Apple new feature: യാത്ര ചെയ്യുമ്പോൾ ഛർദ്ദി ഒരു പ്രശ്നമാകാറുണ്ടോ? പരിഹാരവുമായി ആപ്പിൾ രംഗത്ത്
ആപ്പിളിൻ്റെ വെഹിക്കിൾ മോഷൻ ക്യൂസിൻ്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഫോണുകൾക്കും ഐപാഡുകൾക്കുമായാണ് പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നുന്നത് മിക്കവരുടെയും ഒരു വലിയ പ്രശ്നമാണ്. അത്തരം പ്രശ്നം നേരിടുന്നവർക്ക് പുതിയ പരിഹാരവുമായാണ് ആപ്പിൾ രംഗത്തെത്തിയിരിക്കുന്നത്.
വെഹിക്കിൾ മോഷൻ ക്യൂസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ആപ്പിൾ. ഐഫോണുകൾക്കും ഐപാഡുകൾക്കുമായാണ് പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.
യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന മോഷൻ സിക്ക്നസിനെ കൺട്രോൾ ചെയ്യാൻ ഈ പുതിയ ഫീച്ചർ നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങൾ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് യാത്ര ചെയ്യുമ്പോൾ മോഷൻ സിക്ക്നെസിന് കാരണമാകുന്നത്.
നിങ്ങൾ ഒരു കാറിൽ സഞ്ചരിക്കുമ്പോൾ, ശരീരത്തിന് ചലനം അനുഭവപ്പെടുന്നു. എന്നാൽ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്ക്രീനിലേക്ക് നിങ്ങൾ നോക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.
ആപ്പിളിൻ്റെ പുതിയ വെഹിക്കിൾ മോഷൻ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം മോഷൻ സിക്ക്നെസ് എന്ന പ്രശ്നം പരിഹരിക്കുക എന്നതാണ്. വാഹനത്തിൻ്റെ ചലനവുമായി സമന്വയിപ്പിച്ച് നീങ്ങുന്ന സ്‌ക്രീനിൻ്റെ അരികുകളിൽ ആനിമേറ്റഡ് ഡോട്ടുകൾ കാണിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
ഈ ഡോട്ടുകൾ നിങ്ങളുടെ മസ്തിഷ്കത്തിന് അനുഭവപ്പെടുന്ന ചലനത്തെ കണ്ണുകൾ കാണുന്നതുമായി പൊരുത്തപ്പെടുത്താൻ സഹായിക്കുകയും ഇത് വഴി മോഷൻ സിക്ക്നെസ് ബാലൻസ് ചെയ്യുകയും ചെയ്യുന്നു.
ആപ്പിളിൻ്റെ വെഹിക്കിൾ മോഷൻ ക്യൂസിൻ്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിങ്ങൾ ഒരു ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാരനോ ദൈനംദിന യാത്രികനോ അല്ലെങ്കിൽ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചർ വലിയ സഹായകമാകും.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള ആപ്പിളിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
മോഷൻ സിക്ക്നെസ് എന്ന പ്രശ്‌നം പരിഹരിക്കുന്നതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽപ്പോലും കണക്ട് ചെയ്യാനും വിനോദം കണ്ടെത്താനും ആപ്പിൾ ഉപയോക്താക്കളെ സഹായിക്കും.
എന്താണ് മോഷൻ സിക്ക്നെസ്
കാർ, വിമാനം, ബോട്ട് തുടങ്ങി പല യാത്രകളിലും ആളുകൾക്ക് മോഷൻ സിക്നെസ് എന്ന പ്രശ്നം അനുഭവപ്പെടാറുണ്ട്. യാത്രയ്ക്കിടയിൽ നാം കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേട് ആണ് മോഷൻ സിക്നെസ് ഉണ്ടാകാൻ കാരണമായി പറയുന്നത്.
അതായത്, നമ്മുടെ തലച്ചോറിന് കണ്ണുകൾ, ചെവി, ശരീരം എന്നിവയിലേക്കുള്ള സംവേദനങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതിൽ ഉണ്ടാകുന്ന ആശയകുഴപ്പമാണ് മോഷൻ സിക്നസിലേക്ക് നയിക്കുന്നത്.
യാത്രകളിൽ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രധാനപ്പെട്ട അഞ്ച് സ്റ്റിമുലെകളും ഉണ്ടാക്കുന്ന സെൻസേഷൻ ക്ലാഷുകളാണ് മോഷൻ സിക്നെസ് എന്ന അവസ്ഥയിലേക്ക് ആളുകളെ എത്തിക്കുന്നത്.
വാഹനത്തിലിരിക്കുമ്പോൾ, നമ്മുടെ കണ്ണുകൾ ചലനം മനസ്സിലാക്കുന്നു. എന്നാൽ ഉൾ ചെവിയുടെ വെസ്റ്റിബുലാർ സിസ്റ്റം വ്യത്യസ്തമായ ചലനം കണ്ടെത്തുകയോ ചലനം കണ്ടെത്താതിരിക്കുകയോ ചെയ്യാം.
ഇത് തലച്ചോറിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും കൂടാതെ യാത്രയ്ക്കിടയിൽ നാം ഒരു പുസ്തകം വായിക്കുകയോ ഫോണിലേക്ക് നോക്കുകയോ ചെയ്യുകയാണെങ്കിൽ, അകത്തെ ചെവി ചലനം മനസ്സിലാക്കുന്നു, എന്നാൽ വിഷ്വൽ സിസ്റ്റം ഒരു സ്റ്റാറ്റിക് വ്യൂ കാണുന്നു. ഇതും ആശയക്കുഴപ്പത്തിലേക്ക് നയിക്കും. സെൻസറി സിസ്റ്റങ്ങളിലെ ഇത്തരം പൊരുത്തക്കേടുകളാണ് മോഷൻ സിക്നെസിലേക്കെത്തിക്കുന്നത്.
ലക്ഷണങ്ങൾ
ഓക്കാനം, ഛർദ്ദി, വിയർപ്പ്, തളർച്ച, തലവേദന, മയക്കം, വിശപ്പില്ലായ്മ, ഉമിനീർ വർധിക്കൽ തുടങ്ങി മോഷൻ സിക്നെസിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.