ്രൊജക്ട് ഇൻഡിഗോ. അപർചർ, എക്സ്പോഷർ ടൈം, ഐഎസ്ഒ തുടങ്ങി എല്ലാ ഓപ്ഷനുകളും മാനുവലായി നിയന്ത്രിക്കാനാവും.
ഫോട്ടോ, നൈറ്റ് എന്നിങ്ങനെ രണ്ട് മോഡുകളാണ് ആപ്പിലുള്ളത്. പകലും രാത്രിയുമുള്ള ഫോട്ടോഗ്രഫിയ്ക്കായാണ് ഈ മോഡുകൾ. നൈറ്റ് മോഡിൽ നോയിസ് കുറയ്ക്കാൻ ലോംഗർ എക്സ്പോഷറാണ് ഉണ്ടാവുക. കൂടുതൽ ഫ്രെയിമുകൾ ക്യാപ്ചർ ചെയ്യാൻ ഈ മോഡിന് കഴിയും. സ്റ്റെബ്‌ലൈസേഷനും ഫോട്ടോ എടുക്കുമ്പോഴുള്ള ഹാൻഡ് ഷേക്ക് കുറയ്ക്കാനും ഈ മോഡിൽ കഴിയും. ക്യാമറയിൽ ക്യാപ്ചർ ചെയ്യുന്നത് പോലുള്ള ചിത്രങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് എടുക്കാനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ക്യാമറയിലെ പിഞ്ച് സൂമിൻ്റെ കൃത്യതയും വർധിപ്പിക്കും. സൂം ചെയ്യുമ്പോൾ പിക്ചർ ക്വാളിറ്റി നഷ്ടപ്പെടുന്ന പതിവ് ഈ ആപ്പ് പരിഹരിക്കും. ഒറ്റയടിക്ക് പല ഇമേജുകളെടുത്ത് അതിനെ ഒരു ചിത്രമാക്കി മാറ്റുന്നതിലൂടെയാണ് ഇത് സാധ്യമാവുക. സൂപ്പർ റെസല്യൂഷൻ ഫോട്ടോ എന്നാണ് ഇതറിയപ്പെടുന്നത്.